►പാവങ്ങളുടെ മാനത്തിനു വിലയില്ല!◄
കോളിളക്കം സൃഷ്ടിക്കുന്ന ചില കേസുകൾ മാത്രമാണു രാജ്യശ്രദ്ധയിൽ വരുന്നത്. ഓരോ ദിവസവും കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെടുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ പെണ്‍കുട്ടികളുടെ കാര്യം വൻകിട മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ, സാംസ്കാരിക നായകരും അറിഞ്ഞതായി നടിക്കാറില്ല. ഇന്ത്യയിൽ ഓരോ 15 മിനിറ്റിലും ഒരു സ്ത്രീയുടെ മാനം പിച്ചിച്ചീന്തപ്പെടുന്നുണ്ടെന്ന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. പക്ഷേ, രാഷ്ട്രീയ മുതലെടുപ്പിനു പറ്റിയ പ്രമാദമായ കേസുകളിൽ മാത്രമാണു സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുതലക്കണ്ണീരൊഴുക്കുന്നത്.
കോൽക്കത്തയിൽ ആയതിനാലും യുവ വനിതാ ഡോക്ടർ ആയതിനാലുമാണ് ആർജി കർ മെഡിക്കൽ കോളജ് കേസ് വലിയ പബ്ലിസിറ്റിക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയത്. പശ്ചിമബംഗാളിലെ മമത ബാനാർജി സർക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളാണു വിഷയം കത്തിച്ചത്. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നു പറയുന്നവർ തന്നെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്നത്.
►ഹേമ കമ്മിറ്റി, വിനേഷ് ഫോഗട്ട്◄
ഇന്ത്യയിൽ സ്ത്രീ ഇന്നും സുരക്ഷിതയല്ല. ആശങ്കയില്ലാതെ പെണ്‍കുട്ടിയെ യാത്രയാക്കാൻ മാതാപിതാക്കൾക്കു കഴിയാറില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയക്കാരും നൽകുന്ന ഉറപ്പുകൾ ജലരേഖകളാകുന്നു. സ്ത്രീകൾക്കു തുല്യാവസരവും തുല്യനീതിയും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ രാജ്യം പരാജയപ്പെടുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിസഭകൾ, പാർലമെന്റ്, നിയമസഭകൾ എന്നിവ മുതൽ മത, സാമുദായിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വരെ സ്ത്രീകളോടുള്ള വിവേചനം കാണാനാകും.
സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചുമുള്ള ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതിന്റെ മറ്റൊരു വശമാണ്. സ്ത്രീകളെ ചൂഷണം ചെയ്യുകയും ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്യുന്നുവെന്ന പരാതിക്ക് പഴക്കമേറെയുണ്ടെങ്കിലും തിരുത്തലുകളോ ശിക്ഷയോ ഉണ്ടാകാറില്ല. പാരീസ് ഒളിന്പിക്സിൽ സ്വർണമെഡൽ നിഷേധിക്കപ്പെട്ട ഇന്ത്യയുടെ വീരപുത്രിയും ഗുസ്തിതാരവുമായ വിനേഷ് ഫോഗട്ടിന്റെ കണ്ണീരു വീഴ്ത്തിയിട്ടും പശ്ചാത്തപിക്കാത്തവരാണു ദേശീയ നേതാക്കൾ. ഇരകളോടൊപ്പം എന്നു പറഞ്ഞുകൊണ്ടുതന്നെ വേട്ടക്കാരോടൊപ്പം ഓടുന്നു.
►നിയമങ്ങൾ മാത്രം പരിഹാരമാകില്ല◄
നിയമങ്ങൾകൊണ്ടു മാത്രം ഒരു തിന്മയും പരിഹരിക്കാനാകില്ല. ലഹരികളോടുള്ള ആർത്തിപോലെതന്നെ അപകടകരമാണ് അമിതമായ ലൈംഗികാസക്തി. ഇന്റർനെറ്റിലും വാട്ട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്ന അശ്ലീല വീഡിയോകൾക്കു സ്കൂൾ കുട്ടികൾ പോലും അടിമകളാകുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നടത്തിയാലും രക്ഷപ്പെടാമെന്ന തോന്നലും കുറ്റകൃത്യങ്ങൾ കൂടുന്നതിനു കാരണമാണ്. ഭയത്തിന്റെ അഭാവവും ശക്തമായ പോലീസ് നടപടികളുടെ വീഴ്ചകളും ഗുരുതര തിന്മകൾ കൂടുന്നതിനു വഴിതെളിക്കും. നിയമത്തിലെ പഴുതുകളും പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളിലേറെയും രക്ഷപ്പെടുന്നു!
ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നത് അതീവ ഗുരുതരമാണ്. കോടതികളിൽ വിചാരണയ്ക്കു പോയ ബലാത്സംഗ കേസുകളിൽ വെറും 2.56 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകളിലുണ്ട്. പീഡനശ്രമ കേസുകളിൽ ഒരു ശതമാനത്തിൽ താഴെ (0.92%) മാത്രമാണ് കോടതികളിൽ ശിക്ഷിക്കപ്പെട്ടത്. 2022ൽ രജിസ്റ്റർ ചെയ്ത 31,516 ബലാത്സംഗ കേസുകളിൽ 26,508 എണ്ണത്തിലാണു കുറ്റപത്രം സമർപ്പിച്ചത്. 2018-2022 മുതൽ ബലാത്സംഗത്തിനുള്ള ശിക്ഷാനിരക്ക് 27- 28 ശതമാനം മാത്രമാണ്.
►ഹൃദയത്തിൽ പതിയട്ടെ, ബഹുമാനം◄
പെണ്‍കുട്ടികളെ ബഹുമാനത്തോടെ സ്നേഹിക്കാനും തുല്യരായി കാണാനും വളരെ ചെറുപ്പം മുതൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ പല മാതാപിതാക്കൾക്കും വീഴ്ചയുണ്ടാകുന്നുണ്ടെന്നു സംശയിക്കാം. ആണ്‍കുട്ടിക്ക് മേധാവിത്വം ഉണ്ടെന്ന തെറ്റായ തോന്നലുള്ള പലരെയും ഇക്കാലത്തും കാണുന്നുണ്ട്. കുടുംബങ്ങളിലും വിദ്യാലയങ്ങളും പൊതുസമൂഹത്തിലും മൂല്യങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും തെറ്റുകൾ കൂടാൻ കാരണമാകും.
ലിംഗവ്യത്യാസമില്ലാതെ എല്ലാ മക്കളെയും ഒരുപോലെ കാണാൻ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും മത-സാമുദായിക-സാമൂഹിക ഇടങ്ങളിലും പ്രത്യേക ശ്രദ്ധ ഉണ്ടാകണം. സ്ത്രീകൾ അമ്മയും സഹോദരിയും സ്നേഹവും ആണെന്നു പറഞ്ഞാൽ പോരാ, ഓരോരുത്തരുടെയും ഹൃദയത്തിൽ ഈ അവബോധം ആഴത്തിൽ പതിക്കുകയാണു പ്രധാനം.