സഭാമാതാവിനോടുള്ള പ്രതിബദ്ധത ‘സഭ മാതാവായില്ലാത്ത ഒരുവനും ദൈവം പിതാവായി ഉണ്ടായിരിക്കുകയില്ല’എന്നു കാര്‍ത്തേജിലെ വിശുദ്ധ സിപ്രിയന് (+258) പറയുകയുണ്ടായി. ‘കാലാനുസൃതമായ സഭാജീവിതത്തെക്കുറിച്ച്’ പരിചിന്തനംചെയ്യുന്ന ഈ അസംബ്ലി സഭയോടുള്ള സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കാനുതകുന്ന വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. സഭ മാതാവും ഗുരുനാഥയുമാണെന്നാണ് വിശുദ്ധ ജോണ്‍ 23-ാമൻ പാപ്പാ പറയുന്നത്. സഭാശുശ്രൂഷകരിലൂടെ കാലാകാലങ്ങളില്‍ ലഭിക്കുന്ന പ്രബോധനങ്ങള്‍ മക്കള്‍ക്കടുത്ത വിധേയത്വത്തോടെ അനുസരിക്കാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട്. "മാമ്മോദീസായിലൂടെ നമ്മെ ജനിപ്പിച്ച് തന്റെ സമൂഹത്തില്‍ വളര്‍ത്തി പരിപാലിക്കുന്ന പരിശുദ്ധ മറിയത്തിന്റേതുപോലുള്ള മാതൃനിര്‍വിശേഷമായ എളിമയുടെയും നന്മയുടെയും മനോഭാവമുള്ള അമ്മയാണ് തിരുസഭ. ഒരു മാതൃനിര്‍വിശേഷമായ വികാരത്തോടെയല്ലാതെ മാനുഷിക ഊഷ്മളതയില്ലാത്ത കര്‍ക്കശമായ സംഘടനയായി സഭയെ കരുതുന്നത് ഒരു അനാഥനാണെന്ന്’ ഫ്രാന്‍സിസ് പാപ്പാ പറയുന്നത് ശ്രദ്ധേയമാണ്.
ചര്ച്ചാവിഷയങ്ങള്സഭയിലൂടെയുള്ള വിശ്വാസരൂപവത്കരണമാണ് സഭായോഗത്തിലെ ഒന്നാമത്തെ പരിചിന്താവിഷയം. സെക്കുലറിസത്തിന്റെയും നിരീശ്വരത്വത്തിന്റെയും സുഖലോലുപതയുടെയും വര്‍ഗീയതയുടെയും പ്രത്യയശാസ്ത്രങ്ങള്‍ക്കിടയില്‍ വിശ്വാസപരമായ പ്രബോധനത്തിന്റെ അടിയന്തരാവശ്യത്തെക്കുറിച്ച് ജീവിതാന്തസും പ്രായഭേദവുമനുസരിച്ച് ബെനഡിക് പാപ്പാ ഓര്മിപ്പിക്കാറുണ്ടായിരുന്നു (Educational emergency). വിശ്വാസപ്രബോധനങ്ങളുടെ ഗുരുഭക്ഷണം കഴിച്ച് (1 കോറി 3:1-2) വചനത്തിന്റെ പ്രഥമപാഠങ്ങള്വിട്ട് പക്വതയിലേക്കു വളരാന്‍ (ഹെബ്രാ 6:1) സഹായകമായ നൂതനശൈലികളും സങ്കേതങ്ങളും ഉരുത്തിരിഞ്ഞുവരേണ്ടിയിരിക്കുന്നു.
ദൈവജനത്തിന്റെ, പ്രത്യേകിച്ച് അല്മായരുടെ പ്രേഷിതദൗത്യമാണ് രണ്ടാമത്തെ വിഷയം. കേവലം സഭാംഗം എന്നതില്‍നിന്ന് സമര്‍പ്പിതമായ ക്രിസ്തുശിഷ്യത്വത്തിലേക്കു വളരാനുള്ള ആധ്യാത്മികതയിലൂടെ ലോകത്തിലെ രാഷ്ട്രീയ, കലാ, സാഹിത്യ, ഭരണ, സേവനമണ്ഡലങ്ങളില് സുവിശേഷത്തിന്റെ സാക്ഷികളാകാനുള്ള സാധ്യതയും കര്‍മപരിപാടികളും യോഗത്തില്‍ വിശകലനംചെയ്യും.
സമുദായശക്തീകരണമാണ് മൂന്നാമത്തെ വിഷയം. കേവലം ഒരു സമുദായമെന്ന നിലയില്‍ സ്വന്തം താത്പര്യങ്ങളില്‍ കേന്ദ്രീകരിച്ചല്ല, സഭയെന്ന നിലയില്‍ എല്ലാവരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വിദ്യാഭ്യാസ, ആതുര, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യമാണ് സീറോമലബാര്‍ സഭയുടേത്. എന്നാൽ, അതേസമയംതന്നെ ഒരു സമൂഹമെന്ന നിലയില്‍ സഭാംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്, വര്‍ധിച്ചുവരുന്ന വിദേശ കുടിയേറ്റം, വിവിധ അധിനിവേശശക്തികളുടെ കടന്നുകയറ്റം, ന്യൂനപക്ഷാവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഘട്ടംഘട്ടമായുള്ള നിഷേധങ്ങള്‍, ദളിത്-പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ നേരിടുന്ന നീതിനിഷേധം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളില്‍ അതിജീവനത്തിനുള്ള കരുത്തു പകരാനും യോഗചിന്തകള് സഹായിക്കുമെന്നു പ്രത്യാശിക്കാം.
സിനഡാത്മക സഭ2024 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന സിനഡാത്മക സഭയെക്കുറിച്ചുള്ള പ്രാരംഭരേഖയില് പറഞ്ഞിരിക്കുന്നതുപോലെ കേവലം ചില രേഖകള്‍ പുറപ്പെടുവിക്കുന്ന ഒരു സമ്മേളനമല്ല. സഭയുടെ സമൂലം സിനഡാത്മകമായ ഒരു ജീവിതശൈലിയും പ്രവര്‍ത്തനരീതിയുമാണ് പരിശുദ്ധ പിതാവ് വിഭാവനംചെയ്യുന്നത്. അവ ഇപ്രകാരമാണ്. ‘നാം വിളിക്കപ്പെട്ടിരിക്കുന്ന സഭയെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ പ്രചോദിപ്പിക്കുക, മാനുഷിക പ്രത്യാശ പുഷ്കലമാക്കുക, വിശ്വാസ്യത ഉത്തേജിപ്പിക്കുക, മുറിവുകള്‍ വച്ചുകെട്ടുക, നവവും അഗാധവുമായ ബന്ധങ്ങള്‍ നെയ്തെടുക്കുക, പരസ്പരം പഠിക്കുക, നല്ല ബന്ധങ്ങള്‍ പണിതുയര്‍ത്തുക, മനസിനെ ദീപ്തവും ഹൃദയത്തെ ഊഷ്മളവുമാക്കുക, പൊതുദൗത്യത്തിനുവേണ്ടിയുള്ള നമ്മുടെ കരങ്ങളുടെ ശക്തി വീണ്ടെടുക്കുക (ഒരുക്കരേഖ 2021)- ഇത്തരത്തിലുള്ള ഒരു ‘അജപാലനമാനസാന്തരത്തിനു’സഹായകമായ ചിന്തകള്‍ സഭായോഗത്തില്‍ ഉരുത്തിരിയും എന്നു നമുക്കു പ്രത്യാശിക്കാം.