Friday, January 13, 2023 1:41 AM IST
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പശ്ചിമബംഗാളിൽ ഗവർണറായിരിക്കെ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം പോരിലായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. പുതിയ ഗവർണർ മലയാളിയായ ഡോ. സി.വി. ആനന്ദബോസ് മുഖ്യമന്ത്രി മമതയുമായി വളരെ അടുപ്പത്തിലാണ്. പേരെടുത്ത ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസിന്റെ വേറിട്ട കാഴ്ചപ്പാടുകളും ആശയങ്ങളുമാണ് മുഖ്യമായും അതിനു വഴിയൊരുക്കിയത്. വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ബംഗാളിൽ അദ്ദേഹം തുടക്കം മുതലേ കാഴ്ചവയ്ക്കുന്നത്. അതേക്കുറിച്ചെല്ലാം അദ്ദേഹം ദീപിക സന്ദർശനവേളയിൽ വിശദമാക്കി.
ഭരണത്തിന്റെ നെടുംതൂണുകൾ
മുഖ്യമന്ത്രിയും ഗവർണറും ഭരണത്തിന്റെ നെടുംതൂണുകളാണ്. ഭരണഘടനയിൽ ഗവർണറെ നിയമിക്കുന്നതു സംബന്ധിച്ച് ചർച്ച വന്നു. ഒന്ന്, ഗവർണറെ ജനങ്ങൾ തെരഞ്ഞെടുക്കുക. രണ്ട്, നിയമസഭാ പാനൽ തയാറാക്കി പ്രസിഡന്റിനു നൽകുകയും അതിൽനിന്ന് പ്രസിഡന്റ് ഒരാളെ തെരഞ്ഞെടുക്കുകയും ചെയ്യുക. മൂന്ന് - നോമിനേറ്റ് ചെയ്യുക. തെരഞ്ഞെടുപ്പുനടന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർ തമ്മിലുള്ള ശീതസമരം നടക്കുമെന്നതുകൊണ്ട് ഉപേക്ഷിച്ചു. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിൽ ഒരു മുഖ്യമന്ത്രി മതി. പാനൽ തയാറാക്കിയാൽ രാഷ്ട്രീയം കലർത്തപ്പെടുമെന്നതുകൊണ്ട് വേണ്ടെന്നു വച്ചു. അങ്ങനെയാണ് നോമിനേറ്റഡ് തീരുമാനിച്ചത്.
നോമിനേറ്റഡ് ഗവർണർക്ക് എന്തൊക്കെ ചെയ്യാമെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഭരണഘടനയിൽ ഒരു ആലങ്കാരികപദവി അംബേദ്കർ ഉൾപ്പെടുത്തുമെന്നു ചിന്തിക്കുന്നതു മൗഢ്യമാണ്. അദ്ദേഹത്തിനറിയാം, എന്താണ് ഭരണഘടനയെന്ന്. ഭരണഘടനയിൽ ഗവർണർ എന്തു ചെയ്യണമെന്നു പ്രത്യേകം നിർവചിച്ചിട്ടുണ്ട്. അതിനകത്തു നിന്നു ഗവർണർക്കു പ്രവർത്തിക്കാം. അത് തെരുവിൽ തീരുമാനിക്കേണ്ട വിഷയമല്ല. ഭരണഘടനയിൽ തീരുമാനിക്കേണ്ട കാര്യമാണ്.
ഇതിനുമുന്പും പ്രശ്നമുണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ ജയിച്ചു വന്നവരെ മാറ്റിനിർത്തി മത്സരിക്കാത്തവരെ മുഖ്യമന്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു ശരിയല്ലെന്ന് നെഹ്റു പറഞ്ഞെങ്കിലും ഗവർണറുടെ തീരുമാനം നടപ്പായി. എല്ലാവരും ലക്ഷ്മണ രേഖയ്ക്കുള്ളിൽ നിന്നു പ്രവർത്തിക്കണം. ലക്ഷ്മണരേഖമാറ്റി വരയ്ക്കാൻ ശ്രമിക്കരുത്. ജനാധിപത്യത്തിൽ ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയുമിരിക്കും. ഏതു പ്രശ്നമുണ്ടായാലും അതു പരിഹരിക്കാൻ ഇന്ത്യൻ ജനാധിപത്യത്തിനു കരുത്തുണ്ട്. ഏറ്റുമുട്ടലുകൾ ജനാധിപത്യത്തിന്റെ ശക്തിയാണ്. ചില സംസ്ഥാനങ്ങളിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. അതു പരിഹരിക്കപ്പെടുകതന്നെ ചെയ്യും. ശരിയായ പരിഹാരം കണ്ടുപിടിക്കാൻ എല്ലാവരും ശ്രമിക്കണം. രണ്ടു തരം ആളുകളുണ്ട്. ഒരു കൂട്ടർ പ്രശ്നത്തിനു പരിഹാരം കണ്ടുപിടിക്കും. മറ്റൊരു കൂട്ടർ പരിഹാരത്തിന് പ്രശ്നം കണ്ടുപിടിക്കും. ഇതാണ് പ്രശ്നം.
പേരിനൊപ്പമുളള ബോസ് ബംഗാളിൽ
എന്നെ പഠിപ്പിച്ച കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്, ദൈവത്തിനൊരു പ്ലാനുണ്ട്. ദൈവത്തിനൊരു പദ്ധതി എന്നക്കുറിച്ചുണ്ടെന്ന് ഞാനറിയുന്നു. എന്റെ അച്ഛനാണ് ബോസ് എന്നു പേരിട്ടത്. ഗാന്ധിജിയെ ഇഷ്ടമായിരുന്നുവെങ്കിലും നേതാജി ബോസായിരുന്നു അച്ഛന്റെയും അന്നത്തെ ചെറുപ്പക്കാരുടെയും ഹീറോ. അതുകൊണ്ട് ഞങ്ങൾ മക്കൾക്കെല്ലാം ബോസ് ചേർത്താണ് പേരു നല്കിയത്. ഇപ്പോൾ ആലോചിക്കുന്പോൾ ചുരുങ്ങിയ സമയംകൊണ്ട് ബംഗാളിൽ ഒരു ബന്ധമുണ്ടാക്കിയിട്ടുണ്ട്. ചില സമയങ്ങളിൽ നമ്മൾ കാണാത്ത തലങ്ങളിലേക്ക് ഇതിന്റെ അർഥം കടന്നുപോകുന്നുണ്ട്. ബാഗാളിയാണോ എന്നു സംശയിക്കുന്നവരുണ്ട്.
ബംഗാളി പഠിച്ചുകൊണ്ടിരിക്കുകയാണ്. എട്ടു വയസുള്ള ഒരു കുട്ടിയാണ് ബംഗാളി അക്ഷരം പഠിപ്പിക്കുന്നത്. പഠിപ്പിക്കാൻ രണ്ടുമൂന്നു കുട്ടികളുണ്ട്. കുട്ടികൾക്ക് ഗുരുദക്ഷിണ നൽകണം. അതിനായി എന്റെ ഒരു മാസത്തെ ശന്പളം ഗുരുദക്ഷിണ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
നാല് അവാർഡുകളാണ് ഗുരുദക്ഷിണയായി പ്രഖ്യാപിക്കുന്നത്. ബ്രില്യന്റ് ചൈൽഡ്. ഒരു കമ്മിറ്റികൂടി തീരുമാനിക്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 75,000, മൂന്നാം സമ്മാനം 50,000 രൂപ, നാലാം സമ്മാനം 25,000 രൂപ, കൂടാതെ പലമേഖലകളിലുള്ള 20 കുട്ടികൾക്കും സമ്മാനം നൽകും. ദീപിക ബാലസഖ്യത്തിന്റെ പ്രവർത്തനങ്ങൾ ബംഗാളിലേക്ക് വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നു.
മദർ തെരേസ
ഗവർണർസ്ഥാനം ഏറ്റെടുത്ത ആദ്യദിനം തന്നെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിനെ വിളിച്ചിരുന്നു. രാജ്ഭവനിൽ അവരെ അതിഥികളായി വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്. എല്ലാ മാസവും ഒരു ദിവസം അനാഥാലയം, വൃദ്ധസദനങ്ങൾ എന്നിവ ദത്തെടുത്ത് അവരോടൊപ്പം ഭക്ഷണം കഴിച്ചു ചെലവഴിക്കും. കൂടാതെ, ബംഗാളിന്റെ സമഗ്ര വികസനത്തിനായി പദ്ധതി തയാറാക്കുന്നു. അത് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സംസാരിച്ചു. അവർ തീരുമാനിക്കും.
മമത ബാനർജി എന്ന നേതാവ്
മമത ബാനർജി എന്ന മുഖ്യമന്ത്രിയുമായിട്ടാണ് എന്റെ ബന്ധം. രാഷ്ട്രീയ നേതാവ് എന്റെ പരിധിയിലില്ല. മമത എന്ന വ്യക്തിയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. ഇതിൽ രാഷ്ട്രീയം പറയാനില്ല.
ഘർ വാപ്പസി
ഞാൻ വളർന്നത് ദീപിക ബാലസഖ്യത്തിലൂടെയാണ്. ദീപികയിലേക്ക് വരുക എന്നത് ഒരു ഘർ വാപ്പസിയാണ്. മാന്നാനത്ത് ചാവറയച്ചൻ ആശ്രമം തുടങ്ങിയപ്പോൾ ചാവറയച്ചന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്റെ വല്യപ്പൂപ്പനായിരുന്നു. അപ്പോൾ ചാവറയച്ചൻ സഞ്ചരിച്ച പാതയിലൂടെ സഞ്ചരിക്കാൻ എനിക്കും സാധിച്ചു. അദേഹം ശ്വസിച്ച വായു, ഒരു പുണ്യവാൻ ശ്വസിച്ച വായു ശ്വസിക്കാൻ എനിക്കും സാധിച്ചു. ഇത് അത്യപൂർവമായ സൗഹൃദമാണ്.
രാജ്ഭവനിൽ ചാവറയച്ചന് സ്മാരകം
ബംഗാളിലെ മുഖ്യമന്ത്രിയുമായുളള മമത അങ്ങോട്ടും ഇങ്ങോട്ടുമുണ്ട്. ചാവറയച്ചന്റെ കൈയൊപ്പാണ് ഈ രമ്യതയ്ക്കു പിന്നിൽ. ദൈവത്തിന്റെകൈയൊപ്പുള്ളതുകൊണ്ടാണ് എനിക്ക് അവിടെ എല്ലാം ചെയ്യാൻ സാധിക്കുന്നത്. കോൽക്കത്തയിലെ രാജ്ഭവനിൽ എന്നെ ഞാനാക്കിയ ചാവറയച്ചന് ഒരു സ്മാരകമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു. അവിടത്തെ 17 ഏക്കറിൽ ഒരേക്കർ പ്രിയോർ മാവ് (ചാവറമാവ്) നടാൻ തീരുമാനിച്ചിരിക്കുകയാണ്. മാത്രവുമല്ല, പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റു വിശിഷ്ട വ്യക്തികളും അവിടെയെത്തുന്പോൾ ചാവറമാവ് അവരെകൊണ്ട് നടുവിക്കും. പ്രിയോർ മാവുകളാൽ തോട്ടം നിറയുന്പോൾ തോട്ടത്തിന് മാന്നാനം എന്നു പേരും നൽകും.
ഡിസിഎൽ
ബൈബിളിലെ വിധവയുടെ ചില്ലിക്കാശുപോലെയും രാമായണത്തിലെ അണ്ണാറക്കണ്ണനെപ്പോലെയും ചെറിയ കാര്യങ്ങളേ എനിക്കു ചെയ്യാൻ പറ്റൂ. ചെറിയ മനുഷ്യരുടെ വലിയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാനാണ് എനിക്കു താത്പര്യം. എന്നെ ഇങ്ങനെ ചിന്തിക്കാൻ പഠിപ്പിച്ചത് ദീപിക ബാലസഖ്യമാണ്. എന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചതും ദീപിക ബാലസഖ്യമാണ്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ഏതു സാഹചര്യത്തിലും ആശയം എന്റെ മനസിൽ വരും. അല്ലാതെ, ഞാൻ ആശയങ്ങളുടെ തന്പുരാനല്ല; തമ്പുരാൻ ആശയങ്ങൾ നൽകുകയാണ്.
സർക്കാരിന്റെ ‘ഓണത്തിനൊരു മുറം നെല്ല്’ പദ്ധതി എന്റെ 15-ാമത്തെ വയസിൽ ദീപിക ബാലസഖ്യത്തിലൂടെ നടപ്പാക്കാൻ എനിക്കു സാധിച്ചു. മാഞ്ഞൂസച്ചനാണ് ഇതിന് എന്നെ സഹായിച്ചത്. എസ്ബി കോളജിൽ ഡിസിഎൽ ക്യാന്പ് നടക്കുന്പോൾ അനൗണ്സ് ചെയ്തു പഠിച്ചാണ് ഞാൻ ഒരു അവതാരകനാകുന്നത്. ഡിസിഎല്ലി`ന്റെ റാലികൾ നഗരത്തിൽ നടത്തും. അച്ചൻ മാറിനിൽക്കും. കുട്ടികളെയാണ് മുന്നിൽ നിർത്തുന്നത്. അങ്ങനെ അച്ചനാണ് എന്നെ മുൻനിരയിലേക്കു നയിച്ചത്.
ജനാധിപത്യത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് ജനങ്ങളെ അഭിമുഖീകരിക്കാൻ അവകാശം. ഏതെങ്കിലും നല്ല കാര്യം നാട്ടിൽ ഉണ്ടായാൽ അതിന്റെ ക്രെഡിറ്റും അവർക്കാണ്. പിന്നിൽ നിന്നു ഭരിക്കേണ്ടവരാണ് ഗവർണർമാർ. ഭരിക്കാതിരിക്കരുത്. അതു പിന്നിൽ നിന്നാകണം. ദീപിക ബാലസഖ്യവും മാന്നാനം ആശ്രമത്തിലെ വൈദികരുമാണ് എനിക്ക് ഈ ചിന്തകളും ജനാധിപത്യബോധവും പകർന്നുതന്നത്. സ്നേഹവും വാത്സല്യവും എന്നെ പഠിപ്പിച്ചതും ഇവരാണ്. എനിക്കു നന്ദി പറയാനുള്ളത് ചാവറയച്ചനോടും ദീപികയോടുമാണ്. പിന്നിൽ നിന്നു പ്രവർത്തിക്കാനുള്ള എന്റെ വൈദഗ്ധ്യമാണ് എന്നെ ഗവർണർസ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണമായതെന്ന് എനിക്കു തോന്നുന്നു. നന്ദി ഞാൻ ചൊല്ലേണ്ടത് ചാവറയച്ചനോടും ദീപികയോടുമാണ്.
ദൈവവിശ്വാസം
ഗൗരവമായ കാര്യം ലളിതമായി പറയാൻ പഠിപ്പിച്ചത് അച്ചന്മാരാണ്. പണ്ടൊക്കെ എന്നോടു പലരും ചോദിച്ചിട്ടുണ്ട്, ഐഎഎസ് എങ്ങനെ കിട്ടിയെന്ന്. കഠിനാധ്വാനം എന്നൊക്കെ പറയാമെങ്കിലും ഏതു പരീക്ഷയും പാസാകാൻ ഒറ്റക്കാര്യമേയുള്ളൂ. ദൈവവിശ്വാസം. ദൈവവിശ്വാസമുണ്ടെങ്കിൽ എല്ലാക്കാര്യവും നടക്കും. മുൻകൂട്ടി കാണാനും മുൻകരുതൽ എടുക്കാനും ഒരു അധികാരിക്കു കഴിയണം എന്ന പാഠം എന്നെ പഠിപ്പിച്ചത് വിശുദ്ധ ബൈബിളാണ്. ദൈവത്തിനു നന്ദി പറയുന്നു.