ദുരന്തബാധിതരുടെ ഹൃദയമായ കൃഷിഭൂമികൃഷിഭൂമിയിലെ മണ്ണിനും ഇലച്ചാർത്തുകൾക്കും പൂക്കൾക്കും കായ്കൾക്കുമെല്ലാം മനസിൽ ലഹരിയുണർത്തുന്ന ഗന്ധങ്ങളുണ്ട്. പൂത്തുലഞ്ഞും കായ്കൾ നിറഞ്ഞും നിൽക്കുന്ന ചെടികൾക്കിടയിലൂടെ അവയെ പരിചയപ്പെട്ടും സൗഹൃദം തുടങ്ങിയും സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ വയനാട്ടിലെ ദുരന്തങ്ങളിൽനിന്നു കരപറ്റിയവരുടെ ഹൃദയങ്ങളെ സ്പർശിച്ചറിയുകയായിരിക്കും. ഈ തോട്ടം അവർക്കു കൊടുക്കുന്ന കായ്ഫലങ്ങൾ ഹോം സ്റ്റേകളിൽ സ്വയം പാചകം ചെയ്ത് ആസ്വദിക്കുകയാണെങ്കിൽ അത് അവിസ്മരണീയ അനുഭവമായിരിക്കും. തോട്ടത്തിൽനിന്നു ശേഖരിച്ച സുഗന്ധവ്യഞ്ജനങ്ങൾ നിറച്ച കുട്ടകളുമായിട്ടേ അവർക്കു മടങ്ങിപ്പോകാനാകൂ. ഒപ്പം അതിജീവന ഭവനങ്ങളുടെ മനസുകളും പണപ്പെട്ടിയും നിറയും.
അതിജീവനഗ്രാമത്തിലെ ഉത്പന്നങ്ങൾക്കു തനതായി ഒരു ബ്രാൻഡ് നാമമുണ്ടെങ്കിൽ അവ വാങ്ങുന്ന വിനോദസഞ്ചാരികളിലും വിപണിയിലും സഹതാപ ചലനങ്ങൾ സൃഷ്ടിച്ചെന്നു വരാം.
ശാശ്വത സ്മാരകംആ മണ്ണിൽ മറഞ്ഞുപോയ നൂറുകണക്കിനു നിരപരാധികളായ നമ്മുടെ സഹോദരങ്ങളുടെ ശാശ്വത സ്മാരകമായി ഉരുൾദുരന്തഭൂമി ആദരവോടെ ദേവാലയത്തിനു സമാനം നിലനിർത്തണം. പ്രകൃതി വികൃതമാക്കിയ ഈ നൊന്പരഭൂമി സന്ദർശിച്ച് മൺമറഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കടന്നുവരുന്നവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പാടാക്കണം. ഒപ്പം, നിയന്ത്രണങ്ങളും വേണം.
എല്ലാ വേദനകളും ഉള്ളിലൊതുക്കി ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അതിജീവനത്തിന്റെ നിസഹായരെയും പുതിയ മണ്ണിൽ ഇലകൊഴിഞ്ഞുപോയ അവരുടെ ജീവിതത്തിൽ പുനർജീവന നാന്പുകൾ തളിർത്തുവരുന്ന മനം കുളിർക്കുന്ന കാഴ്ചകളും നേരിൽ കാണാൻ സന്ദർശകർക്ക് അവിടേക്കുള്ള വഴി പരിചയപ്പെടുത്തേണ്ടതുണ്ട്.
പുതിയ ആകാശം, പുതിയ ഭൂമിദുരന്തഭൂമിയിൽനിന്നു കരപറ്റി കരളുറപ്പോടെ കരുപ്പിടിച്ച പച്ചപ്പിന്റെ പുതുനാന്പുകൾ കാണുന്നവർ വായിച്ചറിയട്ടെ, തളരാത്ത മനസുകളും വറ്റിപ്പോകാത്ത ശുഭപ്രതീക്ഷകളും രചിച്ച പ്രകൃതിരമണീയമായ പുതിയ പ്രകാശവും പുതിയ ഭൂമിയും എന്ന മഹത്തായ ജീവിതകാവ്യം.