പ്രത്യേക പ്രാർഥനഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തിയിട്ട് പത്തുവർഷം തികയുന്ന സുദിനം അവിസ്മരണീയമാക്കാൻ നിരവധി പരിപാടികളാണ് വത്തിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് പ്രാർഥനകൾ സമർപ്പിക്കുന്നതിനുള്ള കർമപദ്ധതിയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ പത്താം ശുശ്രൂഷാവർഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് പ്രത്യേകമായ പ്രാർഥനകൾ സമർപ്പിക്കുന്നതിനായി ഡിജിറ്റൽ സിനഡ് കമ്മിറ്റിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
മാർപാപ്പയുടെ സ്ഥാനലബ്ധിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ ഫിലാറ്റെലിക് ആൻഡ് നുമിസ്മാറ്റിക് ഓഫീസ് നാലുതരം പ്രത്യേക സ്റ്റാന്പുകൾ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 27 മുതൽ ഇതു വിപണിയിൽ ലഭ്യമാണ്. 2013 മാർച്ച് 19ന് ഔദ്യോഗികമായി ചുമതലയേറ്റപ്പോൾ അർപ്പിച്ച ദിവ്യബലിക്കിടയിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർഥിക്കുന്ന ചിത്രത്തോടുകൂടിയുള്ളതാണ് 1.20 യൂറോ വിലയിട്ടിട്ടുള്ള ഒരു സ്റ്റാന്പ്. 2013 ജൂലൈ എട്ടിന് വത്തിക്കാനു പുറത്ത് ആദ്യമായി നടത്തുന്ന യാത്രയെന്നോണം മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ച അഭയാർഥികൾക്കുവേണ്ടി പ്രാർഥിക്കുവാനായി ഇറ്റലിയിലെ ലാംപെഡ്സായിലേക്കു നടത്തിയ സന്ദർശനത്തെ സൂചിപ്പിച്ച് ‘ഫസ്റ്റ് പാസ്റ്ററൽ വിസിറ്റ്’ എന്ന വാചകവും ബൈബിളിൽ ചുംബിക്കുന്ന ചിത്രവുമുള്ള സ്റ്റാന്പും പുറത്തിറക്കിയിട്ടുണ്ട്.
വിശ്വാസികളെ ചേർത്തുനിർത്തി സിനഡ്സിനഡാലിറ്റിയെ ആസ്പദമാക്കി സാർവത്രികസഭയിൽ ഈ വർഷം ഒക്ടോബറിൽ നടക്കാന്‍ പോകുന്ന മെത്രാന് സിനഡിന്റെ 16-ാമത് സാധാരണ സമ്മേളനം ഫ്രാൻസിസ് മാർപാപ്പയുടെ വിശ്വാസികളോടുള്ള പ്രതിബദ്ധത സുവ്യക്തമാക്കുന്നു. മെത്രാന്മാരുടെ ഒരു സമ്മേളനം എന്നതിലുപരി സഭയുടെ എല്ലാത്തലങ്ങളിലുമുള്ള വിശ്വാസികളെ കൂടുതലായി പങ്കുചേര്‍ത്തുകൊണ്ട് രണ്ടു വര്‍ഷം നീണ്ടുനിൽക്കുന്ന പ്രക്രിയയായിട്ടായിരുന്നു സിനഡല്‍ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തത്. നവീകൃത ക്രമമനുസരിച്ചു പ്രാര്‍ഥനാപൂർവകമായ സിനഡല്‍ സമ്മേളനങ്ങള്‍ രൂപതാ തലത്തില്‍ ആരംഭിച്ച് പ്രാദേശികം, ദേശീയം, വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍ എന്നീ തലങ്ങളിലെല്ലാം നടത്തപ്പെടുകയും ചെയ്തു. അവയുടെ പരിസമാപ്തിയായാണ് ഈ വർഷം ഒക്ടോബറില്‍ വത്തിക്കാനിൽ സാര്‍വത്രികസഭാ സിനഡ് നടക്കുന്നത്.
2021 ഒക്ടോബറില്‍ രൂപതാ തലങ്ങളില്‍ ആരംഭിച്ച സിനഡല്പ്രക്രിയ ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തോടെയാണ് പൂര്‍ത്തിയാകുന്നത്. മാത്രമല്ല, ഈ സിനഡില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളും നിര്‍ദേശങ്ങളും സാർവത്രികസഭയുടെ എല്ലാ തലത്തിലും സന്ദര്‍ഭോചിതമായി നടപ്പാക്കുകയും ചെയ്യും.
തീർഥാടകനായ മാർപാപ്പജോൺ പോൾ രണ്ടാമനെപ്പോലെ യാത്രകൾക്കും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താത്പര്യപെടുന്ന ഫ്രാൻസിസ് മാർപാപ്പ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ നാലാം സ്ഥാനത്തുണ്ട്. കലശലായ മുട്ടുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക് യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
പത്തു വർഷത്തിനിടെ ഇതിനോടകം വത്തിക്കാനു പുറത്തേക്ക് 40 അപ്പസ്തോലിക സന്ദർശനങ്ങളാണ് മാർപാപ്പ നടത്തിയത്. അടുത്തമാസം 28 മുതൽ 30 വരെ യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം അടുത്തിടെ മാർപാപ്പ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ആഫ്രിക്കൻ രാജ്യങ്ങളായ സൗത്ത് സുഡാനിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും നടത്തിയ സന്ദർശനം ഏറെ വിജയകരമായിരുന്നു.
2019 ഫെബ്രുവരിയില്‍ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഐക്യ അറബ് എമിറേറ്റ്സുകളിലേക്കുള്ള സന്ദർശനം ചരിത്രപ്രാധാന്യമർഹിക്കുന്നതാണ്. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മാർപാപ്പ ഒരു ഗൾഫ് രാജ്യം സന്ദർശിച്ചത്. ഐക്യ അറബ് എമിറേറ്റ്സും വത്തിക്കാനുമായുള്ള നയതന്ത്ര-സൗഹൃദബന്ധത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു മാർപാപ്പയുടെ സന്ദർശനം.