കേരള നിയമസഭയിലെ ജീവനക്കാരുടെ ഒരു പരിപാടിക്കു വന്ന ഒരു സൂപ്പർ നടി മദ്യപിച്ചു ലെവലില്ലാതെ പെരുമാറുന്നതിന്റെ വീഡിയോകൾ പരന്നതല്ലേ? ഷൂട്ടിംഗിന് ചെന്ന ഒരു യുവനടൻ രാത്രി അലറിക്കൂവി പെരുവഴിയിലൂടെ നടന്നതിനെക്കുറിച്ച് നിർമാതാവുതന്നെ പരസ്യമായി പറഞ്ഞില്ലേ? ഇതെല്ലാം അവിടെ നടക്കുന്ന കാര്യങ്ങളാണ് എന്ന സംസാരങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സത്യമാണെന്നു വന്നു. അതിൽ കേരളം ഞെട്ടി എന്നെല്ലാം പറയുന്നത് കളവല്ലേ?
സിനിമയുടെ അണിയറയിൽ ഉഭയസമ്മതപ്രകാരം പലതും നടക്കാം, നടക്കാതിരിക്കാം. തയാറല്ലാത്തവരെ നിർബന്ധിക്കുന്നുണ്ടോ? തയാറല്ലാത്തവർക്ക് സംരക്ഷണം കൊടുക്കാൻ സർക്കാരിന് സാധിക്കുമോ എന്നതാണ് ചോദ്യം. ‘അമ്മ’ അടക്കമുള്ള സിനിമാക്കരുടെ സംഘടനകൾ ഇത്തരം പീഡനങ്ങളിൽ ഒന്നും ചെയ്യുന്നില്ല എന്ന കമ്മിറ്റിയുടെ കണ്ടെത്തൽ വല്ലാതെ ആകുലപ്പെടുത്തുന്നതാണ്.
‘അമ്മ’ കൊടുക്കുന്ന പ്രതിമാസ കൈനീട്ടം നഷ്ടപ്പെടരുതെന്നു ഭയന്ന് പലരും പലതും പറയുന്നില്ല എന്ന ആരോപണവും ഉണ്ട്. എന്തിന് അമ്മയുടെ ഔദാര്യത്തിന് സിനിമാതാരങ്ങളെ വിടുന്നു.അവർക്കുവേണ്ടി ഒരു വെൽഫയർ ഫണ്ട് ചലച്ചിത്ര വികസന കോർപറേഷന് ഉണ്ടാക്കിക്കൂടേ. അംഗങ്ങളുടെ വിഹിതവും സർക്കാരിനു സ്വീകരിക്കാം. അവാർഡ് നിശപോലുള്ള പരിപാടികൾ ടിക്കറ്റ് വച്ചു നടത്തി കുറെ പണവും ഉണ്ടാക്കിക്കൂടേ?
മലയാള സിനിമയിലെ മിക്ക നിന്ദ്യ കഥാപാത്രങ്ങളും ക്രൈസ്തവരാകുന്ന ഒരു പ്രവണതയും കൂട്ടിവായിക്കേണ്ടതാണ്. ഇങ്ങനെ ഒരു സമുഹത്തെ ഒറ്റതിരിച്ചു പിടിച്ചു ചിത്രീകരിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെ അല്ലെന്ന് ആർക്കാണറിയാത്തത്?
ഗണേഷ് കുമാർ വീണ്ടും പ്രതിക്കൂട്ടിൽഗതാഗതമന്ത്രിയും സീരിയൽ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റുമായ കെ.ബി. ഗണേഷ്കുമാർ വീണ്ടും പ്രതിക്കൂട്ടിൽ കയറുന്ന ലക്ഷണമുണ്ട്. ആത്മ എന്ന ആ സംഘടന താരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി കമ്മിറ്റി കണ്ടെത്തിയെന്നാണു വിവരം.
അങ്ങനെ ചെയ്തിട്ടില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കാമെന്നും ഗണേഷ് പ്രതികരിച്ചു. നടൻ തിലകന്റെ മകൾ സോണിയ, തന്റെ അച്ഛന് സീരയിലിൽ ചാൻസുകൾ ഇല്ലാതാക്കിയത് ഗണേഷ്കുമാർ ആണെന്ന് ആരോപിച്ചിട്ടുണ്ട്. ഗണേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു മുഖ്യമന്ത്രി പ്രതിതരിച്ചതുമില്ല.
ഗണേഷിനെ രക്ഷിക്കാൻ നോക്കിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അപകടത്തിൽ ചാടിയത്. അക്കാര്യം ഓർമയിലുള്ളതുകൊണ്ടാവണം, പിണറായി ഒന്നും പറഞ്ഞില്ല. ഗണേഷിന് വീണ്ടും കഷ്ടകാലം വരുന്നോ എന്ന സംശയം പലർക്കുമുണ്ട്. ഉമ്മൻ ചാണ്ടിയോട് അദ്ദേഹം കാണിച്ചതായി പറയപ്പെടുന്ന ക്രൂരതയ്ക്ക് കാലം കണക്കു ചോദിക്കാതിരിക്കില്ലല്ലോ?
ഹൈക്കോടതിയുടെ ഇടപെടൽമുദ്രവച്ച കവറിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചാൽ സർക്കാർ വെട്ടിലാവും. എന്തുകൊണ്ട് നാലര വർഷമായി ചെയ്തില്ല എന്ന ചോദ്യമുയരും. പരാതി ഇല്ലാതെയും കേസെടുക്കാം എന്ന ധനമന്ത്രിയുടെ പ്രസ്താവന സർക്കാരിന് തലവേദനയുണ്ടാക്കും.
15 അംഗ പവർ ഗ്രൂപ്പിൽ സർക്കാരിലെ ചില പ്രമുഖർ ഉള്ളതായി കരുതപ്പെടുന്നുണ്ട്. അവരെ പ്രതികളാക്കി കേസെടുക്കേണ്ടിവന്നാൽ എന്താവും സ്ഥിതി? ജസ്റ്റീസ് ഹേമ നടത്തിയത് ജുഡീഷൽ അന്വേഷണമല്ലെന്നും വിവരശേഖരണമായിരുന്നെന്നും അതുകൊണ്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സാധ്യമല്ലെന്നുമാണ് മുഖ്യമന്ത്രി വാദിച്ചത്. അക്കാരണംകൊണ്ടാണ് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാതിരുന്നതെന്നും വിശദീകരിക്കപ്പെട്ടു. പ്രത്യേകം പരാതി തന്നാൽ നടപടിയെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സർക്കാർ വലിയ അനാസ്ഥ കാണിക്കുന്നു എന്ന ആരോപണവുമായി വരുന്ന പ്രതിപക്ഷം ഇത്തരത്തിൽ ഒരു റിപ്പോർട്ട് നാലര വർഷമായി സർക്കാർ ഒളിച്ചു സൂക്ഷിച്ചിട്ട് പുറത്തുകൊണ്ടു വരാൻ എന്തു ചെയ്തു എന്ന ചോദ്യവും പ്രസക്തമാണ്. മാധ്യമങ്ങളുടെ പരിശ്രമം ഇല്ലായിരുന്നെങ്കിൽ ഇന്നും റിപ്പോർട്ട് ഒളിവിൽതന്നെ കഴിയുമായിരുന്നു എന്നു കരുതാനാണ് ന്യായം.
പാർവതിയുടെ ചോദ്യംഅതിക്രമങ്ങളെക്കുറിച്ച് പോലീസിൽ പരാതി കൊടുക്കാനായിരുന്നെങ്കിൽ പിന്നെ കമ്മിറ്റി എന്തിനായിരുന്നു എന്ന നടി പാർവതി തിരുവോത്തിന്റെ ചോദ്യം പ്രസക്തമാണ്. പോലീസിൽ കേസുകൊടുക്കാൻ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലായിരുന്നല്ലോ എന്ന അവരുടെ ചോദ്യവും അർഥപൂർണമാണ്. വൻ താരങ്ങളെ പിണക്കാൻ സർക്കാരിനും പ്രതിപക്ഷത്തിനും താത്പര്യമില്ല. തങ്ങൾ അധികാരത്തിൽ എത്തിയാൽ റിപ്പോർട്ടിന്റെ 63 പേജുകൂടി പുറത്തുവിടുമെന്നും അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നവർക്കെതിരേ കേസെടുക്കുമെന്നും പറയാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? ബിഷപ് ഫ്രാങ്കോ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സമരമിരുന്ന സാംസ്കാരിക നായകർക്ക് നാവിറങ്ങിപ്പോയോ?
ഇരയുടെ അനുഭവംഅങ്ങനെ പോലീസിൽ പരാതി കൊടുത്ത ഒരു ഇര അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കേരളം കാണുന്നുണ്ട്. കോടതിയിൽ സമർപ്പിച്ച വീഡിയോയിൽ വരെ കൃത്രിമത്വം നടത്തി. ഇതിനെതിരേ കേസും പരാതികളുമായി അവർ എത്ര കോടതികൾ കയറിയിറങ്ങി. കേസ് വാദം കേൾക്കുന്ന ജഡ്ജിയെ മാറ്റണം എന്നുവരെ അവർക്ക് കോടതിയിൽ അപേക്ഷിക്കേണ്ടിവന്നു. ഇരയോടൊപ്പം എന്നു പറഞ്ഞ് പെരുന്പറ കൊട്ടുന്നവരിൽ പലരും, മാധ്യമങ്ങൾവരെ കാലുമാറ്റി ചവിട്ടുന്നതു കണ്ടു. വേട്ടക്കാരനായി ചിത്രീകരിക്കപ്പെടുന്ന നടനെക്കുറിച്ചുള്ള കീർത്തനങ്ങൾ പാടി. അവർക്ക് വിൽപനയാണു വലുത്.
വേട്ടക്കാരൻ എന്നു പറയുന്ന വ്യക്തി, ഏറ്റവും വിലയുള്ള വക്കീലന്മാർ തുടങ്ങി എല്ലാവരെയും വിലയ്ക്കെടുക്കും. ഒരു ഷോട്ടിൽ അഭിനയിച്ചു കിട്ടുന്ന ആയിരം രൂപയ്ക്ക് അന്നത്തെയപ്പം തേടുന്ന പാവങ്ങൾക്കോ? അവരെ സഹായിക്കാൻ എന്തു ചെയ്യാം എന്നതാവണം വിഷയം. വേട്ടക്കാരെങ്കിലും ഞെട്ടാൻ ഇടവരുത്തണം.