Thursday, September 14, 2023 1:40 AM IST
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കുന്ന ബിൽ കേരള നിയമസഭയിൽ ഇന്ന് ചർച്ചയ്ക്ക് വരുകയാണ്. 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ (ഭേദഗതി) ബിൽ ഇടുക്കി ജില്ലയിലെ ജനങ്ങളുടെ പ്രതീക്ഷകൾ പൂവണിയിക്കുന്നതല്ല.
1960ലെ നിയമത്തിലെഏഴാം വകുപ്പ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിൽ, പതിച്ചുനൽകപ്പെടുന്ന ഭൂമി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1964ലെ കേരളാ ഭൂമിപതിവ് ചട്ടം വകുപ്പ് നാല് പ്രകാരം പതിച്ചു നൽകുന്ന ഭൂമി കൃഷിക്കും ഭവനനിർമാണത്തിനും സമീപഭൂമിയുടെ ഗുണപരമായ ഉപയോഗത്തിനും മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
1993ലെ വനഭൂമി ക്രമവത്കരണ സ്പെഷൽ റൂൾസ് മൂന്നാം വകുപ്പ് പ്രകാരവും ഇതേ നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കി ഭേദഗതി കൊണ്ടുവന്നാൽ മാത്രമേ ഭൂമി ഉപാധിരഹിതമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. 2023ലെ ഭേദഗതി ബില്ലിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വ്യവസ്ഥ ചേർത്തിട്ടില്ല. ഇതുമൂലം ജില്ലയിലെ പട്ടയഭൂമിയിൽ കൃഷിക്കും ഭവനനിർമാണത്തിനും പുറമേ യാതൊരു വിധ പ്രവൃത്തികളും ചെയ്യാൻ കഴിയാത്ത സ്ഥിതി ഭേദഗതിക്കു ശേഷം കൂടുതൽ കർശനമായി തുടരും.
2023ലെ ഭേദഗതി ബിൽ എന്ത്?
ഇന്ന് നിയമസഭയിൽ ചർച്ചയ്ക്കു വരുന്ന ഭേദഗതി നിയമത്തിൽ രണ്ടു വകുപ്പുകളാണ് കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ളത്. 1964ലെയും 1993ലെയും ചട്ടങ്ങൾ ലംഘിച്ച് തങ്ങൾക്ക് പതിച്ചുകിട്ടിയ ഭൂമിയിൽ അനുവദിക്കപ്പെട്ടതിനു പുറമേ മറ്റ് ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ച് നടത്തിയിട്ടുള്ള നിർമാണങ്ങൾ ക്രമവത്കരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഒന്ന്.
2023ലെ ഭേദഗതി ബിൽ നിയമമാകുന്ന തീയതി വരെ ലഭിച്ചിട്ടുള്ള പട്ടയങ്ങളിൽ ഉൾപ്പെട്ട ഭൂമിയിൽ നിബന്ധനകൾക്കു വിധേയമായി നിയമപ്രകാരം അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കു പുറമേ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് രണ്ടാമത്തേത്. ഒറ്റ നോട്ടത്തിൽ ഇവ രണ്ടും നിലവിലുള്ള നിയമങ്ങളിൽനിന്ന് ഒഴിവ് ലഭിച്ച് ആശ്വാസം നൽകുന്നവയാണ് എന്നു തോന്നാമെങ്കിലും കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നവയല്ല എന്നു വ്യക്തമാണ്. മേൽപ്പറഞ്ഞ രണ്ടു വകുപ്പുകളും പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് നടപടിക്രമങ്ങൾ നിശ്ചയിക്കുന്നതിനാവശ്യമായ ചട്ടങ്ങൾ രൂപവത്കരിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് നിയമത്തിന്റെ ഏഴാം വകുപ്പിനും പുതിയ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഈ ചട്ടങ്ങൾ രൂപവത്കരിക്കുന്നതോടുകൂടി മേൽപ്പറഞ്ഞ അധികാരങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്ന നടപടിയാണ് ഉണ്ടാവുക.
പതിയിരിക്കുന്ന അപകടം
ഭേദഗതി നിയമത്തിലെ 4 (എ 2) വകുപ്പ് പ്രകാരം പട്ടയഭൂമിയിൽ ചട്ടത്തിനു വിരുദ്ധമായി എന്തെങ്കിലും തരത്തിലുള്ള നിർമാണാനുമതി നൽകണമെങ്കിൽ അതിന് പ്രത്യേക കാരണം ഇതിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഉത്തരവിൽ പ്രത്യേകം രേഖപ്പെടുത്തണം എന്ന് വ്യവസ്ഥ ചെയ്യുന്നു. മൂലനിയമത്തിൽ ഭൂവിനിയോഗം കൃഷിക്കും ഭവനനിർമാണത്തിനും മാത്രം എന്ന വകുപ്പ് നിലനിൽക്കുന്നതിനാൽ ഈ വകുപ്പിന് ഒരു ഒഴിവായി മാത്രമേ ചുമതലയുള്ള ഉദ്യോഗസ്ഥന് നിർമാണ അനുമതി നൽകാൻ കഴിയൂ. പ്രയോഗത്തിൽ വരുന്പോൾ പട്ടയ ഭൂമിയിൽ പുതിയ നിർമാണങ്ങൾക്ക് അനുമതി ലഭിക്കാനുള്ള സാധ്യത വളരെ പരിമിതമാകും.
ഇനി നൽകുന്ന പട്ടയങ്ങൾക്കും പരിപൂർണ നിർമാണനിരോധനം
1964ലെയും 1993ലെയും ഭൂമിപതിവു ചട്ടങ്ങളിൽ നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ (കൃഷിക്കും വീട് നിർമിക്കുന്നതിനു മാത്രവുമുള്ള അനുമതി) എടുത്തുമാറ്റി റദ്ദു ചെയ്യാൻ പുതിയ ഭേദഗതി ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നിട്ടില്ല. അതിനാൽ ഈ നിയന്ത്രണങ്ങൾ ആത്യന്തികമായി തുടരും.
ഇടുക്കി ജില്ലയിൽ മാത്രം അൻപതിനായിരത്തോളം പട്ടയങ്ങൾ ഇനിയും നൽകാനുണ്ട്. 2023ലെ ഭേദഗതി നിയമം നിലവിൽ വരുന്ന തീയതിക്കു ശേഷം നൽകപ്പെടുന്ന പട്ടയങ്ങൾ ഉൾക്കൊള്ളുന്ന ഭൂമി കൃഷിക്കും ഭവനനിർമാണത്തിനും മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഈ ചട്ടങ്ങളിലെ നിർമാണനിയന്ത്രണങ്ങൾ നിലനിർത്തിയാൽ ഭൂമിയുടെ മതിപ്പുവില കുത്തനെ ഇടിയും. ഒരുവിധ നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാക്കുകും.
ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും സംസ്ഥാന സർക്കാരനില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത് ടൂറിസം - വാണിജ്യം - സംരംഭകത്വ മേഖലകളിൽ വൻ തിരിച്ചടിയുണ്ടാക്കും. തന്നെയുമല്ല ഇനി പട്ടയം ലഭിക്കുന്ന ഭൂമിയിൽ മുന്പ് ചെയ്തിരുന്നതുപോലെ വിദ്യാലയങ്ങൾ, ആശുപത്രികൾ, ആതുര സ്ഥാപനങ്ങൾ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ പൂർണമായും നിരോധിക്കപ്പെടും എന്നതായിരിക്കും ഫലം.
സർക്കാർ ചെയ്യേണ്ടത്
നിയമസഭയിൽ ചർച്ചയ്ക്കു വരുന്ന ബില്ലിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത് 1964ലെയും 1993ലെയും ചട്ടങ്ങളിൽ പ്രതിപാദിക്കുന്ന ഭൂവിനിയോഗ നിർമാണ നിയന്ത്രണങ്ങൾ പൂർണമായും റദ്ദു ചെയ്യാൻ സർക്കാരിന് അധികാരം നൽകണം. ഇതിനോടകം നടത്തിയിട്ടുള്ള അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആയത് ഉപാധികളില്ലാതെ സ്വമേധയാ ക്രമവത്കരിക്കാനുള്ള അധികാരം സർക്കാരിനു നൽകണം.
ഭാവിയിൽ ലഭിക്കുന്ന പട്ടയങ്ങളിൽ ഉൾപ്പെടുന്ന ഭൂമിയും ഉപാധികളില്ലാതെ സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ കൂടുതൽ വകുപ്പുകൾ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തി നിയമമാക്കണം. ഇപ്രകാരം ചെയ്യാതെ ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള ബിൽ നിയമമാക്കിയതുകൊണ്ട് ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജില്ലയുടെ സർവതോമുഖമായ പുരോഗതി കൈവരിക്കാൻ കഴിയുകയില്ല.
പ്രഫ. എം. ജെ. ജേക്കബ് (ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം)
അഴിമതിക്കു കളമൊരുങ്ങും
1960ലെ ഭൂപതിവ് നിയമത്തിൽ ആറു പതിറ്റാണ്ടുകൾക്കു ശേഷം വരുത്തുന്ന ഭേദഗതി മൂലം കൃഷിക്കും താമസത്തിനുമല്ലാതെ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ട ഭൂമി പിഴ വാങ്ങി ക്രമപ്പെടുത്താൻ സർക്കാരിനു കഴിയും എന്നുള്ള പ്രലോഭനമാണ് അധികാരികൾ ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഇത് കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അഴിമതിക്കും ഉദ്യോഗസ്ഥ പീഡനങ്ങൾക്കും കാരണമാകുമെന്ന് ഉറപ്പാണ്.
കൃഷിക്കും വീടുവച്ചു താമസിക്കുന്നതിനും മാത്രമായി ഭൂമി വിനിയോഗം പരിമിതപ്പെടുത്തിയാണ് 1960ലെ നിയമത്തിന്റെ ചട്ടം 4 നിലവിൽ വന്നത്. ഇപ്പോൾ അതിൽ ഭേദഗതി വരുത്താൻ സർക്കാരിന് അധികാരമുണ്ടായിരിക്കും എന്ന ഒരു വാചകം കൂട്ടിച്ചേർത്ത് നിയമം ഭേദഗതി ചെയ്യുമ്പോൾ, നിയമത്തിന്റെ ആനുകൂല്യത്തിൽ അല്ലാതെയുള്ള നിർമിതികൾ പിഴയടച്ച് ക്രമപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിൽ വലിയതോതിലുള്ള അഴിമതിക്ക് കളമൊരുങ്ങും. തന്നെയുമല്ല, ഭരണകൂടത്തിന്റെ ഇഷ്ടക്കാർക്ക് യഥേഷ്ടം ഭൂമി ഇതര ആവശ്യങ്ങൾക്ക് പതിച്ചു നൽകാനുമാവും. എന്നാൽ, സാധാരണ കർഷകർക്ക് ഭൂമി ക്രമപ്പെടുത്തേണ്ട സാഹചര്യം വന്നാൽ ഭരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്നാലെ നടക്കേണ്ടിവരും. വലിയ തോതിൽ കൈക്കൂലിക്കും ഭരണകൂട വേട്ടയാടലുകൾക്കും സാധാരണക്കാർ ഇരയാവുകയും ചെയ്യും.
നിലവിലുള്ള ചട്ടം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്താൽ 64ലെ ചട്ടപ്രകാരമുള്ള പട്ടയഭൂമികളിലെ മുഴുവൻ നിർമിതികളും ഒരു രൂപപോലും പിഴ ഈടാക്കാതെ ക്രമപ്പെടുത്താനും ഭാവിയിൽ ഇത്തരം നിയമക്കുരുക്കുകൾ ഒഴിവാക്കാനും കഴിയും. എന്നാൽ അതിനു മുതിരാതെ, നിയമ ഭേദഗതിതന്നെ കൊണ്ടുവന്ന്, പിഴ ഈടാക്കാതെ ക്രമപ്പെടുത്തൽ സാധ്യമല്ലാതാക്കുന്ന ചതിയാണ് ഈ നിയമ ഭേദഗതി. 1964ൽ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ഉണ്ടായ നോട്ടപ്പിശകിന് പതിറ്റാണ്ടുകൾക്കു ശേഷം നിലവിലെ ജനത പിഴ ഒടുക്കണം എന്നു പറയുന്നത് നീതിയല്ല. കൃഷിക്കും വീടു വയ്ക്കാനും സ്ഥലം പതിച്ചുകൊടുത്തപ്പോൾ, ആ പ്രദേശങ്ങളിൽ മനുഷ്യജീവിതം സാധ്യമാകണമെങ്കിൽ അനുബന്ധ സൗകര്യങ്ങളും അനിവാര്യമാണെന്ന് മനസിലാക്കാനുള്ള ദീർഘവീക്ഷണം അന്ന് ചട്ടങ്ങൾ ഉണ്ടാക്കിയവർ മറന്നു എന്നുള്ളതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ മൂലകാരണം.
പട്ടയഭൂമിയിലെ മരത്തിന്മേലുള്ള അവകാശം സംബന്ധിച്ച അവ്യക്തത പരിഹരിക്കാനുള്ള ശ്രമവും 2023 ഭേദഗതി ബില്ലിൽ പരാമർശിക്കപ്പെടാതെ പോയി. മരം നട്ടു വളർത്തുന്നത് ഒരു കൃഷിയായി കണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടണം. വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം, 2005 സെക്ഷൻ 6 പ്രകാരം ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും പട്ടയഭൂമിയിൽനിന്നു മുറിക്കാമെന്നിരിക്കെ, 1964ലെ ഭൂമിപതിവ് ചട്ടപ്രകാരം ലഭിച്ച ഭൂമിയിൽനിന്നു മരങ്ങൾ മുറിക്കാൻ അനുവാദമില്ലാത്തത് പുതിയ ചട്ട ഭേദഗതിയിൽകൂടി പരിഹരിക്കപ്പെടണം.
ലക്ഷക്കണക്കിന് തേക്കുമരങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷനുകളിൽനിന്നും മറ്റു വിവിധതരം പട്ടയഭൂമികളിൽനിന്നും മുറിക്കുമ്പോൾ ഉണ്ടാകാത്ത എന്ത് പരിസ്ഥിതിപ്രശ്നങ്ങളാണ് 1960ലെ ഭൂപതിവ് നിയമവും തുടർന്നു വന്ന ചട്ടവും പ്രകാരം പതിച്ചു കൊടുത്തിരിക്കുന്ന ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുമ്പോൾ ഉണ്ടാകുന്നത് എന്ന് സർക്കാർ ബോധ്യപ്പെടുത്തുകയോ അല്ലങ്കിൽ, ഈ ഭേദഗതിയിൽ അതിന് മാറ്റം വരുത്തുകയോ വേണം.
സിജുമോൻ ഫ്രാൻസിസ്, കോതമംഗലം