Saturday, September 30, 2023 11:54 PM IST
അനന്തപുരി /ദ്വിജന്
കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ച ചോറിന്റെ ഉപമയുടെ ന്യായീകരണം, മുഖ്യമന്ത്രിയോടുതന്നെ ഒരുപിടി മറുചോദ്യങ്ങൾ ഉയർത്തുന്നു. ചോറ്റുപാത്രത്തിലെ ഒരു വറ്റ് കറുത്തതായിപ്പോയി എന്നതുകൊണ്ട് ചോറാകെ ചീത്തയാണെന്നു പറയാമോ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഈ ചോറ്റുപാത്രത്തിലെ ഒരു വറ്റ് മാത്രമാണോ കറുത്തതായുള്ളത് എന്നതാണ് ഒന്നാമത്തെ മറുചോദ്യം. കറുത്ത വറ്റുകളുടെ എണ്ണം പത്താണോ നൂറാണോ? കേരളത്തിൽ ധാരാളം നല്ല സഹകരണസംഘങ്ങളുണ്ട്. നാട്ടിലാകെയുണ്ട്. എന്നാൽ അവയ്ക്കിടയിൽ കറുത്ത വറ്റുകൾ ധാരാളമാകുന്നു.
സിപിഎമ്മുകാർ നടത്തുന്ന സംഘങ്ങളിൽ മാത്രമല്ല കറുത്തവയുള്ളത്. കോണ്ഗ്രസുകാരും കേരള കോണ്ഗ്രസുകാരും ലീഗുകാരും സിപിഐക്കാരുമൊക്കെ നടത്തുന്ന സംഘങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കമായി ജനസദസുമായി മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളിലേക്ക് ചെല്ലുന്പോൾ ജനങ്ങൾ ആത്മാർഥമായി സംവദിച്ചാൽ ഇത്തരം കഥകൾ ധാരാളം പുറത്തുവരും. എല്ലാവരെയും പിടിക്കണം. തട്ടിപ്പു നടത്തിയവരിൽനിന്ന് തട്ടിച്ച പണം ഈടാക്കുന്നുവെന്ന് ജനത്തിന് ബോധ്യം വരണം. തട്ടിച്ചവൻ സുഖിച്ചുനടക്കുന്പോൾ ഖജനാവിൽനിന്നു നിക്ഷേപകന്റെ നഷ്ടം നികത്തിയാലും തട്ടിപ്പ് നിലയ്ക്കില്ല. തട്ടിപ്പുകാരന് തട്ടിച്ച് ഉണ്ടാക്കിയതും അല്ലാതെ ഉണ്ടായിരുന്നതും നഷ്ടപ്പെടുമെന്ന് ബോധ്യം വരണം. തട്ടിച്ചവനും ജനങ്ങൾക്കും ബോധ്യം വരണം. എങ്കിലേ വിശ്വാസ്യത വീണ്ടെടുക്കാനാകൂ. കരുവന്നൂരിൽ ഇഡി ഉള്ളതുകൊണ്ട് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പറയുന്നു. ബാക്കി സംഘങ്ങളിലോ? കൊടിയുടെ നിറം നോക്കി തട്ടിപ്പുകാരനെ രക്ഷപ്പെടാൻ അനുവദിക്കരുത്.
ഇത്തരം കേസുകളിൽ പ്രതികൾ ബിജെപിക്കാരായിരുന്നെങ്കിൽ ഇഡി നടപടി ഉണ്ടാകുമായിരുന്നോയെന്ന ചോദ്യമുണ്ട്. ഇല്ലെന്നാണ് അനുഭവം. കരുവന്നൂരിലെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ ഇപ്പോഴത്തെ പ്രതികളാരും കുടുങ്ങിയില്ലല്ലോ? അതാണു രാഷ്ട്രീയപ്രേരിതമായ നടപടി. കുറ്റവാളികൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു രക്ഷപ്പെടുന്നത്.
കറുത്ത വറ്റുകൾ ഉണ്ടാക്കുന്ന നീറ്റൽ
നല്ല ബാങ്കുൾ ധാരാളമുണ്ടെങ്കിലും ഈ കറുത്ത വറ്റുകൾ വിതയ്ക്കുന്നത് വല്ലാത്ത സങ്കടമാണ്. മുണ്ടു വല്ലാതെ മുറുക്കിയുടുത്ത് ന്യായമായ ആഘോഷങ്ങൾ പോലും വേണ്ടെന്നു വച്ച് മകളെ വിവാഹം കഴിച്ചയയ്ക്കാനോ ചികിത്സയ്ക്കോ വീട് പണിയിക്കാനോ ഒക്കെ നാളേക്കുവേണ്ടി പത്തു പൈസ നിക്ഷേപിച്ച പാവങ്ങളാണ്. അവർക്ക് അഥവാ എപ്പോഴെങ്കിലും ആ പണം കിട്ടിയിട്ട് എന്തു പ്രയോജനം? കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപമുണ്ടായിരുന്ന ഫിലോമിന ചികിത്സിക്കാൻ പണമില്ലാതെ മരിച്ചു. ഇനി അവകാശികൾക്ക് തുക കിട്ടിയാൽ ഫിലോമിനയെ തിരിച്ചു കിട്ടുമോ?
മുഖ്യമന്ത്രി ന്യായീകരിക്കാൻ നോക്കുന്ന സഖാക്കൾക്കും അവരുടെ വീട്ടുകാർക്കും വരുമാനസ്രോതസ് കാണിക്കാനാകാതെ ബാങ്കുകളിൽ ലക്ഷങ്ങളും. ഇഡി കോടതിയിൽ കൊടുത്ത രേഖയനുസരിച്ച് ഒരു സഖാവിന്റെ അമ്മയ്ക്ക് വരുമാനമായുള്ളത് സർക്കാർ നൽകുന്ന 1600 രൂപയുടെ പ്രതിമാസ ക്ഷേമ പെൻഷൻ. ആ അമ്മയുടെ ബാങ്കുനിക്ഷേപം 63 ലക്ഷം രൂപ. ഒരു ലക്ഷം രൂപയ്ക്ക് എണ്ണായിരം രൂപ വച്ച് പ്രതിമാസ പലിശ കിട്ടുന്ന നാട്ടിൽ ആ അമ്മയുടെ പ്രതിവർഷ വരുമാനം അഞ്ചു ലക്ഷത്തിലധികം രൂപ! എങ്ങനെ സാധിക്കുന്നു മുഖ്യമന്ത്രീ ഈ മറിമായം?
കലത്തിലെ ചോറ് വെന്തോ എന്നറിയാനും ഒരു വറ്റ്
അരി പാകം ചെയ്യുന്നവർക്കെല്ലാം അറിയുന്ന മറ്റൊരു സത്യമുണ്ട്. കലത്തിൽ തിളയ്ക്കുന്ന ചോറ് വെന്തോയെന്നറിയാൻ ഒരു മണി എടുത്തുനോക്കിയാൽ മതിയെന്ന്. ഈ ഉപമയനുസരിച്ച് ഇടതുസർക്കാരിനെ വിലയിരുത്തിയാൽ കിട്ടുന്ന ചിത്രം എന്തായിരിക്കും. ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞ് മുഖ്യമന്ത്രി തള്ളിക്കളയുന്ന കഥകളെല്ലാം കാണിച്ചുതരുന്ന മുഖം എന്താണ്?
ബിരിയാണി ചെന്പും സ്വർണ കള്ളക്കടത്തും സർക്കാർ വാഹനങ്ങളിൽ കസ്റ്റംസിൽനിന്ന് ജിപിഎസ് പോലും ഓഫാക്കി സാധനങ്ങൾ പരിശോധന കൂടാതെ കൊണ്ടുപോയതും, ആ വാഹനം ബംഗളൂരു വരെ പോയതും സ്വന്തക്കാരനെ നിയമിച്ചതിന് രണ്ടു മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടി വന്നതും മുതൽ അടയാളമാകുന്ന വറ്റുകൾ എത്ര വേണം?
“നിയമന’’ വറ്റുകളുടെ പുറത്തുവന്ന കഥകൾ എത്ര? വിവാദ നായിക സ്വപ്ന സുരേഷിന് സർക്കാരിന്റെ ബഹിരാകാശ പാർക്കിൽ കിട്ടിയ നിയമനം മുതൽ സർവകലാശാല ഓഫീസുകളിൽ ഉന്നത യോഗ്യതയുള്ളവരെ സുപ്രീംകോടതിയിൽ കേസു പറയാൻ വിട്ടശേഷം കടന്നുകൂടുന്നവരുടെ നിയമന കഥകൾ. ഡോക്ടർ നിയമനത്തിന് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ ലക്ഷങ്ങൾ വാങ്ങിയെന്ന കഥകൾ. പരാതിക്കാരൻ അയച്ച പരാതി സൂക്ഷിച്ചുവച്ച് പ്രതിക്കു വാദിയാകുവാൻ അവസരം കൊടുത്തതായുള്ള കഥകൾ. ഗവർണർ ഉടക്കിയ വൈസ് ചാൻസലർമാർ മുതൽ മനുഷ്യാവകാശ കമ്മീഷൻ വരെയുള്ള വറ്റുകൾ.
‘തട്ടിപ്പു’സൂചന തരുന്ന വറ്റുകൾ എത്ര? ട്രഷറി തട്ടിപ്പു നടത്തിയവർക്കെതിരേ പോലും വിജിലൻസ് അന്വേഷണം വേണ്ടെന്നു വച്ചത്. പ്രളയഫണ്ട് തട്ടിച്ചതിനു ശിക്ഷണനടപടിക്കു വിധേയരാകേണ്ടിവന്ന സഖാക്കൾ, കോവിഡ് മഹാമാരിയെപ്പോലും കച്ചവടത്തിന് അവസരമാക്കിയെന്ന കഥകൾ. സ്പ്രിംഗ്ളർ ഇടപാടും നിർമിതബുദ്ധി കാമറകളും വീണയുടെ മാസപ്പടി കഥകളും വരെ കലത്തിലെ “ചോറി’’ന്റെ സാന്പിളുകളാകുകയില്ലേ?
കരുവന്നൂർ തട്ടിപ്പ് സംബന്ധിച്ച ഇഡിയുടെ അന്വേഷണം എവിടെയെത്തുമെന്ന ഭീതി സിപിഎമ്മിനെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെയും വല്ലാതെ ഭയപ്പെടുത്തുന്നു എന്നതല്ലേ സത്യം. നാട്ടുകാരുടെ കൊച്ചുകാശുകൾ എടുത്ത് പണക്കാരായവർ ഹവാല ഇടപാടുകൾ വരെ നടത്തി എന്നല്ലേ ഇഡി പറയുന്നത്. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുവാൻ സിപിഎം പുത്തൻ തന്ത്രവുമായി വരുന്നുവെന്ന് വാർത്തയും ഉയരുന്നു. ആരുടെയും നിക്ഷേപം നഷ്ടപ്പെടില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് കരുവന്നൂർ ബാങ്കിൽ കൂടുതൽ നിക്ഷേപസമാഹരണത്തിനായി നാട്ടിലാകെ പാർട്ടി പദയാത്ര നടത്തുമെന്നാണു കേൾക്കുന്നത്. അതനുസരിച്ച് നിക്ഷേപത്തിന് വരുന്നവരെ ഇഡി കർശനമായി വീക്ഷിക്കുമെന്ന് ആർക്കാണറിയാത്തത്. കൃത്യമായ രേഖകളില്ലാത്ത പണം വന്നാൽ നിക്ഷേപകർക്കും ഇഡി ഓഫീസ് കയറിയിറങ്ങേണ്ടിവരില്ലേ?
പാർട്ടി ആർക്കൊപ്പം?
സിപിഎം പണം നഷ്ടപ്പെട്ട ജനത്തിനൊപ്പമോ തട്ടിയെടുത്തതായി സംശയിക്കപ്പെടുന്നവർക്ക് ഒപ്പമോ എന്ന ചോദ്യം ഏറെ പ്രസക്തമാകുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ അടിയാണു കരുവന്നൂർ എന്ന് സ്പീക്കർ ഷംസീർ പറഞ്ഞെങ്കിലും അതൊരു അടിയേയല്ല എന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ പാർട്ടി ആരുടെ കൂടെയെന്നു വ്യക്തമാകുകയാണ്. മുഖ്യമന്ത്രി കുറേക്കൂടി കടത്തിപ്പറഞ്ഞു. കേരളത്തിൽ ബിനാമി ഇടപാട് ഇല്ലത്രെ. എത്ര കൃത്യവും വിശ്വാസ്യവുമായ നിരീക്ഷണം!
തിരിച്ചടയ്ക്കുവാൻ സഹായിക്കുക
സഹകരണ മേഖലയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം വല്ലാതെ ചോർന്നുപോകുകയാണ്. കൊടിയുടെ നിറഭേദം ഒന്നുമില്ലാതെ രാഷ്ട്രീയക്കാർ തങ്ങളെ തട്ടിക്കുന്നുവെന്ന ഭയം ശക്തമാകുന്നു. പല സഹകരണ ബാങ്കിൽനിന്നും വൻതോതിൽ പണം പിൻവലിക്കുന്നുണ്ട്. റണ് തുടങ്ങിയാൽ സഹകരണ ബാങ്കുകൾ എന്നല്ല ഒരു ബാങ്കിനും പിടിച്ചുനിൽക്കാനാകില്ല. അതുണ്ടാകാതെ നോക്കണം. തിരിച്ചടവ് നടപടികൾ കർശനമാക്കണം. അന്വേഷണം ആരംഭിച്ചതോടെ ബാങ്കിൽ കുടിശിക അടയ്ക്കാറുണ്ടായിരുന്ന പലരും അടയ്ക്കാതായി. പ്രതിസന്ധി മൂർച്ഛിക്കുകയാണ്.
ബാങ്കിലേക്കുള്ള തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയും തിരിച്ചടയ്ക്കുവാൻ പ്രേരിപ്പിക്കുകയുമാണ് അഭ്യുദയകാംക്ഷികൾ ചെയ്യേണ്ടത്. വീഴ്ച വരുത്തിയവരോടും പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും കൂറുള്ളവരും ചെയ്യേണ്ടത്. തിരിച്ചടയ്ക്കുവാൻ സഹായിക്കുകയാണ്, അല്ലാതെ തിരിച്ചടവിനുള്ള നടപടിക്കെതിരേ പ്രതിഷേധിക്കുകയല്ല. തിരിച്ചടവ് മുടങ്ങിയാൽ ബാങ്ക് എങ്ങനെ പിടിച്ചുനിൽക്കും?
കരുവന്നൂർ ബാങ്കിൽ ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണമാണ്. തങ്ങളുടെ നിക്ഷേപത്തിന്റെ കാലവധി കഴിഞ്ഞ 500 ഇടപാടുകാരുണ്ട്. ചികിത്സയ്ക്കും മറ്റും അത്യാവശ്യ ചെലവുകൾക്കും പണം ചോദിച്ചുചെന്നാൽ 10,000 മുതൽ 50,000 രൂപവരെ കൊടുക്കും. 50 ബാങ്കുകൾ ചേർന്ന് 100 കോടി ഇട്ട് കരുവന്നൂർ ബാങ്കിനെ രക്ഷിക്കുവാൻ പദ്ധതിയുണ്ടായിരുന്നു. അതും നടന്നില്ല.
ഓഡിറ്റർ അറിഞ്ഞില്ലേ?
എന്തുകൊണ്ട് ഈ തട്ടിപ്പുകൾ നടക്കുന്നു. ഈ ബാങ്കുകൾ ഓഡിറ്റ് ചെയ്തവർ ആര്. അവർ ചൂണ്ടിക്കാണിച്ച തട്ടിപ്പുകളിൽ നടപടി ഉണ്ടാകാതെ ഇരുന്നിട്ടുണ്ടോ? ഉത്തരവാദികളുടെ മേൽ കർശന നടപടി എടുക്കണം. സർവീസിൽനിന്നു വിരമിച്ചവരിൽനിന്നു പോലും പണം പിരിച്ചെടുക്കുവാൻ നടപടി ഉണ്ടാകണം. കേരളത്തിലെ എല്ലാ സൊസൈറ്റിയുടെയും കാര്യത്തിൽ ഇത്തരം ഒരു അന്വേഷണവും നടപടിയും ഉണ്ടാകണം. ഇല്ലെങ്കിൽ ഈ മേഖലയും തളരും. ഇഡി അവരുടെ വഴിക്കു പോകട്ടെ. പ്രതികളെ രക്ഷിക്കുവാൻ ശ്രമിക്കരുത്. ഇഡി കയറാത്ത സംഘങ്ങളെ സുരക്ഷിതമാക്കുക.
സർക്കാരിന്റെ മുഖം വികൃതം
ഇതിനിടയിൽ ഇടതുമുന്നണി സർക്കാരിന്റെ മുഖം വികൃതമാണെന്ന് മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐ സംസ്ഥാന കൗണ്സിലിന്റെ വിലയിരുത്തൽ സർക്കാരിന് വല്ലാത്ത അടിയായി. ഇടതുമുന്നണിയിലെ ഘടകകക്ഷികളിൽ അല്പമെങ്കിലും തന്റെടത്തോടെ കാര്യങ്ങൾ പറയുന്ന കക്ഷിയാണ് സിപിഐ. രണ്ടു ടേമുകളിലായി ഏഴു വർഷം പിന്നിട്ട സർക്കാരിന് അഭിമാനിക്കത്തക്ക ഒരു പദ്ധതിയും നടപ്പാക്കാനായില്ലെന്ന് സിപിഐ സംസ്ഥാന കൗണ്സിലിൽ വിമർശനമുയർന്നു. വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും അടിക്കടി വീഴുന്നതിനിടെ മാസപ്പടി കേസിലെ മുഖ്യമന്ത്രിയുടെ വിശദീകരണം ആർക്കും ദഹിക്കുന്നതല്ല. മുഖ്യമന്ത്രിയെ കാണാൻ ജനങ്ങൾക്കാകുന്നില്ല.
കേരളീയം പോലുള്ള പരിപാടികൾ ധൂർത്താണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താൻ പോകുന്ന ജനസദസ് പാഴാകും. ഇന്നത്തെ നിലയിൽ പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് സംസ്ഥാന കൗണ്സിലിൽ മുന്നറിയിപ്പ് ഉയർന്നു. തോമസ് ഐസക്, ജി. സുധാകരൻ, എം.എ. ബേബി എന്നീ മുൻ മന്ത്രിമാർ നേരത്തേതന്നെ പറഞ്ഞ വിലയിരുത്തലുകളും ഇതോട് ചേർന്നുപോകുന്നു. അതാണ് ഭൂരിപക്ഷം ജനങ്ങളുടെയും മനസും.
സിബിഐ വരുമോ?
സ്വർണ കള്ളക്കടത്ത് തട്ടിപ്പുകേസ് അന്വേഷണത്തിനെത്തിയതുപോലെ കേരളത്തിൽ നടക്കുന്ന ബാങ്ക്, മാസപ്പടി കേസുകളുടെ ബാക്കിപത്രം തേടി സിബിഐയും ഫ്രാഡ് ഇൻവെസ്റ്റിഗേഷൻ ടീമും എത്തുമോ? കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ അന്വേഷണങ്ങളുടെ സൂചനകൾ അതിലേക്കാണു നീളുന്നതെന്ന് കരുതാൻ ന്യായങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കന്പനിയായ എക്സാ ലോജിക്കിന് സിഎംആർഎൽ കന്പനി നല്കിയ അന്യായമായ ഉപഹാരം സംബന്ധിച്ച കേസ് സീരിയസ്.
ഫ്രാഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്നേഷിക്കണമെന്ന് ഇടപാട് നിയമവിരുദ്ധമെന്നു കണ്ട മൂന്നംഗ റിട്ട.ഹൈക്കോടതി ജഡ്ജിമാരുടെ സെറ്റിൽമെന്റ് ബോർഡ് നിർദേശിച്ചിരുന്നു. വീണയ്ക്കു കൊടുത്ത 1.72 കോടിയല്ല, പിവി അടക്കമുള്ളവർക്ക് കന്പനി അക്കാലത്ത് കൊടുത്ത 95 കോടി രൂപയുടെ സംഭാവനകളും ബോർഡ് അന്യായമെന്നു കണ്ടെത്തിയിട്ടുണ്ട്. അതെല്ലാം അന്വേഷിക്കാനാകും അവർ വരിക. ആർക്കെല്ലാമാകുമോ കുടുക്ക് വീഴുക.
രാഷ്ട്രീയപ്രേരിതമോ?
കുറ്റകൃത്യം അന്വേഷിക്കുന്നതും പ്രതികളെ പടിക്കുന്നതും രാഷ്ട്രീയ പ്രേരിത നടപടി മാത്രമെന്നു പറയാനാകുമോ? കേസ് അന്വേഷിക്കാത്തതും കുറ്റവാളികൾക്ക് നിർബാധം വിഹരിക്കുവാൻ സാധിക്കുന്നതുമല്ലേ രാഷ്ട്രീയപ്രേരിത നടപടി?
കേരളത്തിലെ സഹകരണ മേഖലയിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് സർക്കാരിന് അറിയുന്ന കേസുകളിൽ പോലും എന്തായി നടപടികൾ?എത്ര പേരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനായി? സാങ്കേതികത്വം പറഞ്ഞ് സൊസൈറ്റിയിലെ സെക്രട്ടറിയെയോ ക്ലർക്കിനെയോ ബലിയാടാക്കി വലിയ മീനുകൾ രക്ഷപ്പെടുകയല്ലേ? ഈ സാഹചര്യമല്ലേ രാഷ്ട്രീയപ്രേരിതമായ സ്ഥിതി?
ചോറ്റുപാത്രത്തിലെ ഒരു ചോറ് കറുത്തതാണെന്നു കരുതി ചോറാകെ ചീത്തയെന്നു പറയാനാകുമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം യുക്തിസഹമാണ്. പക്ഷേ ഒരു ചോറൊന്നുമല്ലല്ലോ കറുത്തത്. ഓരോ ദിവസവും പുത്തൻ കഥകൾ വരുന്നില്ലേ? ഉയർന്ന പലിശ മോഹിച്ചും പലരുടെയും സ്നേഹനിർബന്ധത്തിനു വഴങ്ങിയും ആദായനികുതിക്കാരെ വെട്ടിക്കാമെന്ന സൗകര്യം നോക്കിയുമൊക്കെ സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവർ ഇന്ന് വല്ലാത്ത ഭീതിയിലാണ്.
ഇതാണ് രാഷ്ട്രീയക്കാർ ചെയ്ത സഹായം. സഹകരണ ബാങ്കുകളിൽ കിടക്കുന്ന പണം സുരക്ഷിതമാണോയെന്ന ഭീതി ജനങ്ങളിൽ ശക്തമാകുകയാണ്. അതുകൊണ്ട് ജനങ്ങളുടെ വിശ്വാസ്യത കൂട്ടുന്നതിനുള്ള നടപടികൾ ഉണ്ടാകണം. മുഖ്യമന്ത്രി അപകടം മനസിലാക്കിയാണു പ്രതികരിച്ചതും. പണം സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞതു നല്ല കാര്യമാണ്. പക്ഷേ ലക്ഷക്കണക്കിനു രൂപ ബാങ്കിൽ നിക്ഷേപിച്ചവന് അത്യാവശ്യത്തിന് ചെല്ലുന്പോൾ അയ്യായിരമോ പതിനായിരമോ കിട്ടുന്ന സ്ഥിതിയിൽ എങ്ങനെ വിശ്വാസ്യത ചോരാതിരിക്കും?