വെള്ളം ഉൾക്കൊള്ളാനുള്ള നദികളുടെ ശേഷി കുറയുന്നതോടൊപ്പം കാലാകാലങ്ങളായി പല നദികളിലും ഉണ്ടായിരുന്ന മത്സ്യസമ്പത്തിന് ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു. ഇതു വെള്ളപ്പൊക്കത്തോടൊപ്പം തൊഴിൽനഷ്ടവുമുണ്ടാക്കുന്നു. കേരളത്തിലെ നദികളുടെയും കായലുകളുടെയും ആഴം മൂന്നിൽ രണ്ടായി കുറഞ്ഞിരിക്കുന്നുവെന്ന് ശാസ്ത്രീയപoനങ്ങൾ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കും അനുബന്ധ സാധനങ്ങളും പുഴയുടെ അടിത്തട്ടിൽ ജീവന്റെ തുടിപ്പ് നിരോധിക്കുന്നു. ആഴം കുറയുകയും അടിത്തട്ടിൽ ജീവാംശം നശിക്കുകയും ചെയ്തിട്ടും ഡ്രഡ്ജിംഗ് ഇന്നും വാക്കുകളിൽ ഒതുങ്ങുന്നു. 2018 മുതൽ യഥാസമയം ഡ്രഡ്ജിംഗ് നടക്കാത്തതിന്റെ തിക്തഫലം വലിയ തോതിൽ അനുഭവപ്പെട്ടിട്ടും നമുക്ക് മാറ്റം വന്നിട്ടില്ല എന്നതാണ് അത്ഭുതകരം.
3. നദിയിലേക്കു മാലിന്യങ്ങൾ ഒഴുക്കുന്നത് തടയണം മിക്ക നദികളിലേക്കും ആശുപത്രികൾ, വീടുകൾ, വ്യാപാരശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളും അറവുമാലിന്യങ്ങളും മുനിസിപ്പൽ വേസ്റ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും പുറന്തള്ളുന്നത് തടയേണ്ടതാണ്. എന്നാൽ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യത്തിൽ മേൽപ്പറഞ്ഞവ ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യം ഇപ്പോഴുമില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ നദിയിലേക്ക് മാലിന്യങ്ങൾ എത്തിക്കൊണ്ടേയിരിക്കും.
പുഴയോരത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സെപ്റ്റിക് ടാങ്ക്, സോക്പിറ്റ് സംവിധാനങ്ങളിൽ മാറ്റം വരുത്തണം. പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമാകണം. ഇല്ലെങ്കിൽ കുടിക്കാൻ പോയിട്ട്, കൈകഴുകാൻ പോലും നദിയിലെ വെള്ളം ഉപയോഗിക്കാനാകാത്ത കാലം അതിവിദൂരമല്ല.
4. അനധികൃത നിർമാണങ്ങൾ നിരോധിക്കണം നദീതീരത്തെ നിർമാണപ്രവർത്തനങ്ങൾ നദീമലിനീകരണത്തിനു വേഗം കൂട്ടുന്നു. നിയമം മൂലം നിർമാണങ്ങൾക്കു നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അവയെ മറികടക്കുന്നവർ നിരവധിയാണ്.
5. നദികളുടെ വിസ്തൃതി സംബന്ധിച്ചു വ്യക്തത ഉണ്ടാകണം പല നദികളിലും വലിയതോതിലുള്ള കൈയേറ്റങ്ങൾ നടന്നിരിക്കുന്നു. അങ്ങനെയുള്ളവ തിരികെപ്പിടിക്കാനും നദിയുടേത് നദിക്കും കരയുടേത് കരയ്ക്കുമെന്നു വ്യക്തമായ ഒരു അതിര് നിശ്ചയിക്കാനുള്ള സർവേ നടത്തപ്പെടണം. നദിയുടെയും കായലുകളുടെയും വിസ്തൃതിയിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംഭവിക്കുന്നു. നദികളുടെ വിസ്തൃതി കണ്ടെത്തുന്നതിനും നിലവിലുള്ളതെങ്കിലും സംരക്ഷിക്കപ്പെടുന്നതിനുമായി ഒരു പുതിയ സർവേ പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. പൊതുനിർമാണങ്ങൾക്കും റോഡ് നിർമാണങ്ങൾക്കും നദികൾ കൈയേറുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
നദികൾ നിലനിൽക്കണംനദികൾ നാടിന്റെ സമ്പത്താണ്. അവയാണു നാടിനു ജീവജലം നൽകുന്നത്. അവയുടെ തീരങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാണെന്നു നാം മറക്കരുത്. സംസ്കാരങ്ങളെല്ലാം രൂപപ്പെട്ടത് നദീതീരങ്ങളിലായിരുന്നു. നദികളെ മറന്നവർ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലാണ്. എവിടെയൊക്കെ നദികൾ അവഗണിക്കപ്പെട്ടോ അവിടമെല്ലാം നാശത്തിലേക്കു നീങ്ങിയിട്ടുണ്ട്. നമ്മുടെ നദികളെ നാം രക്ഷിക്കണം. അതിനായി വികലമായ ആസൂത്രണങ്ങളും യുക്തിസഹമല്ലാത്ത വികസനനയങ്ങളും മാറ്റിവയ്ക്കാം.
കൂട്ടെഴുത്ത്: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ 2024ൽ മുൻവർഷങ്ങളെ അപേക്ഷിച്ചു വെള്ളപ്പൊക്കം കുറവായിരുന്നു. അപ്പർകുട്ടനാട്ടിൽ ചില ദുരിതങ്ങൾ ഉണ്ടായെങ്കിലും ലോവർ കുട്ടനാട്ടിൽ മുൻ വർഷങ്ങളിലേതുപോലെ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായില്ല. പ്രധാനമായും മൂന്നു കാരണങ്ങളാലാണ് ഇപ്രാവശ്യം ദുരിതം ഉണ്ടാകാതെ പോയത്.
1. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴയുടെ അളവ് കുറഞ്ഞുനിന്നു. അതിനാൽ ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് താരതമ്യേന കുറഞ്ഞു.
2. തോട്ടപ്പള്ളി സ്പിൽവേയുടെ അഴിമുഖത്തെ മണ്ണ് യഥാസമയം നീക്കം ചെയ്തുകൊണ്ടിരുന്നു. (കരിമണൽ ഖനനം ലക്ഷ്യംവച്ചിരുന്നുവെന്ന് പറയുന്നെങ്കിലും കുട്ടനാട്ടുകാർക്ക് ഇത് അനുഗ്രഹമായി). ഭാഗികമായെങ്കിലും കരുവാറ്റ ലീഡിംഗ് ചാനലിൽ ആഴം കൂട്ടി.
3. യഥാസമയം തണ്ണീർമുക്കം ബണ്ട് തുറന്നതിനാൽ ഒഴുകിയെത്തിയ കിഴക്കൻവെള്ളം യഥാവിധി കടലിലേക്ക് ഒഴുകിമാറി.