ഗുരുതരമായ സുരക്ഷാവീഴ്ച
Monday, January 10, 2022 1:49 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കഴിഞ്ഞയാഴ്ച പഞ്ചാബിലെ ഫിറോസ്പുരിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പോയപ്പോൾ സുരക്ഷാ ചുമതലയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സൂചിപ്പിക്കുന്നത് മുഴുവൻ സംവിധാനവും പഠിച്ച് പഴുതുകളടച്ചുള്ള ഒരു പുതിയ സുരക്ഷാസംവിധാനം സൃഷ്ടിക്കേണ്ടതുണ്ടെന്നാണ്.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിനുസമീപം ഒരു കൂട്ടം കർഷകർ റോഡ് തടഞ്ഞതിനാൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ലൈ ഓവറിൽ കുടുങ്ങി. നരേന്ദ്ര മോദിയുടെ നയങ്ങളോട് ഒരാൾക്ക് വിയോജിപ്പുണ്ടാകാം, എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷയെന്നത് മുഴുവൻ രാജ്യത്തിനും ഉത്കണ്ഠയുള്ള കാര്യമാണ്. സുരക്ഷാ വീഴ്ചകൾ കാരണം ഒരു പ്രധാനമന്ത്രിയെയും ഒരു മുൻപ്രധാനമന്ത്രിയെയും നഷ്ടപ്പെട്ട രാജ്യത്തിന്, പ്രധാനമന്ത്രിയുടെ സുരക്ഷയെന്നത് അതീവപ്രാധാന്യമുള്ള കാര്യമാണ്.
പാക് അതിർത്തിക്കടുത്ത്
വ്യോമദൂരം കണക്കിലെടുത്താൽ ഇന്ത്യ-പാക്കിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് ഏകദേശം 14-15 കിലോമീറ്റർ അകലെയാണ് അദ്ദേഹം കുടുങ്ങിയ പാലം സ്ഥിതിചെയ്യുന്നത്. കരവഴിയും ജലമാർഗവും (സത്ലജ് നദി) മയക്കുമരുന്ന്, ആയുധങ്ങൾ, വെടിമരുന്ന് എന്നിവയുടെ കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള പ്രദേശവുമാണ്. ഡ്രോണുകൾപോലെയുള്ള വ്യോമ ഉപകരണങ്ങൾ ഈ സുരക്ഷാ വീഴ്ചയുടെ ഗുരുതരമായ അപകടസാധ്യതകളെ സൂചിപ്പിക്കുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാർ അതിർത്തിക്കപ്പുറത്തുനിന്ന് അനധികൃതമായി ചെറിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും മറ്റും ഈയിടെയായി ഡ്രോൺ വഴിയും കടത്തുന്നുണ്ട്. 2021 ഡിസംബർ 17 ന് പാക്കിസ്ഥാനിൽനിന്നുള്ള ഒരു ഡ്രോൺ ഫിറോസ്പൂരിനടുത്തുള്ള തരൺ തരൺ ജില്ലയിൽ വീണു. കഴിഞ്ഞ വർഷം പാകിസ്ഥാൻ പ്രദേശത്തുനിന്ന് ഡ്രോൺ ഉപയോഗിച്ചുള്ള 59 നീക്കങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും ഇടുന്നതു റിപ്പോർട്ട് ചെയ്യപ്പെട്ടു.
സ്വാഭാവികമായും, വിവിഐപികളുടെ സന്ദർശന വേളയിൽ പാക് ഏജൻസികൾ അവരുടെ പദ്ധതികൾ നടപ്പാക്കാൻ ഉപയോഗിക്കാനിടയുള്ള അതിർത്തിപ്രദേശത്ത് ഇവയെല്ലാം സുരക്ഷാ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇന്ത്യൻ ഏജൻസികളുടെ വിലയിരുത്തലനുസരിച്ച്, നരേന്ദ്രമോദിയെ സംബന്ധിച്ച ഭീഷണിസാധ്യതയിൽ പാക്കിസ്ഥാനിൽ നിന്നുള്ള വിവിധ ആക്ടിവിസ്റ്റുകളും സംഘടനകളും അതുപോലെ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധിപ്പേരും ഉൾപ്പെടുന്നു.
2021ൽ, സെപ്റ്റംബർ അഞ്ചിനു ഫിറോസ്പൂരിലെ നമക് മാണ്ഡിയിൽ നടന്ന സ്ഫോടനം, സെപ്തംബർ 15ന് ഫിറോസ്പൂരിനോട് ചേർന്നുള്ള ഫസിൽക്കയിലെ ജലാലാബാദിൽ ബൈക്കിലുണ്ടായ സ്ഫോടനം, നവംബർ മൂന്നിന് ഫിറോസ്പുർ ജില്ലയിലെ സയ്ദ് കെ ഗ്രാമത്തിൽനിന്ന് ടിഫിൻ ബോംബ് കണ്ടെടുത്തത് എന്നിങ്ങനെയുള്ള സംഭവങ്ങൾ ഫിറോസ്പൂർ പ്രദേശത്ത് ഇന്ത്യ-പാക് അതിർത്തിയിലൂടെ സ്ഫോടകവസ്തുക്കൾ കടത്തുന്നതിൽ പാക്കിസ്ഥാൻ കള്ളക്കടത്തുകാർക്കുള്ള പങ്കാളിത്തത്തിന്റെ സൂചനകളാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് സുരക്ഷാവിഷയങ്ങളിലേക്കാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രയോഗം കടമെടുത്തുപറഞ്ഞാൽ "അംഗീകരിക്കാനാവാത്ത വീഴ്ച' യുടെ ഉത്തരവാദിത്വത്തിൽനിന്നു രക്ഷപ്പെടാൻ നിർഭാഗ്യവശാൽ, സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ, ഇപ്പോൾ ഇന്ത്യക്കാർക്ക് പരിചിതമായതുപോലെ, ഭരണമുന്നണിയും പ്രതിപക്ഷവും പരസ്പരമുള്ള പഴിചാരൽ തുടങ്ങി.
കേന്ദ്രസർക്കാർ ഏജൻസികൾ വ്യക്തമായി പഞ്ചാബ് സർക്കാരിനെ കുറ്റപ്പെടുത്തുമ്പോൾ, പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിയുടെ സുരക്ഷാ പരാജയം, നരേന്ദ്ര മോദിയെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട കേന്ദ്രസർക്കാർ ഏജൻസികളുടെ ചുമലിൽ വച്ചു. ഇക്കൊല്ലം ആദ്യപാദത്തിൽ നടക്കാനിരിക്കുന്ന, പഞ്ചാബ് ഉൾപ്പെടെ അഞ്ച് സംസ്ഥാന അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ടാണ് രണ്ടു രാഷ്്ട്രീയ ചേരികളും ഇത്തരം കുറ്റപ്പെടുത്തലുകളിൽ മുഴുകിയത്. സംഭവത്തിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തരവാദിത്വം ഇരുകൂട്ടർക്കും
നിഷ്പക്ഷമായ ഒരു അഥോറിറ്റിയുടെ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ കഴിയൂവെങ്കിലും, പ്രാഥമിക വിവരങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് രണ്ട് അധികാരകേന്ദ്രങ്ങളും ഉത്തരവാദിത്വം പങ്കിടേണ്ടിവരും എന്നാണ്. ഇത്തരം അവസരങ്ങളിൽ പ്രധാനമന്ത്രി ഹെലികോപ്റ്ററുകളിൽ മാത്രമേ യോഗസ്ഥലങ്ങളിൽ എത്താറുള്ളൂ എന്നതാണ് ഒരു പ്രധാന വസ്തുത.
കഴിഞ്ഞയാഴ്ച, ജനുവരി അഞ്ചിന് ഭട്ടിൻഡയിലെ ഭിസിയാന എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ ഫിറോസ്പുരിനടുത്തുള്ള ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ, കനത്ത മഴയും കാഴ്ചക്കുറവും കാരണം ഹെലികോപ്റ്ററിനു പറന്നുയരാനായില്ല. 20 മിനിറ്റോളം മോദി കാത്തിരുന്നിട്ടും കാലാവസ്ഥ മെച്ചപ്പെട്ടില്ല. തുടർന്നു റോഡ് മാർഗം വേദിയിലേക്ക് പോകാൻ തീരുമാനിച്ചു.
സാധാരണഗതിയിൽ ഒരു പ്രധാനമന്ത്രി റോഡ് മാർഗം 100 കിലോമീറ്റർ സഞ്ചരിക്കാറില്ല. പഞ്ചാബിൽ എല്ലാ ജില്ലകളിലും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ അപകടസാധ്യത അവഗണിച്ചും പോകാൻ തീരുമാനിച്ചു.
സുരക്ഷാ നടപടികൾ പൂർണമാണെന്നും അപകടസാധ്യത ഇല്ലെന്നുമുള്ള ധാരണയിൽ ഒരുപക്ഷേ അപകടസാധ്യതയെ അവഗണിച്ച് ഒരു തീരുമാനമെടുത്തതുമാകാം. സാധാരണഗതിയിൽ ഇത്തരം ഭീഷണിസാധ്യതകൾക്കു വഴങ്ങി മടങ്ങിപ്പോകാറില്ലാത്തതിനാൽ നരേന്ദ്രമോദി യോഗത്തെ അഭിസംബോധന ചെയ്യാൻ ആഗ്രഹിച്ചിരിക്കാം. പതിവില്ലാത്തതും അംഗീകൃതമല്ലാത്തതുമായ രീതിയിൽ റോഡിലൂടെ യാത്രതുടരാമെന്ന് അന്തിമതീരുമാനം എടുത്തത് ആരാണെന്നും അർക്കുമറിയില്ല.
പഞ്ചാബ് പോലീസ്
മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം പ്രധാനമന്ത്രി ഹെലികോപ്റ്ററിലല്ല റോഡ് മാർഗമാണ് സഞ്ചരിക്കുകയെന്ന് എസ്പിജി അറിയിച്ചിട്ടും ഭട്ടിൻഡ വിമാനത്താവളത്തിൽ നിന്ന് ഫിറോസ്പുരിലേക്കുള്ള 113 കിലോമീറ്റർ യാത്രയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ പഞ്ചാബ് പോലീസ് പരാജയപ്പെട്ടു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും ദൂരം സുരക്ഷയൊരുക്കാൻ തങ്ങൾക്കു പരിമിതിയുണ്ടെന്നു എസ്പിജിയെ അറിയിച്ചിട്ടുമില്ല.
റോഡ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി, പ്രതിഷേധക്കാരോട് മാറാൻ ആവശ്യപ്പെടുന്നതിനിടെ, പ്രധാനമന്ത്രി സ്ഥലത്ത് എത്തുന്നതിനാൽ സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ട്, പഞ്ചാബ് പോലീസ് മണ്ടത്തരം കാണിക്കുകയും ചെയ്തു. കർഷകർ അവിടെത്തെന്നെ ചുറ്റിപ്പറ്റി നില്ക്കാൻ ഇത് ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിമാരുടെ യാത്രാ പദ്ധതികൾ പ്രതിഷേധക്കാരോട് പോലീസ് വെളിപ്പെടുത്തുന്നത് സാധാരണമല്ല.
പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും, വേദി ഇന്ത്യ-പാക് അതിർത്തിക്കടുത്തായതിനാൽ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് അനായാസം നീങ്ങാൻ സാധിക്കുംവിധം ജനക്കൂട്ടത്തെ സുരക്ഷിതമായ അകലത്തിൽ മാറ്റിനിർത്താൻ പഞ്ചാബ് പോലീസ് പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. കാരണം, അക്രമികൾക്ക് സാഹചര്യം ദുരുപയോഗിച്ച് പ്രധാനമന്ത്രിയെ ആക്രമിക്കാൻ കഴിയുമായിരുന്നു.
എസ്പിജി
ചുറ്റുപാടുമുള്ള പ്രതിഷേധങ്ങളെക്കുറിച്ചും റോഡിലൂടെ ഇത്രയും ദൂരം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്പോഴുള്ള അപകടസാധ്യതയെക്കുറിച്ചും അറിഞ്ഞപ്പോൾ റോഡ് മാർഗം പോകരുതെന്ന് എസ്പിജി അവരുടെ ഭാഗത്തുനിന്ന് ഉപദേശിക്കണമായിരുന്നു. ഇത്രയും ദീർഘദൂര പാതയിൽ സുരക്ഷ നൽകുന്നതിൽ സംസ്ഥാനപോലീസിന് ഉണ്ടാകാവുന്ന പ്രശ്നങ്ങളും എസ്പിജി മനസിലാക്കേണ്ടതാണ്.
ഇത് വ്യക്തമായിക്കഴിഞ്ഞപ്പോൾ, ഇരുപത് മിനിറ്റോ മറ്റോ അവിടെത്തന്നെ ക്യാമ്പ് ചെയ്യുന്നതിനുപകരം വിമാനത്താവളത്തിലേക്ക് മടങ്ങാൻ എസ്പിജി ഉപദേശിക്കേണ്ടതായിരുന്നു. പ്രതിഷേധക്കാരുടെ സാമീപ്യത്തിൽ അവിടെത്തെന്ന കാത്തുനിന്നത് സുരക്ഷാ വീഴ്ചയായിട്ടാണു പലരും കാണുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ പരാജയപ്പെട്ടെന്നും സുരക്ഷാ ഏജൻസികളുടെ ഫോൺവിളികളോടു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ലെന്നും ബിജെപി ആരോപിച്ചു. മറുവശത്ത്, പ്രധാനമന്ത്രി വേദിയിലേക്ക് പോകാത്തത് ജനക്കൂട്ടം കുറവായതിനാലും അവിടെ പ്രതീക്ഷയനുസരിച്ച് ഒരു ലക്ഷം പേർ ഇല്ലാതിരുന്നതുകൊണ്ടുമാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
ഇതൊക്കെ സംഭവത്തിനു ശേഷമുള്ള ന്യായീകരണങ്ങളാണ്. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ കണ്ടെത്തുകയാണ് വേണ്ടത്. ജനാധിപത്യ ക്രമങ്ങളിൽ വിശ്വസിക്കാത്ത നിരവധി എതിരാളികൾ ഉള്ളപ്പോൾ പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുക എന്നത് നേതാക്കൾക്ക് എളുപ്പമല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അൻപതുകളുടെ മധ്യത്തിൽ അന്നത്തെ സോവിയറ്റ് യൂണിയന്റെ നേതാവായ മുതിർന്ന കമ്യൂണിസ്റ്റ് നികിത ക്രൂഷ്ചേവിന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ, തിരക്കേറിയ സ്ഥലത്ത്, ജിജ്ഞാസയോടെ ഇരന്പിയെത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിനും സുരക്ഷാഏജൻസികൾക്കും കഴിയാതെ വന്ന സംഭവം ഓർമപ്പെടുത്തട്ടെ.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കാറിൽ നിന്നിറങ്ങി ജനക്കൂട്ടത്തോട് അച്ചടക്കത്തോടെ പെരുമാറാൻ ആവശ്യപ്പടുകയും ജനക്കൂട്ടം ഉടൻ തന്നെ അതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഇന്ന് ഒരു നേതാവിൽനിന്നും ഇത്തരമൊരു നടപടിയെക്കുറിച്ചു നമുക്കു ചിന്തിക്കാനാവില്ല. ഒരുപക്ഷേ അങ്ങനെ ചെയ്ത ഒരേയൊരു നേതാവ്, മുഖ്യമന്ത്രിയായിരുന്ന അവസാനവർഷത്തിൽ ജനങ്ങളുടെ പരാതി കേൾക്കാൻ ആർക്കും പ്രവേശനം നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാതെ ജനസന്പർക്കപരിപാടികൾ നടത്തിയ ഉമ്മൻ ചാണ്ടിയായിരിക്കും.
ഭീഷണിയുടെ ഭീകരാവസ്ഥ
നരേന്ദ്ര മോദിക്കെതിരേയുള്ള ഭീഷണി സാധ്യതകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ ഉത്കണ്ഠാജനകമായ ഒരു പട്ടികയാണ് അവതരിപ്പിക്കുന്നതെന്ന് നാമെല്ലാവരും തിരിച്ചറിയണം. ഇന്ത്യൻ മുജാഹിദീൻ [IM], എക്സ് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ [Ex-SIM], കാഷ്മീർ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ തൊയ്ബ [LeT], ജെയ്ഷെ മുഹമ്മദ് [JeM], ഹർകത്ത്-ഉൽ-മുജാഹിദീൻ [HuM], ഹർകത്ത് ഉൾ-ജിഹാദ് ഇ-ഇസ്ലാമി [HuJI], തെഹ്രിക്-ഇ-താലിബാൻ [TTP], ഹിസ്ബുൽ-മുജാഹിദീൻ[HM] എന്നിവയിൽനിന്നും മറ്റ് പാക് ആസ്ഥാനമായുള്ള സിക്ക് തീവ്രവാദികളിൽനിന്നും മോദി കടുത്ത ഭീഷണി നേരിടുന്നതായി കേന്ദ്ര ഏജൻസികൾ പറയുന്നു.
ഇതുകൂടാതെ, ഇടതുപക്ഷ തീവ്രവാദികളിൽ നിന്നും [LWE] എൽടിടിഇ കേഡർമാരുടെയും അവരുടെ സഹകാരികളുടെയും അവശേഷിക്കുന്ന വിഭാഗത്തിൽനിന്നും അദ്ദേഹം ഭീഷണി നേരിടുന്നു.
ലഭ്യമായ വിവരങ്ങളനുസരിച്ച്, പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദി നേതാക്കളായ വാധവ സിംഗ് ബബ്ബാർ[BKI], പരംജിത് സിംഗ് പഞ്ചവാർ [KCF/P], രഞ്ജിത് സിംഗ് നീത[KZF], ലഖ്ബീർ സിംഗ് റോഡെ [ISYF/R] എന്നിവർ പഞ്ചാബിൽ തീവ്രവാദം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് വേളയിൽ വിവിഐപികളെ ലക്ഷ്യമിട്ട് ആർഡിഎക്സ് ഉൾപ്പെടെ തീവ്രവാദത്തിനുള്ള വെടിക്കോപ്പുകൾ അയച്ച് ഇന്ത്യയിൽ പ്രത്യേകിച്ച് പഞ്ചാബിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. മേൽപ്പറഞ്ഞ പട്ടികയെക്കുറിച്ച് ആർക്കും ഉറപ്പില്ല. സംശയത്തിന്റെയും സ്ഥിരീകരിക്കാത്ത വിവരങ്ങളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയോടെ സംഘടനകളുടെ പേരുകൾ രേഖപ്പെടുത്തുന്നതാണ്.
എന്നിരുന്നാലും, പ്രധാനമന്ത്രി പ്രവർത്തനപരവും സ്ഥാനപരവുമായ ഉയർന്ന ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. എല്ലാ ഭീഷണി സാധ്യതകളെയും നേരിടാൻ കഴിയുന്ന ഒരു സജ്ജീകരണം ആവശ്യമാണ്. നിലവിലുള്ളത് പര്യാപ്തമല്ലെന്നു വ്യക്തം.
ജനുവരി അഞ്ചിന് പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വന്ന വീഴ്ച വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് വിഷയമാക്കരുത്. ഇത് അതിനേക്കാളൊക്കെ വളരെ ഗൗരവമുള്ള വിഷയമാണ്. പ്രധാനമന്ത്രി ഏതെങ്കിലും പാർട്ടിയുടേതല്ല, രാഷ്ട്രത്തിന്റേതാണെന്നതിനാൽ അദ്ദേഹത്തിനു മികച്ച സുരക്ഷ നൽകാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം.
………..
വാൽക്കഷണം:
സംസ്ഥാന സർക്കാരുകൾ ദേശീയ നേതാക്കളുടെ സന്ദർശനത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ രാഷ്്ട്രപതിയുടെ സമീപകാല കേരള സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സംസ്ഥാനത്തിനു നാണക്കേടാണ്: തിരുവനന്തപുരത്തിന്റെ പ്രഥമ പൗരൻ, കേരളത്തിന്റെ തലസ്ഥാനത്ത് ഇന്ത്യയുടെ പ്രഥമ പൗരന്റെ വാഹനവ്യൂഹത്തിലേക്ക് തള്ളിക്കയറിയത് ഒരു ഉദാഹരണമാണ്. കൂടാതെ, പ്രഥമപൗരൻ പങ്കെടുത്ത ചടങ്ങിന്റെ വേദിക്ക് സമീപമുള്ള താൽക്കാലിക ശുചിമുറിയിലെ പൈപ്പിൽ വെള്ളമില്ലാതിരിക്കുക, ഒരു ബക്കറ്റ് വെള്ളം എത്തിക്കുന്നതുവരെ പ്രഥമപൗരൻ കാത്തിരിക്കുക, വെള്ളം എത്തിച്ചപ്പോൾ മഗ്ഗ് ഇല്ലാതെപോകുക! നേതാവിനും നമ്മുടെ സംസ്ഥാനത്തിനും ഇതിൽപ്പരം നാണക്കേട് വേറെയുണ്ടോ?!