Sunday, September 10, 2023 11:28 PM IST
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പേർ മരിച്ച ഭൂകന്പമുണ്ടായി ഏഴു മാസത്തിനകം സമാനമായ മറ്റൊരു ദുരന്തം ലോകത്തിന്റെ ദുഃഖമായി മാറുന്നു. മൊറോക്കോയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായതും ഇന്നലെവരെയുള്ള കണക്കുകൾവച്ച് മരണസംഖ്യയിൽ രണ്ടാമത്തേതുമായ ഭൂകന്പം സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി ഇനിയും വെളിപ്പെട്ടിട്ടില്ല. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ ഹൈ അറ്റ്ലസ് മലയോടു ചേർന്ന ഗ്രാമങ്ങളും ചെറുപട്ടണങ്ങളും അവശിഷ്ടക്കൂന്പാരമായെന്നാണ് റിപ്പോർട്ടുകൾ. ഒട്ടുമിക്ക റോഡുകളും ഗതാഗത യോഗ്യമല്ലാതായിത്തീർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അങ്ങോട്ട് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. അവശിഷ്ടങ്ങൾക്കടിയിൽ രക്ഷാപ്രവർത്തർ നീട്ടുന്ന കൈ പ്രതീക്ഷിച്ച് ഒത്തിരിപ്പേർ ജീവനുമായി മല്ലിടുന്നുണ്ടാകാം.
ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം പൈതൃകനഗരമായ മാരക്കെഷിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി മൂന്നു ലക്ഷത്തിലധികം പേർ ഭൂകന്പത്തിന്റെ ഇരകളായിട്ടുണ്ട്. മരണസംഖ്യ ഇന്നലെ രണ്ടായിരത്തിനു മുകളിലേക്കുയർന്നു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണവും രണ്ടായിരത്തിനു മുകളിലാണ്. മൊറോക്കൻ സമയം വെള്ളിയാഴ്ച രാത്രി 11.11നുണ്ടായ ചലനം ഭൂകന്പമാപിനിയിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകന്പത്തെ പേടിക്കാതെ നാട്ടിലെ ദുർബലമായ വീടുകളിൽ ഉറക്കത്തിലേക്കു വീണ നൂറുകണക്കിനുപേരാണ് മരിച്ചിരിക്കുന്നത്.
പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയായ മാരക്കെഷിൽനിന്ന് 72 കിലോമീറ്റർ അകലെ അറ്റ്ലസ് മലയിൽ വെറും 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. 350 കിലോമീറ്റർ അകലെ തലസ്ഥാനമായ റബാത്തിൽ അടക്കം മൊറോക്കോയിലുടനീളം കുലുക്കം അനുഭവപ്പെട്ടു. അയൽരാജ്യമായ അൾജീരിയയിലും അറ്റ്ലാന്റിക് സമുദ്രത്തിനക്കരെയുള്ള പോർച്ചുഗലിലും ചലനമുണ്ടായി.
പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തോട് വളരെയെടുത്ത്
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്തായതിനാലാണ് നാശത്തിന്റെ വ്യാപ്തി വർധിച്ചതെന്ന് പറയുന്നു. ഭൂകന്പത്തിന് തീവ്രത കുറവാണെങ്കിലും അതിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തോട് അടുത്താണെങ്കിൽ ദുരന്തവ്യാപ്തി ഏറും. പ്രഭവകേന്ദ്രത്തിന് ആഴം കൂടുതലാണെങ്കിൽ കന്പനങ്ങൾക്ക് ഉപരിതലത്തിലെത്താൻ ഏറെ സഞ്ചരിക്കേണ്ടിവരികയും അതുമൂലം കന്പനങ്ങളുടെ ശക്തി കുറയുകയും ചെയ്യും.
പ്രഭവകേന്ദ്രത്തിനു ചുറ്റുമുള്ള ഗ്രാമങ്ങൾ നിലംപരിശായി
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിനു 45 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നത് ദരിദ്ര ഗ്രാമീണരാണ്. ഭൂരിഭാഗം ഭവനങ്ങളും കെട്ടിടങ്ങളും മൺകട്ടകൾകൊണ്ടു നിർമിച്ചവയായിരുന്നു. ഇത്ര ശക്തമായൊരു കുലുക്കത്തെ പ്രതിരോധിക്കാനുള്ള കരുത്ത് കെട്ടിടങ്ങൾക്കുണ്ടായിരുന്നില്ല. പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള ഗ്രാമങ്ങൾ തവിടുപൊടിയായി. മലയോരങ്ങളോടു ചേർന്ന ചെറു പട്ടണങ്ങളും ഏതാണ്ടു പൂർണമായി തകർന്നു. അസ്നി, ഐത് യഹ്യ തുടങ്ങിയ ചില ഗ്രാമങ്ങളിലെ ജനസംഖ്യയുടെ മൂന്നിലൊന്നും മരിച്ചുവെന്നാണ് അനുമാനം.
വെള്ളിയാഴ്ചത്തെ ഭൂകന്പം അതീവശക്തമായിരുന്നുവെന്നാണ് മൊറോക്കൻ ജനത പറഞ്ഞത്. ചിലർക്കത് ലോകാവസാനം പോലെയാണു തോന്നിച്ചത്. പത്തു സെക്കൻഡിനുള്ളിൽ എല്ലാം തകർന്നടിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. മൊറോക്കോ ഉൾപ്പെടുന്ന വടക്കനാഫ്രിക്കയിൽ 120 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചലനമാണിതെന്ന് ചിലർ അഭിപ്രായപ്പെട്ടു. വടക്കനാഫ്രിക്ക സജീവ ഭൂകന്പമേഖലയല്ല. ഭൂകന്പത്തെക്കുറിച്ചു പേടിയില്ലാത്ത മൊറോക്കൻ ജനങ്ങളോ സർക്കാരോ കെട്ടിട നിർമാണത്തിലടക്കം മുൻകരുതലെടുത്തിരുന്നില്ല.
മാരക്കെഷിലുണ്ടായത്
വിലയിരുത്താനാകാത്ത നഷ്ടം
മധ്യകാലത്തു നിർമിച്ച മോസ്കുകളും മൊസൈക് പാകിയ ഇടുങ്ങിയ വഴികളും നിറഞ്ഞ മാരക്കെഷിലെ ഓൾഡ് സിറ്റിയിലുണ്ടായ നാശനഷ്ടം വിലയിരുത്താനാകാത്തതാണ്. പൈതൃകപദവിയുള്ള ഓൾഡ് സിറ്റിയിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പുനർനിർമിക്കുന്നതിനും യുനെസ്കോ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, മാരക്കെഷ് നിവാസികൾ തുടർചലനം ഭയന്ന് ശനിയാഴ്ച രാത്രിയും ഇന്നലെ രാത്രിയും തെരുവുകളിൽതന്നെയാണു ചെലവഴിച്ചത്. ഇവരുടെ ഭയം ശരിവയ്ക്കുന്ന തരത്തിൽ ഇന്നലെ 4.5 തീവ്രതയോടെ ചലനം ഉണ്ടാകുകയും ചെയ്തു.
സർക്കാരിന്റെ ദുരന്തപ്രതികരണത്തിൽ അതൃപ്തി
മൊറോക്കൻ സർക്കാരിന്റെ ദുരന്തപ്രതികരണത്തിൽ ജനങ്ങൾക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ടുണ്ട്. ചില ദുരന്തഗ്രാമങ്ങൾ സന്ദർശിച്ച ബിബിസി മാധ്യമപ്രവർത്തകർ, മേഖലയിലേക്ക് രക്ഷാപ്രവർത്തകർ ഇതുവരെ എത്തിച്ചേർന്നിട്ടില്ലെന്ന കാര്യം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി അസീസ് അഖനൗക്കിനെതിരേ ജനവികാരം ശക്തമായതായും റിപ്പോർട്ടുണ്ട്.
ദുരന്തബാധിതർക്ക് സഹായം വിതരണം ചെയ്യുന്നതിന് കമ്മീഷൻ രൂപീകരിക്കാൻ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കയും അടുത്തകാലത്ത് ഭൂകന്പം നേരിട്ട തുർക്കിയും അടക്കം ലോകരാജ്യങ്ങളെല്ലാം മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നക്ഷത്രഹോട്ടലും ദുരിതാശ്വാസകേന്ദ്രം
മൊറോക്കോയിലെ മാരക്കെഷിൽ തന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ ഭൂകന്പ ദുരിതബാധിതർക്കായി തുറന്നു നൽകി പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോർ സ്റ്റാർ പദവിയുള്ള ദ പെസ്റ്റാന സിആർ7 മാരക്കെഷ് എന്ന പേരിലുള്ള ഈ ഹോട്ടലിൽ 174 അത്യാഡംബര മുറികളും വിശാലമായ നീന്തൽക്കുളവും ഫിറ്റ്നസ് സെന്ററും റസ്റ്റോറന്റുമുണ്ട്. കഴിഞ്ഞ വർഷമാണ് റൊണാൾഡോ ഈ ഹോട്ടൽ വാങ്ങിയത്.
റൊണാൾഡോയുടെ പെസ്റ്റാനാ സിആർ7 ലൈഫ് സ്റ്റൈൽ ഹോട്ടൽ ശൃംഖലയ്ക്ക് മാരക്കെഷിലെ ഹോട്ടലിനു പുറമേ ലിസ്ബൺ, മാഡ്രിഡ്, ന്യൂയോർക്ക്, പോർച്ചുഗലിലെ തന്റെ വീട് സ്ഥിതി ചെയ്യുന്ന മദെയ്ര ദ്വീപ് എന്നിവിടങ്ങളിലും ഹോട്ടലുണ്ട്.
എത്തിപ്പെടാനാകാതെ രക്ഷാപ്രവർത്തകർ
ദുരന്തമേഖലയിലേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഇടുങ്ങിയ റോഡുകൾ പലതും തകർന്നുകിടക്കുകയാണ്. ചില റോഡുകളിൽ അവശിഷ്ടങ്ങൾ കൂന്പാരം കൂടിയിരിക്കുന്നു. വലിയ ക്രെയിനുകൾ അടക്കമുള്ള ഉപകരണങ്ങൾ എത്രയും വേഗം മേഖലയിലെത്തിച്ചാൽ മാത്രമേ, അവശിഷ്ടങ്ങൾക്കടിയിൽ ആരെങ്കിലും ജീവനോടെയുണ്ടെങ്കിൽ രക്ഷപ്പെടുത്താൻ കഴിയൂ. ദുരന്തമേഖലയിൽ കുടിവെള്ളത്തിന്റെ അഭാവം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചത്തൊടുങ്ങിയ കന്നുകാലികളെ നീക്കം ചെയ്യാനായിട്ടില്ല.
1960ലെ ഭൂകന്പം
മൊറോക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകന്പം 1960 ഫെബ്രുവരി 20നാണുണ്ടായത്. മാരക്കെഷിൽനിന്ന് 260 കിലോമീറ്റർ അകലെ തീരനഗരമായ അഗാദിറിലുണ്ടായ ഭൂകന്പത്തിൽ 12,000 മുതൽ 15,000 വരെ പേർ മരിച്ചുവെന്നാണ് അനുമാനം.
ഈ ഭൂകന്പത്തിന്റെ തീവ്രത 5.8 മാത്രമായിരുന്നു. പക്ഷേ, പ്രഭവകേന്ദ്രത്തിന്റെ ആഴം 15 കിലോമീറ്ററും. ഉപരിതലത്തോടു ചേർന്ന കന്പനമായിരുന്നതിനാൽ ഭൂമിയൊട്ടാകെ ഇളകി. 12,000 പേർക്കു പരിക്കേൽക്കുകയും 35,000 പേർ ഭവനരഹിതരാകുകയും ചെയ്തു.