ഡോ. വന്ദനയ്ക്ക് നീതികിട്ടുമോ ?
Monday, May 15, 2023 1:17 AM IST
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി നടത്തിക്കൊണ്ടിരുന്ന ഡോ. വന്ദന ആശുപത്രിയിൽ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിനുതരുന്നത് ഭീതിപ്പെടുത്തുന്ന ഒരു മുന്നറിയിപ്പാണ്; നാട്ടിൽ പടരുന്ന മയക്കുമരുന്നിനെക്കുറിച്ചും അതുണ്ടാക്കുന്ന അതിദാരുണമായ ദുരന്തങ്ങളെക്കുറിച്ചും. ചികിത്സയ്ക്കായി പോലീസ് കൊണ്ടുവന്നയാളുടെ കുത്തേറ്റാണ് ആ കുഞ്ഞു ഡോക്ടർ രക്തസാക്ഷിയായതെന്ന സത്യം ആരെയാണ് വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യാത്തത്? ആശുപത്രിക്കുള്ളിൽ വീണ അവളുടെ രക്തം നീതിക്കുവേണ്ടി നിലവിളിക്കുന്നു.
കേരള ഹൈക്കോടതി പൊട്ടിത്തെറിച്ചു ചോദിച്ചതുപോലെ “പോലീസിന്റെ കൈയിലെ തോക്ക് എവിടെപ്പോയിരുന്നുവെന്ന്” ആരാണ് ചോദിക്കാത്തത്? “ഞങ്ങൾ മരിച്ചും ആ കുട്ടിയെ രക്ഷിക്കേണ്ടാതായിരുന്നു” എന്ന കേരളത്തിന്റെ ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി ഹൈക്കോടതിയിൽ നടത്തിയ കുറ്റസമ്മതംകൊണ്ട് എന്താണു പ്രയോജനം? കോട്ടയം ജില്ലയിലെ മുട്ടുചിറക്കാരിയാണ് ഡോ. വന്ദന. അച്ഛന്റെയും അമ്മയുടെയും ഏക മകൾ. ആ കുടുംബം പേറുന്ന വേദന ആർക്ക് പരിഹരിക്കാനാവും?
സന്ദീപ് ഒരടയാളം
സന്ദീപ് എന്ന അധ്യാപകനാണ് ആശുപത്രിയിൽവച്ച് കത്രികകൊണ്ട് വന്ദനയെയും കൂടെയുണ്ടായിരുന്നവരെയും കുത്തിയത്. 11 കുത്തുകൾ, 23 മുറിവുകൾ. ഗുരുതരമായി പരിക്കേറ്റ വന്ദന വൈകാതെ മരിച്ചു. ഇതുവരെ പുറത്തു വന്നിടത്തോളം വിവരങ്ങൾ വിശ്വസിക്കാമെങ്കിൽ മയക്കുമരുന്നിന് അടിമയാണ് അയാൾ. അടുത്തകാലത്തുണ്ടായ തീവണ്ടി ദുരന്തത്തിലെയും ബോട്ട് ദുരന്തത്തിലെയും പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായിരുന്നു എന്ന സൂചനകൾ ചേർത്തുവായിക്കുക.
മേയ് 11ന് ഇടുക്കിയിലെ ഒരു ആശുപത്രിയിൽ വെറൊരു ഡോക്ടർക്കുനേരേയും മേയ് 12ന് മജിസ്ട്രേട്ടിനു നേരേയും ഇത്തരം ആക്രമണശ്രമം നടന്നതായി വാർത്തയുണ്ടായിരുന്നു. കേരളം പെട്ടുപോയ സാംസ്കാരിക ച്യുതിയല്ലേ വന്ദന സ്വന്തം ചോരകൊണ്ട് രേഖപ്പെടുത്തുന്നത്? മയക്കുമരുന്ന് ഉപയോഗിക്കുന്ന ആരും ഒരു ദ്വിപല്ല. വലിയ ചങ്ങലയിലെ ഒരു കണ്ണിയാവും. അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിന്റെ പിന്നിലെ എന്തുമാത്രം കഥകൾ ഇനിയും ചുരുളഴിയാനുണ്ടാവും? യഥാർത്ഥ കുറ്റക്കാരെ പിടികൂടി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ എടുക്കുമോ?
മയക്കുമരുന്ന് ഹബ്ബ്
മയക്കുമരുന്ന് കേരളത്തിൽ വ്യാപമായി പ്രചരിക്കുന്നു. മതതീവ്രവാദികളും രാഷ്ട്രീയക്കാരുമെല്ലാം ഈ കച്ചവടത്തിൽ സജീവ കണ്ണികളാണെന് വാർത്തയാണ് നാട്ടിൽ പടരുന്നത്. ഈ കച്ചവടക്കാരിൽ പലരും സന്ദീപിനെപ്പോലെ സമൂഹത്തിൽ മാന്യമായ പദവികൾ വഹിക്കുന്നവർ ആകാം. കേസന്വേഷകർക്ക് തൊടാൻ കഴിയാത്ത സംരക്ഷണത്തിൽ കഴിയുന്നവർ.
പാർട്ടിയിൽ ആധിപത്യം നേടാനും മറ്റു മതസ്ഥരെ നിഗ്രഹിക്കുന്നതിനും പണമുണ്ടാക്കുന്നതിനുമെല്ലാം മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെടുന്നതായി ഉത്തരവാദിത്വബോധമുള്ളവർതന്നെ പറഞ്ഞിട്ടുണ്ട്. അവരെ കല്ലെറിയാനും നിന്ദിച്ച് മയക്കുമരുന്ന് കച്ചവടക്കാർക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റാനുമാണ് മുഖ്യധാരാ മാധ്യമങ്ങൾ പോലും കച്ചവടക്കണ്ണോടെ ശ്രമിക്കുന്നത്. സമൂഹത്തിൽ ഉയരുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരന്വേഷണം നടത്തി പിടികൂടുന്നവരുടെ ജാതി-മതം-പാർട്ടി എന്നിവ തിരിച്ചുള്ള സത്യസന്ധമായ കണക്കുകൾ പ്രസിദ്ധീകരിക്കാമോ? സമൂഹത്തിൽ വിഷം വിൽക്കുന്നവരുടെ മതവും പാർട്ടിയും പദവിയും എന്തായാലും അവർ സാമൂഹിക വിരുദ്ധരാണെന്ന് തീർത്തുപറയാനും അതിനനുസരിച്ചുള്ള ശിക്ഷാ നടപടികൾ എടുക്കാനും തയാറാകുമോ? ഇല്ലെങ്കിൽ ഇനിയും വന്ദനമാർ ഇവിടെ കൊല ചെയ്യപ്പെടും.
വന്ദനയുടെ കേസിൽ പ്രതിയായി പിടിക്കപ്പെടുന്നവൻ ശിക്ഷിക്കപ്പെടാം. എന്നാൽ യഥാർത്ഥ പ്രതിയായ മയക്കുമരുന്ന് രക്ഷപ്പെടുന്നു. ഈ സാമൂഹിക യാഥാർത്ഥ്യത്തിനെതിരേ എന്തെങ്കിലും ചെയ്യാനായാലേ വന്ദനയുടെ രക്തത്തോട് നീതി കാണിക്കാൻ നമുക്കാവൂ.
സിനിമ സെറ്റുകളിൽ നടക്കുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അവരുടെ സംഘടന പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ല. തലസ്ഥാനനഗരിയിൽ ഇരുപതിടത്ത് സാത്താൻ ആരാധനയോ അത്തരം പേരുകളോ വിളിച്ച് ഈ മയക്കുമരുന്ന് ഉപയോഗം പോലുള്ള ഹിന കൃത്യങ്ങൾ നടക്കുന്നതായി പറയപ്പെടുന്നു. ഓരോ നഗരത്തിലും ഉണ്ടാവും ഇത്തരം കേന്ദ്രങ്ങൾ.
പിണറായി എങ്ങനെ കുറ്റവാളിയാകും?
ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കി കുറ്റം പറയുന്നതും ന്യായീകരിക്കുന്നതും എങ്ങനെ ശരിയാവും? ആരു ഭരിച്ചാലാണ് ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാടുണ്ടാവുക? അബ്കാരികളുടെ പണം വാങ്ങാത്ത എത്ര നേതാക്കളുണ്ടാവും? ദുരന്തമറിഞ്ഞ ഉടനെതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വന്ദനയെ ചികിത്സിച്ച ആശുപത്രിയിലെത്തി. അവളുടെ ജീവനറ്റ ശരീരത്തിനു മുന്നിൽ നെറ്റിയിൽ തടവിനിൽക്കുന്ന പിണറായിയുടെ ചിത്രം അദ്ദേഹത്തിന്റെ ഒൗദ്യോഗിക ജീവിതത്തിലെ പുണ്യ ചിത്രങ്ങളിൽ ഒന്നല്ലേ? ആ വേദനയുടെ ആത്മാർത്ഥത തെളിയിക്കേണ്ടത് മയക്കുമരുന്ന് കച്ചവടക്കാർക്കെതിരേ പാർട്ടി ബന്ധമോ മതബന്ധമോ ഒന്നും നോക്കാത്ത നടപടികളിലൂടെയാണ്. അതുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
എന്നാൽ ഇടതുമുന്നണിയുടെ അബ്കാരി നയം അത്തരത്തിലുള്ള ഒന്നല്ല. ആന്റണി ചാരായ നിരോധനം നടപ്പാക്കിയതുകൊണ്ടാണ് മയക്കുമരുന്ന് കച്ചവടം കൂടുന്നതെന്ന അബ്കാരികളുടെ കാപ്സ്യൂൾ ഇടതുമുന്നണി ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി ബാറുകൾ പൂട്ടാൻ തീരുമാനിച്ചതോടെ ലഹരി ലോബി ഒന്നാകെ ഇടതുമുന്നണിക്ക് പിന്നിലായി. കേരളത്തിലാകെ കണക്കില്ലാതെ ബാറുകളായി. ഇത്രയും ബാറുകളുണ്ടായിട്ടും മയക്കുമരുന്ന് എവിടെയും കിട്ടുന്ന ചരക്കായി. മയക്കുമരുന്ന് ഇടപാടിൽ പിടികൂടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്നിതിനും ശിക്ഷിക്കുന്നതിനുമെല്ലാം പോലീസിനുണ്ടായ വീഴ്ചകളുടെ കഥകൾ നിരവധിയല്ലേ? ഒരു സ്കൂൾ വിദ്യാർഥിനി തനിക്ക് മയക്കുമരുന്നു തന്നവരെ ചൂണ്ടിക്കാണിച്ചിട്ട് പോലീസ് അറസ്റ്റ് ചെയ്തോ? മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ച സിപിഎം നേതാവിന്റെ ലോറി പിടികൂടിയപ്പോൾ പോലീസ് നോക്കിയത് യഥാർത്ഥ പ്രതിയെ രക്ഷിക്കാനോ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ?
“അക്കൂട്ടത്തിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ മകളോ പെങ്ങളോ ആയിരുന്നു വന്ദന എങ്കിൽ ഇതാകുമായിരുന്നോ അവരുടെ സമീപനം” എന്ന സുരേഷ് ഗോപിയുടെ ചോദ്യം കേരളത്തിലെ സാധാരണക്കാരന്റെ വികാരമാണ്. “രാജ്യത്ത് വേറെ എവിടെ എങ്കിലും ഇത്തരം സംഭവം നടക്കുമോ”- എന്ന് ഹൈക്കോടതി വികാരഭരിതമായി ചോദിച്ചു. അത്തരം ഒരു ചോദ്യത്തിന് ഇടമുണ്ടാക്കിയത് പോലീസ് തന്നെയാണ്. കേരളാ പോലീസ് സർക്കാരിനു വല്ലാതെ കളങ്കപ്പെടുത്തുന്നുണ്ട്. മലപ്പുറത്ത് 22 പേരുടെ മരണത്തിന് ഇരയാക്കിയ ബോട്ടിനെതിരേ പോലീസിൽ കൊടുത്ത പരാതിയിൽ നടപടി എടുക്കാത്തതുപോലുള്ള കഥകൾ തന്നെ ഉദാഹരണം.
വീണയുടെ വാവിട്ട വാക്കുകൾ
ഉദ്യോഗസ്ഥർ പറഞ്ഞു കൊടുക്കുന്നത് അതുപടി ആവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് ഒരിക്കൽ കൂടി വിവാദത്തിലായി. വന്ദനയുടെ ദുരന്തത്തിന് അവരുടെ പരിചയക്കുറവ് കാരണമായെന്ന് പറഞ്ഞതിലൂടെ മന്ത്രി വല്ലാത്ത പതനത്തിലായി. വീണാ ജോർജിന്റെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതലേ പരാതികൾ ഏറെയുണ്ടായി.
വിളിച്ചാൽ ഫോണെടുക്കില്ല എന്നായിരുന്നു സഖാക്കളുടെ പരാതി. പത്തനംതിട്ടയിലെ സിപിഐ സഖാക്കൾക്ക് വീണയെ തീരെ പിടുത്തമല്ല. പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവരുടെ വാക്കും പ്രവർത്തിയുമെല്ലാം പൊതുജന വിമർശനത്തിന് വിധേയമാകുമെന്ന് ഒരിക്കൽ മാധ്യമ പ്രവർത്തകയായിരുന്ന വീണാ ജോർജിനറിയാത്തതല്ലല്ലോ? മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി നടത്തിയ ദുഖഃപ്രകടനംപോലും വിശ്വസിക്കാത്തവരുണ്ട്. ഡോക്ടർമാർ ആത്മരക്ഷയ്ക്ക് കരാട്ടെ പഠിക്കണമോ എന്ന് ചോദിക്കാൻ പ്രതിപക്ഷത്തിന് അവസരമുണ്ടാക്കിയത് വീണയാണ്.
പണിമുടക്ക് ശരിയോ?
വന്ദനയ്ക്കു നേരേ നടന്ന ഹീനമായ അതിക്രമത്തെ ഏറ്റവും ശക്തമായി അപലപിക്കുന്പോഴും അതിന്റെ മറവിൽ നടന്ന മിന്നൽ പണിമുടക്ക് ആർക്കാണ് ന്യായികരിക്കാനാവുക. രോഗികളുടെ ജീവൻ വച്ചല്ലേ ഡോക്ടർമാർ പന്താടിയത്. ഡോക്ടർമാർക്കു സുരക്ഷ വേണമെന്ന് ആത്മാർത്ഥതയോടെ പറയുന്പോഴും രോഗികളോട് വളരെ മോശമായി പെരുമാറുന്ന ഡോക്ടർമാർ ഉണ്ടെന്നത് സത്യമല്ലേ? കെ.ബി. ഗണേശ് കുമാർ എംഎൽഎ പറഞ്ഞതു പോലെ രണ്ടു കിട്ടേണ്ട ഡോക്ടർമാരും ഇല്ലേ? തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വല്ലാതെ വാദിക്കുന്നവർ രോഗികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ഓരോ വർഷം ചെല്ലും തോറും രോഗികളോട് സ്നേഹമുള്ളവർ കുറയുന്നുവെന്ന് പരാതിപ്പെടുന്ന സീനിയർ ഡോക്ടർമാരുണ്ട്. വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് പണിമുടക്കിയ മെഡിക്കൽ വിദ്യാർഥികൾ സ്റ്റൈപ്പൻഡ് അടക്കമുള്ള കാര്യങ്ങളിൽ കൂടി തീരുമാനമുണ്ടാക്കാൻ ഈദുരന്തത്തെ മറയാക്കുന്നത് ശരിക്കും കച്ചവടമനസാണ്.
ജസ്റ്റീസ് കെ.എം. ജോസഫിന്റെ പടിയിറക്കം
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്ത ന്യായാധിപൻ എന്ന ഖ്യാതിയോടെ മലയാളിയായ സുപ്രീംകോടതി ജഡ്ജി കെ.എം. ജോസഫ് 2023 മേയ് 19ന് തന്റെ ഒൗദ്യോഗിക ജീവിതം പൂർത്തിയാക്കുകയാണ്. ഭാരതത്തിന്റെ നീതിന്യായവ്യവസ്ഥയുടെ അന്തസും കോടതിയുടെ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിന് ധീരമായ നിലപാടുകൾ എടുത്ത അദ്ദേഹത്തിന് പുതിയ പദവികളോ നിയമനങ്ങളോ ഒന്നും ആരും കൊടുക്കില്ലെന്ന് തീർച്ച.
കൊടുത്താൽ അതിനുള്ള ഉപകാരസ്മരണയായി തനിക്കു നിയമനം തന്നവർക്കെതിരേ വരുന്ന കേസുകൾ വച്ചു താമസിപ്പിക്കുവാനോ, നിയമത്തിന്റെ സാങ്കേതിക പഴുതുകളുണ്ടാക്കി കുറ്റവാളികളെ രക്ഷിക്കാനോ കൂട്ടുനിൽക്കില്ലെന്ന് സാധാരണക്കാർ വിശ്വസിക്കത്തക്കവിധം ഉറച്ച നിലപാടുകൾ എടുത്തുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തുന്നതിന് കൊളിജിയത്തിന് കേന്ദ്രസർക്കാരുമായി ഏറെ കൊന്പുകോർക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന് അദ്ദേഹത്തിന്റെ നിലപാടുകൾ കാണിച്ചു തന്നു.
അനന്തപുരി / ദ്വിജന്