Friday, September 15, 2023 4:04 AM IST
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോഷിക്കാൻ ലോകം ഒത്തുകൂടുമ്പോൾ, നമ്മുടെ ഭൂമിയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത ഓസോൺ പാളിയിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വർഷത്തെ പ്രമേയം ‘മോൺട്രിയൽ പ്രോട്ടോക്കോൾ: ഓസോൺ പാളി പരിഹരിക്കലും കാലാവസ്ഥാ വ്യതിയാനം കുറയ്ക്കലും’എന്നതാണ്.
ഓസോൺ പാളിയുടെ ഒഴിച്ചുകൂടാനാവാത്ത പങ്കിലേക്കും കാലാവസ്ഥാ വ്യതിയാനവുമായുള്ള അതിന്റെ ബന്ധത്തിലേക്കും പ്രമേയം വെളിച്ചം വീശുന്നു. ‘ഭൂമിയിലെ ജീവനു വേണ്ടി, ഓസോൺ പാളി സംരക്ഷിക്കുക, കാലാവസ്ഥാ വ്യതിയാനം തടയുക’ എന്ന പ്രതിധ്വനിക്കുന്ന മുദ്രാവാക്യത്തോടെ, രണ്ടു നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ആഗോള ഐക്യത്തിനായി ഈ ദിനം ആഹ്വനം ചെയ്യുന്നു.
ഓസോൺ പാളി
ഓസോൺ വാതകം നിറമില്ലാത്തതും രൂക്ഷഗന്ധമുള്ളതുമാണ്. ഭൗമാന്തരീക്ഷത്തിലെ ഓസോൺ തന്മാത്രകളുടെ ഉയർന്ന സാന്ദ്രത അടങ്ങിയിരിക്കുന്നത് രണ്ടാമത്തെ തലമായ സ്ട്രാറ്റോസ്ഫിയറിലാണ്. ഈ ഓസോൺ പാളിയുടെ കനം ഭൂമിശാസ്ത്രപരമായ സ്ഥാനവും ഉയരവും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. ഇതിന്റെ കനം അളക്കുന്നത് ഡോബ്സൺ യൂണിറ്റുകളുടെ (ഡിയു) അടിസ്ഥാനത്തിലാണ്. ആഗോള ശരാശരി കനം ഏകദേശം 300 ഡിയു ആണ്. ഓസോൺ പാളി സൂര്യൻ പുറപ്പെടുവിക്കുന്ന ഹാനികരമായ അൾട്രാവയലറ്റ് വികിരണത്തിനെതിരേ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുന്നതിലൂടെ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.
ഓസോൺ ശോഷണം
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഓസോൺ പാളിയുടെ ശോഷണം സംഭവിച്ചത് മനുഷ്യപ്രവർത്തനങ്ങളുടെയും സ്വാഭാവിക അന്തരീക്ഷ പ്രക്രിയകളുടെയും സംയോജനമായിട്ടാണ്. 1985ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജോസഫ് ഫാർമാൻ, ബ്രയാൻ ഗാർഡിനർ, ജോനാഥൻ ഷാങ്ക്ലിൻ എന്നിവർ ചേർന്നു കണ്ടെത്തിയതിനെത്തുടർന്ന് ശ്രദ്ധ നേടിയ പരിസ്ഥിതി പ്രശ്നമാണ് അന്റാർട്ടിക്കയ്ക്കു മുകളിലുള്ള ഓസോൺ ശോഷണം. സിഎഫ്സികളും ഹാലോണുകളും പോലുള്ള ഓസോൺ നശിപ്പിക്കുന്ന മനുഷ്യനിർമിത രാസവസ്തുക്കൾ ഉൾപ്പെടുന്ന സങ്കീർണമായ രാസപ്രവർത്തനങ്ങൾ മൂലമാണ് ഇത് രൂപപ്പെടുന്നത്.
അന്റാർട്ടിക്കയിലെ ശൈത്യകാലത്ത് വളരെ തണുത്ത താപനിലയിൽ (90 ഡിഗ്രി സെന്റിഗ്രേഡ്) ധ്രുവീയ സ്ട്രാറ്റോസ്ഫെറിക് മേഘങ്ങൾ (PSC) രൂപപ്പെടുന്നു. തുടർന്ന്, ജെറ്റ് സ്ട്രീമുകൾ ഈ പ്രദേശത്ത് പോളാർ വോർട്ടക്സ് വികസിപ്പിക്കുന്നു. ഇത് എല്ലാ ക്ലോറോഫ്ലൂറോ കാർബണുകളെയും ഹാലോജനുകളെയും ഉള്ളിൽ കുടുക്കുന്നു. വസന്തകാലം ആരംഭിക്കുമ്പോൾ, സൂര്യപ്രകാശം ഈ പ്രദേശത്തേക്കു വരുകയും ഈ ചുഴിക്കുള്ളിൽ വേഗത്തിലുള്ള പ്രതിപ്രവർത്തനങ്ങൾ നടക്കുകയും ക്ലോറിൻ ആറ്റം പുറത്തുവിടുകയും ഓസോണിനെ ഓക്സിജനിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ഓസോൺ പാളി നേർത്തതാകുകയും ദ്വാരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
മോൺട്രിയൽ പ്രോട്ടോക്കോൾ
ഓസോൺ ശോഷണം പരിഹരിക്കാൻ അന്താരാഷ്ട്രസമൂഹം അതിവേഗം തയാറായി. അതാണ് 1987ൽ മോൺട്രിയലിൽ (കാനഡ) ഒപ്പുവച്ച പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ ആഗോള സഹകരണത്തിന്റെ വിജയമായും ഭൂമിയുടെ മഹത്തായ നന്മയ്ക്കായി വ്യത്യാസങ്ങളെ മറികടക്കാനുള്ള രാഷ്ട്രങ്ങളുടെ ശക്തിയായും ചിത്രീകരിക്കപ്പെട്ടു. ഈ ഉടമ്പടി ക്ലോറോഫ്ലൂറോ കാർബണുകളും (സിഎഫ്സി), ഹൈഡ്രോക്ലോറോ ഫ്ലൂറോ കാർബണുകളും (എച്ച്സിഎഫ്സി) ഉൾപ്പെടുന്ന ഓസോൺശോഷണ വസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രോട്ടോക്കോളിന്റെ നേട്ടങ്ങൾ അസാധാരണമായ ഒന്നല്ല, ഇത് ഓസോൺ പാളിയുടെ ക്രമാനുഗതമായ പുനഃസ്ഥാപനത്തിലേക്കും പാരിസ്ഥിതിക കാര്യങ്ങളിൽ ആഗോള സഹകരണത്തിന് ഒരു മാതൃക സൃഷ്ടിക്കുന്നതിലേക്കും നയിച്ചു.
മനുഷ്യരിലുള്ള ആഘാതം
ഓസോൺ ശോഷണം മൂലം അൾട്രാവയലറ്റ്-ബി വികിരണം വർധിക്കുന്നത് ചർമകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുകയും മെലനോമ, നോൺമെലനോമ ഉൾപ്പെടെയുള്ള ചർമകാൻസറിന് കാരണമാകുകയും ചെയ്യും. അതുപോലെ, കണ്ണുകൾക്ക് തിമിരം പോലുള്ള കേടുപാടുകൾ വരുത്തും. അമിതമായ അൾട്രാവയലറ്റ്-ബി വികിരണം പതിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇത് വ്യക്തികളെ അണുബാധകൾക്കും രോഗങ്ങൾക്കും കൂടുതൽ ഇരയാക്കുന്നു. ഓസോൺ ശോഷണം ശരീരത്തിന് വിറ്റാമിൻ ഡി ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുന്നതിന് ഇടയാക്കും.
ആവാസവ്യവസ്ഥയിലുള്ള ആഘാതം
സമുദ്ര ഭക്ഷ്യശൃംഖലകളുടെ അടിത്തറയായ സൂക്ഷ്മസസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടൺ വർധിച്ച അൾട്രാവയലറ്റ്-ബി വികിരണത്തോട് വളരെ സംവേദനക്ഷമമാണ്. ഇവയുടെ നാശം, മുഴുവൻ സമുദ്ര ആവാസവ്യവസ്ഥയെയും തടസപ്പെടുത്തും. ഉയർന്ന അൾട്രാവയലറ്റ് വികിരണം മൂലം പവിഴപ്പുറ്റുകളും ഫോട്ടോസിന്തറ്റിക് ആൽഗകളും തമ്മിലുള്ള സഹജീവി ബന്ധം തകരാറിലാകുന്നു. ഇത് പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു.
അതുപോലെ ഭൂമിയിലെ സസ്യ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. പല സസ്യങ്ങളും വർധിച്ച അൾട്രാവയലറ്റ് വികിരണത്തോട് സംവേദനക്ഷമമാണ്. ഇത് ഫോട്ടോസിന്തസിസ്, വളർച്ച, പുനരുത്പാദനം എന്നിവയെ തടസപ്പെടുത്തുന്നു. ഒപ്പം കാർഷിക ഉത്പാദനക്ഷമത കുറയ്ക്കുന്നു.
ഓസോൺ പാളിയും കാലാവസ്ഥയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓസോൺ സൂര്യനിൽനിന്നുള്ള താപം ആഗിരണം ചെയ്യുന്നു. ഇത് സ്ട്രാറ്റോസ്ഫിയറിന്റെ താപനില പ്രൊഫൈലിലേക്ക് സംഭാവന ചെയ്യുന്നു. ഓസോൺ ശോഷണം ഈ സന്തുലിതാവസ്ഥയെ തടസപ്പെടുത്തും. അൾട്രാവയലറ്റ് വികിരണം പ്ലാസ്റ്റിക്, റബർ, തുണിത്തരങ്ങൾ തുടങ്ങിയ വസ്തുക്കളുടെ അപചയത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഘടനാപരമായ നാശമുണ്ടാക്കുകയും അവയുടെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു.
നല്ല ഓസോണും മലിനീകരണ ഓസോണും
അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫെറിക് തലത്തിൽ കാണുന്ന ഓസോൺ ‘നല്ല ഓസോൺ’ എന്നറിയപ്പെടുന്നു; കാരണം ഇത് ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു. എന്നാൽ, ഭൗമോപരിതലത്തിനോട് ചേർന്നു കാണപ്പെടുന്ന ഭൂതല ഓസോൺ (ട്രോപോസ്ഫെറിക് ഓസോൺ) വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ‘മലിനീകരണ ഓസോൺ’ എന്നറിയപ്പെടുന്നു. ഇവ വാഹനപുക, വ്യവസായിക പ്രക്രിയകൾ തുടങ്ങിയ സ്രോതസുകളിൽനിന്നുള്ള നൈട്രജൻ ഓക്സൈഡുകളും അസ്ഥിര ജൈവസംയുക്തങ്ങളും തമ്മിലുള്ള രാസപ്രവർത്തനം സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നടക്കുന്നതിന്റെ ഫലമായാണ് രൂപപ്പെടുന്നത്. ഭൂതല ഓസോൺ ഒരു മലിനീകരണമായി കണക്കാക്കപ്പെടുന്നു. ഇത് ശ്വാസകോശം, ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. കൂടാതെ, വിളകളും വനങ്ങളും ഉൾപ്പെടെയുള്ള സസ്യജാലങ്ങളെയും ദോഷകരമായി ബാധിക്കും.
സുരക്ഷിത ഭൂമി
ഭൂമിയിലെ ജീവനെ ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിലും ഭൂമിയുടെ കാലാവസ്ഥ നിലനിർത്തുന്നതിലും ഓസോൺ പാളിയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. 2023ലെ അന്താരാഷ്ട്ര ഓസോൺ ദിനം ഓസോൺ പാളി വീണ്ടെടുക്കാനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുമുള്ള ശക്തി നമ്മുടെ കൈകളിലാണെന്ന് ഓർമിപ്പിക്കുന്നു. ഈ ദൗത്യം സ്വീകരിക്കുന്നതിലൂടെ, വരും തലമുറകൾക്ക് സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു സുരക്ഷിതഭൂമി നൽകുവാൻ നമുക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
ഇനിയെന്ത്?
ഓസോൺ ശോഷണം ലഘൂകരിക്കാനുള്ള ഭാവി പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തണം. ചില പ്രധാന പദ്ധതികൾ ഇതാണ്.
മോൺട്രിയൽ പ്രോട്ടോക്കോളിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ രാജ്യങ്ങളും അവരുടെ പ്രതിബദ്ധതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം, അതിന്റെ നിരീക്ഷണവും റിപ്പോർട്ടിംഗും അത്യാവശ്യമാണ്.
ഓസോൺശോഷണ പദാർഥങ്ങളെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ത്വരിതപ്പെടുത്തൽ.
ഓസോൺ പാളിയുടെ തുടർച്ചയായ ശാസ്ത്രീയ ഗവേഷണവും നിരീക്ഷണവും അതിന്റെ വീണ്ടെടുക്കൽ ട്രാക്ക് ചെയ്യുന്നതിനും പുതിയ ഭീഷണികൾ കണ്ടെത്തുന്നതിനും നിർണായകമാണ്.
എച്ച്എഫ്സികളുടെ ഉത്പാദനവും ഉപയോഗവും ഘട്ടംഘട്ടമായി കുറയ്ക്കണം.
പരിസ്ഥിതി സൗഹൃദമായ ബദൽ സാങ്കേതികവിദ്യകളുടെയും പദാർഥങ്ങളുടെയും വികസനവും അവലംബവും പ്രോത്സാഹിപ്പിക്കുക.
മോൺട്രിയൽ പ്രോട്ടോക്കോൾ ബാധ്യതകൾ നിറവേറ്റുന്നതിന് വികസ്വര രാജ്യങ്ങൾക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുക.
പൊതുജന അവബോധം വളർത്തുക.
അന്താരാഷ്ട്ര സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുക.
ഓസോൺ ശോഷണം മൂലം വർധിച്ചുവരുന്ന അൾട്രാവയലറ്റ് വികിരണവുമായി പൊരുത്തപ്പെടാനുള്ള അഡാപ്റ്റേഷൻ നടപടികൾ കൂടുതലായി വികസിപ്പിക്കുക.
പ്രഫ. ഡോ. സാബു ജോസഫ്
(കേരള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സിസ്റ്റം സയൻസ് ഡയറക്ടറാണ് ലേഖകൻ)