Friday, January 27, 2023 11:02 PM IST
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർക്കാർ അംഗീകൃത ഇ-മാലിന്യ സംസ്കരണ കേന്ദ്രമാണ് 2004ൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഇ-പരിസര. പീതാംബരൻ പാർഥസാരഥി എന്നയാളാണ് പരിസ്ഥിതിസൗഹൃദ മാർഗങ്ങളിലൂടെ ഇ-മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവ പുനരുപയോഗം ചെയ്യുന്നതിനുമായി ഇ-പരിസര ആരംഭിച്ചത്. പരിസ്ഥിതിക്കു ദോഷകരമായി മാറിയേക്കാവുന്നതും അശ്രദ്ധമായി വലിച്ചെറിയുന്നതുമായ ഇലക്ട്രോണിക് മാലിന്യങ്ങൾ ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു. ശാസ്ത്രീയമായി മാലിന്യം ശേഖരിക്കുന്ന ഇ-പരിസര നൂതന സാങ്കേതികവിദ്യയുടെ സഹായത്താൽ ഇ-മാലിന്യങ്ങളിൽനിന്നു പുനരുപയോഗിക്കാവുന്നവ വേർതിരിക്കുകയും ബാക്കിയുള്ളവ സംസ്കരിക്കുകയും ചെയ്യുന്നു. വിദഗ്ധരായ ജീവനക്കാരും ശക്തമായ നേതൃനിരയുമാണ് ഇ-പരിസരയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്. എച്ച്പി, ഐബിഎം, ഇന്റൽ, മോട്ടോറോള തുടങ്ങിയ വൻകിട കന്പനികൾ ഇ-പരിസരയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇ-പരിസര ശേഖരിക്കുന്ന ഇ-മാലിന്യങ്ങളിൽ 50 ശതമാനവും ഐടി മേഖലയിൽനിന്നാണ്. 30 ശതമാനം ടെലികോം മേഖലയിൽനിന്നും ബാക്കി 20 ശതമാനം ആശുപത്രികളിൽനിന്നും ബാങ്കുകളിൽനിന്നും മറ്റു വിവിധ മേഖലകളിൽനിന്നും ശേഖരിക്കുന്നവയുമാണ്. തുടക്കത്തിൽ കന്പനികളിൽനിന്നു മാത്രം ഇ-മാലിന്യം ശേഖരിച്ചിരുന്ന ഇ-പരിസര ഇപ്പോൾ പൊതുജനങ്ങളിൽനിന്നും സ്കൂളുകളിൽനിന്നും ചില എൻജിഒകളുടെ സഹായത്തോടെ ഇ-മാലിന്യങ്ങൾ ശേഖരിച്ചുവരുന്നു.
ഇ-മാലിന്യങ്ങൾ സംസ്കരിക്കുന്പോൾ ലഭിക്കുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം, ചെന്പ്, ഇരുന്പ്, കോപ്പർ, സ്റ്റീൽ തുടങ്ങിയ ലോഹങ്ങളാണ് പ്രധാനമായും സംസ്കരിക്കുന്നവർക്കു സാന്പത്തികനേട്ടം ഉണ്ടാക്കി കൊടുക്കുന്നത്. മൊബൈൽ ഫോണുകളിലും കംപ്യൂട്ടർ, ലാപ്ടോപ്, ടാബ് എന്നിവയുടെ മദർ ബോർഡുകളിലും ചിപ്പുകളിലും കണക്ടറുകളിലും ചെറിയ തോതിൽ സ്വർണം അടങ്ങിയിരിക്കുന്നു. കണക്ടറുകളെ പൊതിയുന്നതിനായി വൈദ്യുതചാലകത കൂടിയ ലോഹങ്ങളായ സ്വർണവും വെള്ളിയും പ്ലാറ്റിനവും ഉപയോഗിക്കുന്നു. വൈദ്യുതതരംഗങ്ങളുടെ പ്രവാഹത്തിന് വേഗത കൂട്ടുന്നതിനുവേണ്ടിയാണിത്. ഇന്ത്യയിലെ ആദ്യ ഇ-മാലിന്യ സംസ്കരണശാലയായ ഇ-പരിസര തങ്ങളുടെ സംസ്കരണശാലയിൽനിന്നു ലഭിക്കുന്ന സ്വർണം ഉപയോഗിച്ച് ഗോൾഡ് കവറിംഗ് ആരംഭിച്ചിരുന്നു. അന്തരീക്ഷത്തിനു യാതൊരു മലിനീകരണവും ഉണ്ടാക്കാതെ ശാസ്ത്രീയമായി ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നു സ്വർണം വേർതിരിക്കാനാകുമെന്ന് ഇ-പരിസരയുടെ സാരഥികൾ പറയുന്നു.
ആഷ് റീസൈക്ലേഴ്സ്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു ഇ-മാലിന്യ സംസ്കരണശാലയാണ് ആഷ് റീസൈക്ലേഴ്സ്. 2005ൽ കർണാടക മലിനീകരണ നിയന്ത്രണ ബോഡിന്റെ അനുമതിയോടെ പ്രവർത്തനം ആരംഭിച്ച ആഷ് റീസൈക്ലേഴ്സ് സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രംകൂടിയാണ്. പഴയ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന ബംഗളൂരു സ്വദേശി എ.സയ്യിദ് ഹുസൈനാണ് ഈ സ്ഥാപനം ആരംഭിച്ചത്. തൊണ്ണൂറുകളിലാണ് അദ്ദേഹം ഇ-മാലിന്യ രംഗത്തേക്കു കടന്നത്. 1994-96ൽ ഇലക്ട്രോണിക് രംഗത്തുണ്ടായ വലിയ മുന്നേറ്റമാണ് ഇദ്ദേഹത്തെ ഈ രംഗത്തെത്തിച്ചത്. ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മോണിട്ടറുകൾക്കും പ്രിന്ററുകൾക്കുമെല്ലാം വളരെ കുറച്ചു കാലത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെയധികം ഇ-മാലിന്യങ്ങൾ അക്കാലത്തുണ്ടായി. അതിനെ വാണിജ്യവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആഷ് റീസൈക്ലേഴ്സ് എന്ന സ്ഥാപനം ഉണ്ടായത്. ഇവിടെ വിദഗ്ധ തൊഴിലാളികളാണ് യന്ത്രസഹായത്തോടെ ഇ-മാലിന്യങ്ങളുടെ വേർതിരിക്കലും സംസ്കരണവും നടത്തുന്നത്.
ജെംസ് ഇ-വേസ്റ്റ് മാനേജ്മെന്റ് ആന്ഡ് സർവീസസ്
അഞ്ചു വർഷമായി ചെന്നൈ ആസ്ഥാനമാക്കി ഇ-മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ അംഗീകൃത കന്പനിയാണ് ജെംസ് ഇ-വേസ്റ്റ് മാനേജ്മെന്റ് ആൻഡ് സർവീസസ്. ഇ-മാലിന്യങ്ങൾ വേർതിരിക്കുന്നതിനും റീസൈക്കിൾ ചെയ്യുന്നതിനും ഇവിടെ പ്രത്യേക പരിശീലനം ലഭിച്ചവരുണ്ട്. വീടുകളിൽനിന്നോ പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽനിന്നോ നേരിട്ട് ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും ഇവർക്കുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇവരുടെ പ്രവർത്തനം. ഇ-മാലിന്യം നൽകുന്നവർക്ക് അതിനുള്ള വില നൽകിയാണ് ഇവർ വാങ്ങുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇവർക്കു സംസ്കരണകേന്ദ്രങ്ങളുണ്ട്. നിശ്ചിത അളവ് ഇ-മാലിന്യങ്ങൾ ഉള്ളതായി വിവരമറിയിച്ചാൽ ഏഴു ദിവസത്തിനകം കന്പനി അധികൃതർ തന്നെ സ്ഥാപനങ്ങളിൽ എത്തി ശേഖരിക്കുന്നതാണ് ഇവരുടെ രീതി.
വടക്കേ ഇന്ത്യ മുന്നിൽ
വടക്കേ ഇന്ത്യയിലാണ് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ മൊത്തം ഇ-മാലിന്യത്തിന്റെ 35 ശതമാനവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ ഇലക്ട്രോണിക് മാലിന്യത്തിന്റെ 30 ശതമാനത്തോളം ദക്ഷിണേന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രോണിക് മാലിന്യമുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി, കർണാടക എന്നിവയാണ് തൊട്ടുപിന്നിൽ.
ഇന്ത്യയിൽ 178 കേന്ദ്രങ്ങൾ
ഇന്ത്യയിൽ ഇ-മാലിന്യം സംസ്കരിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ 178 രജിസ്റ്റർ ചെയ്ത ഇ-വേസ്റ്റ് റീസൈക്ലറുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ പല ഇ-മാലിന്യ റീസൈക്ലറുകളും മാലിന്യം റീസൈക്കിൾ ചെയ്യുന്നില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് ചിലർ അപകടകരമായ സാഹചര്യങ്ങളിലാണ് ഇതു സംഭരിക്കുന്നത്.
ഇ-മാലിന്യത്തിന്റെ ഉത്പാദനം ഒഴിവാക്കാനാകില്ലെന്നും ശാസ്ത്രീയ രീതിയിലുള്ള സംസ്കരണം മാത്രമാണ് പോംവഴിയെന്നും കേരള മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയോണ്മെന്റൽ എൻജിനിയർ എസ്. പ്രേമലത പറയുന്നു. കൃത്യമായ ഇടവേളകളിൽ ഇ-മാലിന്യങ്ങൾ സംഭരിക്കുകയും ശാസ്ത്രീയ സംസ്കരണത്തിനു വിധേയമാക്കുകയും വേണം. പ്രൊഡ്യൂസർ റെസ്പോണ്സിബിലിറ്റി നിയമം കൂടുതൽ ശക്തമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നിശ്ചിത വില കൊടുത്ത് ഇ-മാലിന്യം ശേഖരിക്കുന്ന രീതി കൂടുതൽ ഇ-മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനു സഹായിക്കും.
ബോധവത്കരണം
ഇ-മാലിന്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ഇതിന്റെ ഗുരുതരാവസ്ഥ ജനങ്ങൾക്കു മനസിലാക്കുന്നതിന് സഹായിക്കും. സ്കൂൾ, കോളജ് തലങ്ങളിലും റസിഡന്സ് അസോസിയേഷനുകൾ മുഖേനയും ഇ-മാലിന്യ ബോധവത്കരണം നടത്താവുന്നതാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വലിച്ചെറിയുന്ന ഇ-മാലിന്യങ്ങളാണ് ട്യൂബ്, സിഎഫ്എൽ ലാന്പ് മുതലായവ. ഇവ പൊട്ടിച്ചു കളയുന്നവരും നിരവധിയാണ്. മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്ന വസ്തുക്കളുള്ള ഇത്തരം ഉപകരണങ്ങൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിനു ബോധവത്കരണം മാത്രമാണ് ഏക പോംവഴി. സ്കൂൾ തലങ്ങളിലുള്ള ബോധവത്കരണത്തിനു തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നവേഷൻ ആന്ഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും ബോധവത്കരണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യണം.
ഒരു ഭൂമി, ഒരു പരിസ്ഥിതി
ഇ-മാലിന്യങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇവയുടെ അശാസ്ത്രീയ സംസ്കരണം നമ്മുടെ നദികളും മണ്ണും വായുവും മലിനമാക്കും. ഇ-മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ പ്രകൃതിയിൽ ഒരിക്കലും നശിക്കാത്ത ഡയോക്സിനുകൾ നിർമിക്കപ്പെടുകയും വൻതോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുകയും ചെയ്യുന്നു. ഇ-മാലിന്യങ്ങളിലെ രാസവസ്തുക്കൾ മണ്ണിൽ കലർന്നാൽ മണ്ണിൽ യന്ത്രങ്ങൾ ഉപയോഗിച്ചു പണിയെടുക്കുന്പോൾ ഇവയിൽ അടങ്ങിയിരിക്കുന്ന ഈയം അന്തരീക്ഷത്തിലേക്ക് ഉയരുന്നു. ഇ-മാലിന്യങ്ങൾ കത്തിക്കുന്പോഴുണ്ടാകുന്ന വാതകങ്ങൾ ശ്വാസകോശത്തിലെത്തുന്നത് അർബുദത്തിനു കാരണമാകുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇ-മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്ന കാഡ്മിയം വൃക്കകൾക്കും കരളിനും തകരാറുണ്ടാക്കുന്നു. ഇത് 30 മുതൽ 40 വർഷം വരെ ഭൂമിയിൽ നിലനിൽക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മെർക്കുറി അന്തരീക്ഷത്തിൽ കലർന്നാൽ ഭക്ഷണത്തിലൂടെയോ ശ്വസനത്തിലൂടെയോ ശരീരത്തിലെത്താം. ഇതു തലച്ചോറിന്റെയും വൃക്കകളുടെയും പ്രവർത്തനം ക്ഷയിപ്പിക്കും. കംപ്യൂട്ടറിന്റെയും ടെലിവിഷന്റെയും ഭാഗങ്ങൾ കത്തിക്കുന്നതു വഴി ഭൂമിയിലെത്തുന്ന ക്രോമിയം മനുഷ്യരിൽ അലർജിയും ആസ്ത്മയും ഉണ്ടാക്കുന്നു. ഇ-മാലിന്യത്തിലെ ലോഹങ്ങൾ വേർതിരിക്കുന്നതിന് ആസിഡ് ലായനി ഉപയോഗിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ആസിഡ് ലായനിയിൽ പ്രതിപ്രവർത്തനം മൂലമുണ്ടാകുന്ന വാതകങ്ങൾ അന്തരീക്ഷവായുവിനെപ്പോലും മരവിപ്പിക്കുന്നതാണ്. ഇ-മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥതി പ്രശ്നങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. മറ്റു മാലിന്യങ്ങളെപ്പോലെ തങ്ങളുടെ വീട്ടിൽനിന്നോ പറന്പിൽനിന്നോ ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമല്ല ഇ-മാലിന്യങ്ങളുടേത്. അശ്രദ്ധമായ വലിച്ചെറിയുന്നത് തങ്ങളുടെ ജീവനുതന്നെ ഭീഷണിയാണെന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടാകണം.
(അവസാനിച്ചു)