ക്രിസ്ത്യൻ സമുദായംക്രിസ്ത്യൻ സമുദായം ന്യൂനപക്ഷാവകാശ നിയമപ്രകാരം സ്കൂളുകൾ സ്ഥാപിച്ച് അധ്യാപക നിയമനവും വിദ്യാർഥിപ്രവേശനവും നടത്തുന്നതല്ലാതെ ക്രൈസ്തവ സംസ്കാരത്തിന്റെയും ഭാഷകളുടെയും സംരക്ഷണത്തിനായി അവ ഉപയോഗിക്കുന്നുണ്ടോ എന്നത് സംശയകരമാണ്.
വേദപാഠപഠനം, ആദ്യ വെള്ളിയാഴ്ച ആചരണം എന്നിവയ്ക്കപ്പുറത്തേക്ക് കാര്യമായി യാതൊന്നും കത്തോലിക്കാ സ്കൂളുകളിൽ നടത്തപ്പെടാറില്ല. അവതന്നെയും ഇപ്പോൾ കുറഞ്ഞുവരുന്നു. കെഇആർ പ്രകാരം സുറിയാനി, ലത്തീൻ ഭാഷകൾ പഠിപ്പിക്കാമായിരുന്നിട്ടും വളരെ ചുരുക്കം ഹയർ സെക്കൻഡറി ക്ലാസുകളിൽ മാത്രമാണ് അവയുള്ളത്. പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ ഈ ഭാഷകൾ പഠിപ്പിക്കുന്നേയില്ല. ഈ ശ്രദ്ധക്കുറവു മൂലം ഈ ഭാഷകളും സംസ്കാരങ്ങളും തലമുറകൾക്കു കൈമാറുന്നതിൽ ക്രൈസ്തവർ പരാജയപ്പെട്ടു എന്നു മാത്രമല്ല, ധാരാളം തൊഴിലവസരങ്ങളും നഷ്ടപ്പെടുത്തി. പാഠപുസ്തകങ്ങളിലുണ്ടാകുന്ന കൈയേറ്റങ്ങളും വളച്ചൊടിക്കലുകളും ക്രൈസ്തവർ ശ്രദ്ധിക്കുന്നതേയില്ല. കലോത്സവങ്ങളിലാണെങ്കിലും മാർഗംകളിക്കും ചവിട്ടുനടകത്തിനുമപ്പുറം ക്രൈസ്തവ കലകളുടെ പരിപോഷണത്തിലും ശ്രദ്ധ ചെലുത്തുന്നില്ല.
സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവിയുടെ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിനൊപ്പം ബോർഡുകളിലോ ലെറ്റർപാഡുകളിലോ A Christian Minority Institution എന്ന് എഴുതി ചേർത്തിരിക്കുന്നതായോ ഭരണഘടനയിലെ 29, 30 അനുച്ഛേദങ്ങൾ സ്ഥാപനങ്ങളിൽ എഴുതി പ്രദർശിപ്പിച്ചിരിക്കുന്നതായോ ഒരിടത്തും കണ്ടിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളെ പൂർണമായ അർഥത്തിൽ ഉള്ള Community Institutions ആയി വീണ്ടെടുക്കാൻ സ്ഥാപന മേധാവികൾക്കു സാധിക്കണം. ന്യൂനപക്ഷാവകാശങ്ങളുടെ അന്തിമ അവകാശികളും ഗുണഭോക്താക്കളും കേവലം സ്ഥാപനങ്ങളല്ല, മറിച്ച് സമുദായം മുഴുവനുമാണ് എന്ന തിരിച്ചറിവ് എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടതുണ്ട്.
സർക്കാർ കൈയേറ്റങ്ങൾഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷാവകാശങ്ങൾ പലതും സംസ്ഥാന സർക്കാർ കൈയേറിക്കൊണ്ടിരിക്കുന്നു. അവയോട് എതിർത്തു നിൽക്കാൻ പലപ്പോഴും ക്രൈസ്തവർക്കു സാധിക്കാതെയും വരുന്നു. ഭരണഘടനാ അനുച്ഛേദം 30 പ്രകാരം എല്ലാ ന്യൂനപക്ഷങ്ങൾക്കും അവർക്കിഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്. അതായത്, മാനേജ്മെന്റിന് സ്വന്തം താത്പര്യപ്രകാരം അധ്യാപകരെ നിയമിക്കാനും വിദ്യാർഥികളെ തെരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ട്. കോടതിവിധികൾ പ്രകാരം വിദ്യാർഥിപ്രവേശനത്തിൽ 50 ശതമാനം വരെ കമ്യൂണിറ്റി ക്വോട്ടയ്ക്കും അവകാശമുണ്ട് (നിലവിൽ പരമാവധി 20 ശതമാനം കമ്യൂണിറ്റി ക്വോട്ട മാത്രമേ അനുവദിച്ചിട്ടുള്ളൂ). എന്നാൽ, ഏകജാലക സംവിധാനം കൊണ്ടുവന്ന് വിദ്യാർഥിപ്രവേശനം സർക്കാർ നിയന്ത്രണത്തിലാക്കി, അധ്യാപക ബാങ്കിൽനിന്ന് 1:1 അനുപാതത്തിൽ നിയമനവ്യവസ്ഥ കൊണ്ടുവന്ന് എയ്ഡഡ് അധ്യാപക നിയമനവും സർക്കാർ കൈയേറി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റുകൾ സർക്കാർ ഏറ്റെടുത്ത് സംവരണങ്ങൾ പോലും നടപ്പിലാക്കി. ഭിന്നശേഷി സംവരണം എയ്ഡഡ് അധ്യാപക നിയമനത്തിൽ കൊണ്ടുവരിക മാത്രമല്ല, അവ എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചിൽനിന്നു നൽകുന്ന ലിസ്റ്റിൽനിന്നു നടത്തണമെന്നു നിർബന്ധമാക്കി. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ട, ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളിൽ മുന്നാക്ക-പിന്നാക്ക വേർതിരിവ് നടത്തി സുറിയാനി സഭകൾ നടത്തുന്ന സ്ഥാപനങ്ങളിൽ കേവലം 10 ശതമാനം മാത്രമായി പരിമിതപ്പെടുത്തി.
എയ്ഡഡ് സംവിധാനംഎയ്ഡഡ് സംവിധാനമെന്നാൽ സർക്കാർ ശമ്പളം നൽകി സമുദായങ്ങളും വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നു എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ, പൗരന്മാരുടെ വിദ്യാഭ്യാസം എന്ന സർക്കാരിന്റെ കടമ നിർവഹിക്കാൻ സ്വന്തം സ്ഥലവും കെട്ടിടങ്ങളും വിട്ടുനൽകി അവർ സർക്കാരിനെ സഹായിക്കുകയാണു ചെയ്യുന്നത്. സർക്കാരിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനുള്ള ത്രാണി ഇല്ലാതിരുന്ന കാലത്ത് ക്രൈസ്തവ സമുദായത്തോട് അവ ആരംഭിക്കാൻ സർക്കാരുകൾ അഭ്യർഥന നടത്തിയിരുന്നു എന്നതാണ് യാഥാർഥ്യം. ഉദാഹരണത്തിന്, 1920ൽ ശ്രീമൂലം പ്രജാസഭയിൽ നടത്തിയ അഭ്യർഥനപ്രകാരം മധ്യതിരുവിതാംകൂറിൽ ഒരു കോളജ് ആരംഭിക്കാൻ സർക്കാരിന് സാധിക്കാതിരുന്ന സാഹചര്യത്തിലാണ് കുര്യാളശേരി പിതാവ് എസ്ബി കോളേജ് ആരംഭിക്കുന്നത് (എസ്ബി കോളജ് ഗോൾഡൻ ജൂബിലി സുവനീർ, 1973 പേജ് 21).
നിസ്കാരവും വഖഫുംക്രൈസ്തവ സ്ഥാപനങ്ങളിൽ നിസ്കാരം ആവശ്യപ്പെടുന്നവരോടു പറയാനുള്ളത്, ഇത് അനുവദിച്ചു തരാനുള്ള നിയമപരമായ യാതൊരു ബാധ്യതയും ക്രൈസ്തവ സ്ഥാപനങ്ങൾക്കില്ല എന്നാണ്. എന്നാൽ, അവിടെ ക്രിസ്തീയ പ്രാർഥനകൾ നടത്തുന്നത് അനുച്ഛേദങ്ങൾ 29, 30 പ്രകാരം അനുവദിക്കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെ അടിസ്ഥാനത്തിലാണ്.
അങ്ങനെയാണെങ്കിൽ മുസ്ലിംകളും ന്യൂനപക്ഷമല്ലേ അവരുടെ സംസ്കാരവും സംരക്ഷിക്കപ്പെടേണ്ടേ എന്നു ചോദിക്കുന്നവരോടു പറയാനുള്ളത്, ക്രൈസ്തവർ പിടിയരി പിരിച്ചും മുണ്ടു മുറുക്കിയുടുത്തും സ്ഥാപനങ്ങൾ പടുത്തുയർത്തിയത് അവരുടെ സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മറ്റുള്ളവർക്കും അവിടെ പഠിക്കാൻ അവസരം നൽകുന്നുണ്ട് എന്നു മാത്രം.
ക്രിസ്ത്യൻ സ്ഥാപനങ്ങളിലെ ഇപ്രകാരമുള്ള അന്തരീക്ഷം ഇന്ത്യയിലെയും കേരളത്തിലെയും ഭൂരിപക്ഷസമൂഹം മാനിക്കുകയും നല്ല രീതിയിൽ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം നേടി പുറത്തുവന്നു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തതിന്റെ ദീർഘകാല ചരിത്രവും നമുക്കു മുൻപിലുണ്ട്. ഇസ്ലാമിക സംസ്കാരം പരിപോഷിപ്പിക്കേണ്ടവർ ഇസ്ലാമിക സ്ഥാപനങ്ങളിൽത്തന്നെ തുടരുകയാണു വേണ്ടത് എന്ന് സ്നേഹബുദ്ധ്യാ ഓർമിപ്പിക്കുന്നു.
വഖഫ് ബോർഡിന്റെ അധികാരങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്ന അവസരത്തിൽത്തന്നെ ഈ നിസ്കാര വിവാദങ്ങൾ ഉയർന്നുവന്നത് കാര്യങ്ങൾ വേഗം ഗ്രഹിക്കുന്നതിന് സഹായകമായി എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇനിയും നിസ്കരിക്കാൻ അവസരം നൽകുന്ന ഏതെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങളുണ്ടെങ്കിൽ അവയുടെ നടത്തിപ്പുകാർ 1995ലെ വഖഫ് ആക്ട് വായിച്ചു മനസിലാക്കുന്നത് ഉചിതമായിരിക്കും.
അതിന്റെ ചാപ്റ്റർ 1, സെക്ഷൻ 3 ഡെഫിനിഷൻസ് എന്നതിൽ ഉപവകുപ്പ് r ( i) ൽ പറയുന്ന waqf by user എന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞിരിക്കണം. നിസ്കാരം പോലെയുള്ള മുസ്ലിം മതകർമങ്ങൾക്ക് ഉപയോഗിക്കുന്ന ഏതു സ്ഥലവും അവർ അതു നിർത്തിയാൽപ്പോലും കാലപരിധിക്കതീതമായി വഖഫ് ആയി കണക്കാക്കപ്പെടുമെന്ന് 2013ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തിരിക്കുകയാണ്. ഇപ്പോൾ വഖഫ് നിയമങ്ങൾ വീണ്ടും ഭേദഗതി ചെയ്യപ്പെടുമായിരിക്കും. എന്നാൽ, പിന്നീട് ഒരു അവസരത്തിൽ അവയൊക്കെ മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തേക്കാം. അതിനാൽ ഈ വിഷയത്തിലുള്ള കരുതൽ എപ്പോഴും നല്ലതാണ്.
ന്യൂനപക്ഷ അവകാശങ്ങൾ എന്താണെന്നും അവയുടെ ആവശ്യകതയെന്തെന്നും ഇതര സമുദായങ്ങൾ അവ എപ്രകാരം വിനിയോഗിക്കുന്നുവെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷങ്ങൾ മനസിലാക്കിയിരിക്കുന്നത് ഉചിതമായിരിക്കും.