Tuesday, January 31, 2023 10:07 PM IST
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യരാശിയുടെ നിലനിൽപിന് തണ്ണീർത്തടങ്ങളുടെ സുപ്രധാന പങ്കിനെക്കുറിച്ച് ആഗോള അവബോധം വളർത്തുന്ന ദിനമാണ് നാളെ. കാസ്പിയൻ കടലിന്റെ തീരത്തുള്ള ഇറേനിയൻ നഗരമായ റാംസാറിൽ 1971 ഫെബ്രുവരി രണ്ടിന് തണ്ണീർത്തടങ്ങൾ സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ച സുദിനം. ഓരോ വർഷവും പ്രത്യേക പ്രമേയവുമായി യുഎൻ ഈ ദിനം ആചരിക്കുന്നു. ഈ വർഷത്തെ പ്രമേയം ‘തണ്ണീർത്തട പുനഃസ്ഥാപന’മാണ്.’ നശിച്ച തണ്ണീർത്തടങ്ങളെ പുനരുജ്ജീവിപ്പിക്കുക, പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ലോകത്തിലെ ഉദ്ദേശം 35 ശതമാനം തണ്ണീർത്തടങ്ങളും അപ്രത്യക്ഷമായതായി പഠനങ്ങൾ കാണിക്കുന്നു. നമ്മുടെ സമീപനരീതികൾ, പ്രഖ്യാപനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഈ പുനഃസ്ഥാപന പ്രവണതയ്ക്കു ആക്കം കൂട്ടണമെന്ന് ഈ ദിനം ഓർമിപ്പിക്കുന്നു.
എന്താണ് തണ്ണീർത്തടങ്ങൾ?
ലളിതമായി പറഞ്ഞാൽ ശാശ്വതമായോ, കാലാനുസൃതമായോ വെള്ളത്താൽ പൂരിതമായിരിക്കുന്ന പ്രദേശങ്ങൾ. റാംസാർ കൺവെൻഷൻ 1971ലെ നിർവചനപ്രകാരം ആറു മീറ്റർ വരെ ആഴമുള്ള സമുദ്രതീരങ്ങളും ഇതിൽ ഉൾപ്പെടും. ഭൂമിയിലെ ഏറ്റവും ഉത്പാദനക്ഷമതയുള്ള ആവാസവ്യവസ്ഥകളിൽ ഒന്നാണ് ഇവ. അതേസമയം, പൊതുവെ പരിസ്ഥിതിലോല മേഖലയുമാണ്. അതിനാൽ വളരെ സൂക്ഷമതയോടെ നിരീക്ഷിച്ചു പ്രവർത്തിക്കേണ്ട ഇടമാണിവിടം. മനുഷ്യസമൂഹത്തിന് നിരവധി സുപ്രധാന സേവനങ്ങൾ ഇതു നൽകുന്നു.
തണ്ണീർത്തടങ്ങൾ അവയുടെ ഉത്ഭവം, ഭൂമിശാസ്ത്രപരമായ സ്ഥാനം, രസതന്ത്രം, പ്രബലമായ ജീവിവർഗങ്ങൾ, മണ്ണിന്റെ സ്വഭാവം എന്നിവയുടെ പ്രത്യേകതകൾ അനുസരിച്ച് വലിയ വൈവിധ്യം പ്രകടിപ്പിക്കുന്നു. സ്വാഭാവികവും മനുഷ്യനിർമിതവുമായ തണ്ണീർത്തടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആഗോള ഭൂവിസ്തൃതിയുടെ അഞ്ചു മുതൽ എട്ട് ശതമാനം വരെ തണ്ണീർത്തടങ്ങളാണ്. ഇന്ത്യയുടെ 4.7 ശതമാനം പ്രദേശങ്ങൾ തണ്ണീർത്തടങ്ങളാണ്.
എന്താണ് റാംസർ സൈറ്റുകൾ?
1971ലെ റാംസർ കൺവെൻഷന്റെ കീഴിൽ വരുന്ന അന്തർദേശീയ പ്രാധാന്യമുള്ള ഒരു തണ്ണീർത്തട പ്രദേശമാണ് റാംസർ സൈറ്റ്. ഇവിടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നു. ഒപ്പം, അവയുടെ വിഭവങ്ങളുടെ വിവേകപൂർണമായ ഉപയോഗവും. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിരിക്കുന്ന ഒമ്പത് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ബാധകമാണെങ്കിൽ, ഒരു തണ്ണീർത്തടത്തെ റാംസർ സൈറ്റായി കണക്കാക്കാം. ഉദാഹരണത്തിന്, തണ്ണീർത്തടം അപൂർവമോ അതുല്യമോ ആയിരിക്കണം. അത് വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കണം. ഇവിടെ പതിവായി 20,000 അല്ലെങ്കിൽ അതിൽ കൂടുതൽ ജലപക്ഷികളെ സംരക്ഷിക്കണം തുടങ്ങിയവ ഇതിൽപ്പെടുന്നു.
2022 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം, ലോകത്താകെ 2,400 റാംസർ സൈറ്റുകൾ ഉണ്ട്. 2022ൽ ഇന്ത്യയിൽനിന്ന് അന്താരാഷ്ട്ര പ്രാധാന്യമുള്ള 11 തണ്ണീർത്തട പ്രദേശങ്ങൾ കൂടി റാംസർ അംഗീകരിച്ചു. അങ്ങനെ മൊത്തം 75 റാംസർ സൈറ്റുകൾ ഇന്ത്യയിലുണ്ട്. കണക്കനുസരിച്ചു ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ (14 എണ്ണം), തുടർന്ന് ഉത്തർപ്രദേശ് (10). കേരളത്തിലുള്ളത് (3) വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തടാകങ്ങൾ.
തണ്ണീർത്തടങ്ങൾക്ക് ഭീഷണി?
മനുഷ്യന്റെ പ്രവർത്തനങ്ങൾ പല തരത്തിൽ തണ്ണീർത്തടങ്ങളെ ഭീഷണിപ്പെടുത്തുന്നു. മലിനീകരണം, മണ്ണിടിച്ചിൽ, കൈയേറ്റം, സാമ്പത്തിക അമിതോപയോഗം തുടങ്ങിയവ മൂലമാണ് തണ്ണീർത്തടങ്ങൾ പ്രധാനമായും നഷ്ടപ്പെടുന്നത്. മണ്ണ്, വളം, മലിനജലം, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, കീടനാശിനികൾ, ഘനലോഹങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ ഉണ്ടാക്കുന്ന ദോഷങ്ങൾ തണ്ണീർത്തടത്തിന്റെ സ്വാഭാവിക കഴിവിനേക്കാൾ കൂടുതലാണ്. നഗരവൽക്കരണം, ജനസംഖ്യാ വളർച്ച, വർധിച്ചുവരുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ കാരണം പല ശുദ്ധജല തണ്ണീർത്തട ആവാസവ്യവസ്ഥകളും അപകടത്തിലാവുകയും പലതും ഇതിനകംതന്നെ ജീർണിക്കുകയും നഷ്ടപ്പെടുകയും ചെയ്തതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുണ്ട്.
ആക്കുളം വേളി തടാകത്തിന്റെ മൂല്യനിർണയം
തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ആക്കുളം വേളി തടാകം ഒരു തീരദേശ തടാകമാണ്. മുനിസിപ്പൽ സ്രോതസുകളിൽനിന്നുള്ള കടുത്ത മലിനീകരണ ഭീഷണികളും അതിന്റെ ആവാസവ്യവസ്ഥയിൽ നടക്കുന്ന മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും തടാകത്തിന് ഭീഷണിയാണ്. വിനോദസഞ്ചാരത്തിന്റെയും വിനോദപ്രവർത്തനങ്ങളുടെയും പിന്തുണയിലൂടെയും പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിലൂടെയും തണ്ണീർത്തടങ്ങൾ സാംസ്കാരിക സേവനങ്ങൾ നൽകുന്നു. ആക്കുളം വേളി തടാകത്തിലെ മൂല്യകൈമാറ്റ രീതികൾ ഉപയോഗിച്ച് ഇക്കോസിസ്റ്റം സേവന മൂല്യങ്ങളുടെ ഏകദേശ കണക്കു പ്രതിവർഷം ഒരു ഹെക്ടറിൽ 7,577 മുതൽ 8,952 യുഎസ് ഡോളർ വരെയും മൊത്തം വാർഷികമൂല്യം 5,75,852 മുതൽ 6,80,352 യുഎസ് ഡോളർ വരെയുമാണ്.
തണ്ണീർത്തട പുനഃസ്ഥാപനം
തണ്ണീർത്തട പുനഃസ്ഥാപനം എന്നത് മുൻകാല അവസ്ഥയിലേക്ക് മടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതോ, ആവാസവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോ ആയ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതോ ആണ്. തണ്ണീർത്തട നശീകരണത്തിന്റെ ആക്കം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണ് ഇതിൽ പ്രധാനം. പുനരുദ്ധാരണ ചെലവുകൾ, അതിന്റെ ഫലപ്രാപ്തി എന്നിവ തണ്ണീർത്തട നിർദിഷ്ടമാണ്. ഇക്കോസിസ്റ്റം സേവനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ മൂല്യം മനസിലാക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നത് തണ്ണീർത്തടങ്ങൾക്ക് മികച്ച മാനേജ്മെന്റ് സംരക്ഷണം, പുനരുദ്ധാരണ രീതികൾ എന്നിവ വളർത്തുന്നതിന് നിർണായകമാണ്. അങ്ങനെ, ഭൂമിയുടെ വൃക്കയായി പ്രവർത്തിക്കുന്ന പൊന്മുട്ടയിടുന്ന ഈ തണ്ണീർത്തടങ്ങളെ കൊല്ലാതെ പരിസ്ഥിതിയുടെ സംരക്ഷകരാക്കി മാറ്റാം.
(കേരള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സിസ്റ്റം സയൻസ് ഡയറക്ടറാണ് ലേഖകൻ)