Tuesday, January 17, 2023 10:04 PM IST
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷിവകുപ്പും കൃഷിയുടെ ഉന്നമനത്തിനായി അനേകം പദ്ധതികൾ ആവിഷ്കരിക്കുകയും കോടാനുകോടി രൂപ പദ്ധതികൾക്കായി ചെലവിടുകയും ചെയ്യുന്നു. എങ്കിലും കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദന വളർച്ച 2019-20 ൽ പൂജ്യമാണ്. മാതാപിതാക്കൾ തങ്ങളുടെ മക്കൾ കർഷകരാകണം എന്നു ചിന്തിക്കുന്നില്ല. കാർഷികവൃത്തി വരുമാനമാർഗമായിട്ടുള്ള യുവാക്കളെ വിവാഹം കഴിക്കാൻ വിദ്യാസന്പന്നരായ യുവതികൾ വിസമ്മതിക്കുന്നു. കർഷകനാകുക എന്നതാണ് എന്റെ ജീവിതത്തിലെ അഭിലാഷം എന്നു പറയുന്നവരുടെ എണ്ണം ഇല്ലാതാകുന്നു. കർഷകരുടെ കടക്കെണിയെക്കുറിച്ചും കർഷക ആത്മഹത്യയെക്കുറിച്ചും വാർത്തകൾ പ്രത്യക്ഷപ്പെടുന്നു. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിത്തറയായ കാർഷിക സംസ്കാരത്തിനു കേരളത്തിൽ എങ്ങനെയാണ് വിലയില്ലാതായത്?
കേരളത്തിലെ കാർഷിക വ്യവസ്ഥ
കേരളത്തിലെ ഭൂമിയെ പൊതുവായി ഇടനാട്, മലനാട്, തീരപ്രദേശം എന്നീ മൂന്നു ഭാഗങ്ങളായി തരംതിരിക്കുന്നു. ഇതിൽ മലനാട്ടിലും തീരപ്രദേശത്തും കൃഷിചെയ്യണമെങ്കിൽ മൂലധനനിക്ഷേപം കൂടുതലാണ്. മാത്രമല്ല, വിളനാശ സാധ്യതയും ജീവഹാനി സാധ്യതയും കൂടുതലാണ്. ഇടനാട്ടിൽ കൃഷി ചെയ്യാൻ അധികം മൂലധനം ആവശ്യമില്ല. കേരളത്തിലെ രാജാക്കന്മാരും ജന്മിമാരും ഇടനാട്ടിലെ ഭൂമിയിലാണ് കൃഷി ചെയ്തിരുന്നത്. ഭൂമിയുടെ അവകാശം മലനാട്ടിൽ ആദിവാസികളുടേതാണെന്നു പറയുന്നതു പുസ്തകങ്ങളിൽ മാത്രമാണ്.
ലോകത്തെന്പാടുമെന്നപോലെ കേരളത്തിലും രാജാക്കന്മാരും അവരുടെ കങ്കാണികളായ ജന്മിമാരുമായിരുന്നു ഭൂമിയുടെ ഉടമസ്ഥർ, അത് കാടായാലും നാടായാലും. ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മാവകാശമായി നൽകാൻ ആരംഭിച്ചപ്പോൾ മാത്രമാണ് കേരളത്തിലും കൃഷി വികസിക്കാൻ ആരംഭിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ദിവാനായിരുന്ന രാജാ കേശവദാസൻ (1754-1799) ആലപ്പുഴയെ വികസിപ്പിച്ച് ഒരു വ്യാപാരകേന്ദ്രമാക്കി മാറ്റുകയും ഭൂമിയിൽ ജന്മാവകാശം നൽകാൻ ആരംഭിക്കുകയും ചെയ്തു. 1865ലെ പട്ടം പ്രഖ്യാപനത്തിലൂടെ കായൽനിലങ്ങൾ കൃഷിഭൂമിയായി പരിവർത്തിപ്പിച്ച് കൃഷി ചെയ്യുന്നവർക്ക് ധനസഹായം വാഗ്ദാനം ചെയ്തു. ഇത്തരം രേഖകൾ ചൂണ്ടിക്കാണിക്കുന്നതു ശാരീരിക അധ്വാനംകൊണ്ടു മാത്രം കായൽനിലങ്ങളെ കൃഷിഭൂമിയാക്കി മാറ്റാൻ കഴിയില്ല എന്നതാണ്.
തൃശൂർ ജില്ലയിലും മലപ്പുറം ജില്ലയിലുമായി വ്യാപിച്ചുകിടക്കുന്ന ‘കോൾപ്പാടം’കായൽനിലമാണ്. കായൽ നിലമെന്നാൽ സമുദ്രനിരപ്പിനു താഴെയുള്ള സ്ഥലം എന്നാണർഥം. പ്രസ്തുത കായൽ നിലങ്ങളെ കൃഷിചെയ്യാനുള്ള സാധ്യതയിലേക്കു രൂപാന്തരപ്പെടുത്തിയെടുക്കാൻ കനാലുകൾ നിർമിക്കുകയും അവയെ വൃത്തിയാക്കി നിലനിർത്തുകയും വേണം. ഇതിനാവശ്യമായ പണം നിക്ഷേപിച്ചാൽ വിളവ് കിട്ടുമെന്ന് ഉറപ്പുണ്ടോ? ലാഭമുണ്ടായാൽ എല്ലാവർക്കും ഓഹരി വേണം. നഷ്ടമുണ്ടായാലോ? ലാഭത്തിൽ മാത്രം പങ്കുചേരുന്നവനാണ് ജന്മി. ലാഭത്തിലും നഷ്ടത്തിലും പങ്കുചേരുന്നവനാണ് കർഷകൻ. ലാഭമായാലും നഷ്ടമായാലും തൊഴിലിന് മിനിമം വരുമാനം കിട്ടുന്നവനാണ് കർഷകത്തൊഴിലാളി.
കർഷകൻ ഭൂമിയെ രൂപപ്പെടുത്തുക മാത്രമല്ല ചെയ്തിരുന്നത്. വർഷാവർഷങ്ങളിൽ കനാലുകളും പുഴകളും വൃത്തിയാക്കുകയും അനേകം കുളങ്ങൾ കുഴിച്ച് വെള്ളം ശേഖരിക്കുകയും ചെയ്തിരുന്നു. കാർഷികവൃത്തിയുടെ ഭാഗമായി വളർത്തുമൃഗങ്ങളും അവയിൽനിന്നു ലഭിക്കുന്ന ജൈവവളവും പാൽ ഉത്പന്നങ്ങളും സന്പദ്വ്യവസ്ഥയെയും കൃഷിയെയും സന്പുഷ്ടമാക്കി. എന്നാൽ സ്വാതന്ത്ര്യാനന്തര കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കർഷകനു ലഭിച്ചിരുന്ന ലാഭം മാത്രമാണ് കണ്ടത്.
ജന്മിയെയും യഥാർഥ കർഷകനെയും വേർതിരിച്ചറിയുന്നതിൽ സ്വാതന്ത്ര്യാനന്തര കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായ പരാജയമാണ് ഇന്നത്തെ കാർഷിക പ്രതിസന്ധിയുടെ അടിവേര്. 20-ാം നൂറ്റാണ്ടിലുണ്ടായ ജനസംഖ്യാ വർധനവ് സൃഷ്ടിച്ച ഭക്ഷ്യക്ഷാമമെന്ന താത്കാലിക പ്രതിഭാസം നൽകിയ ലാഭമായിരുന്നു കർഷകന്റേതെന്നു തിരിച്ചറിയാൻ സാന്പത്തിക ശാസ്ത്രജ്ഞന്മാർക്കോ രാഷ്ട്രീയ നേതൃത്വത്തിനോ കഴിഞ്ഞില്ല.
മൺസൂണിന്റെയും പ്രകൃതിയുടെയും കനിവിൽ മാത്രം ലഭിച്ചിരുന്ന കർഷകന്റെ ലാഭത്തിൽ കൂടുതൽ ഓഹരി ലക്ഷ്യംവച്ച് നടത്തിയ കർഷകത്തൊഴിലാളി സമരങ്ങൾ 1965 മുതൽ 1975 വരെ അരങ്ങേറി. മാത്രമല്ല, 1975 ആയപ്പോഴേക്കും ഇന്ത്യയിൽ കൃഷി ഉത്പന്നങ്ങളുടെ ഉത്പാദനത്തിൽ ഗണ്യമായ വർധനവുണ്ടായി. വ്യവസായ ഉത്പന്നങ്ങളെ അപേക്ഷിച്ച് കൃഷി ഉത്പന്നങ്ങളുടെ വില വർധിച്ചില്ല. വിളനാശം, വിലയിടിവ്, തൊഴിലാളി സമരം, പൊതുസമൂഹത്തിന്റെ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്ന കൊള്ളക്കാരൻ എന്ന വിളിയും. ഇതെല്ലാം സഹിക്കുന്നതാണോ അതോ സ്ഥിരം വരുമാനമുളള ഒരു ജോലി നോക്കുന്നതാണോ നല്ലത്? സ്വാഭാവികമായും കേരളീയന്റെ മനസിൽ കൃഷി മരിച്ചു. 1975 മുതൽ കേരളത്തിൽ നെല്ലുത്പാദനം ഗണ്യമായി കുറഞ്ഞു. തീരപ്രദേശത്തുള്ള നെൽക്കർഷകർ അനുഭവിക്കുന്ന അതേപ്രശ്നംതന്നെ മലയോരമേഖലയിലെ കർഷകനും അനുഭവിക്കുന്നു. ജീവിതം മുഴുവൻ നിക്ഷേപിച്ചാലേ ഭൂമിയെ കൃഷിഭൂമിയാക്കാൻ കഴിയുകയുള്ളു. 1965 മുതൽ കൃഷിചെയ്യുന്ന കർഷകനുപോലും ഭൂമിയിൽ സ്വകാര്യസ്വത്തവകാശം നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല.
കൃഷിയും പ്രകൃതിയും
കൃഷി നശിക്കുന്നതോടെ ഇല്ലാതാകുന്നതു കൃഷി മാത്രമല്ല, കുളങ്ങൾ, ചെറിയ തോടുകൾ, ചെറുകനാലുകൾ, കനാലുകളും പുഴകളും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ തോടുകൾ, പുഴകൾ ഇവയിലെല്ലാം അടിഞ്ഞുകൂടുന്ന മണലും എക്കലും മണ്ണും വർഷാവർഷങ്ങളിൽ വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരു മഹാസംവിധാനമായി കാർഷികവൃത്തി. കർഷകൻ എന്ന വംശം ഇല്ലാതാകുന്നതോടെ ചെറുതോടുകളും കുളങ്ങളും അപ്രത്യക്ഷമായി. ഉൾനാടൻ മത്സ്യസന്പത്ത് നശിച്ചു.
ശുദ്ധജലം അപ്രത്യക്ഷമായി. നാടൻ പശുക്കളും പോത്തുകളും കാളകളും ഇല്ലാതായി. കർഷകനുണ്ടായിരുന്നുവെങ്കിൽ പ്രകൃതി സംരക്ഷിക്കപ്പെടുമായിരുന്നു. ഇനിയെങ്കിലും തിരിച്ചറിയൂ... ഉദ്യോഗസ്ഥന്മാർക്കോ മന്ത്രിമാർക്കോ ചിന്തകന്മാർക്കോ സിനിമാനടന്മാർക്കോ അധ്യാപകർക്കോ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയില്ല. കർഷകർക്കു മാത്രമേ കഴിയൂ. അതുകൊണ്ട് കർഷകനെ സംരക്ഷിക്കുകയെന്നതു രാഷ്ട്രത്തിന്റെ മുഖ്യ അജണ്ടയായി മാറട്ടെ.