എന്നാല്‍ ഉരുള്‍പൊട്ടലിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് ദിവസവും പ്രചരിക്കുന്നത്. അടുത്തയിടെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രവും കൃഷിയിടത്തിലല്ലായിരുന്നു. ടൂറിസം പ്രവര്‍ത്തനങ്ങളോ മനുഷ്യവാസമോ ഇല്ലാത്ത പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. കാര്യമായ തെളിവുകളില്ലാതെ വിനോദസഞ്ചാരത്തെ കുറ്റപ്പെടുത്തുന്നവരുമുണ്ട്.
വയനാട് ചൂരല്‍മലയിലും വിലങ്ങാട്ടും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രങ്ങള്‍ ഉള്വനങ്ങളായിട്ടുപോലും മലയോര കര്‍ഷകരെ കുറ്റപ്പെടുത്തുന്ന നയമാണ് മാധവ് ഗാഡ്ഗിലടക്കം നടത്തുന്നത്. കപട പരിസ്ഥിതിവാദികള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയത്തില്‍നിന്ന് അവര്‍ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു.
എന്നാല്‍, ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിനു പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്ന ആഗോളതാപനമാണ്. ഈ നിര്‍ണായക ഘടകത്തെ അവഗണിച്ചുകൊണ്ടല്ലേ മാധവ് ഗാഡ്ഗിലും മറ്റും മലയോര കര്‍ഷകരുടെ നെഞ്ചത്ത് ചവിട്ടി പ്രസ്താവനകള്‍ ഇറക്കിവിടുന്നത്.
അതേസമയം ജലബോംബ് ആയി മാറിയേക്കാവുന്ന മുല്ലപ്പെരിയാർ ഡാം അടക്കം നൂറിലേറെ ഡാമുകള്‍ കൊച്ചു കേരളത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത് മാധവ് ഗാഡ്ഗിലടക്കമുള്ളവരുടെ ദൃഷ്ടിയില്‍പ്പെട്ടിട്ടില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ തുരങ്കപാത നിര്‍മിക്കുന്നതും കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതും മാധവ് ഗാഡ്ഗിലടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍, ഇത്രയും നിര്‍ണായക തെളിവുകളുണ്ടായിട്ടും മലയോര കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്ന നയം ശരിയാണോ? കര്‍ഷകരും കൃഷിയും എന്തെന്നറിയാത്ത കപട പരിസ്ഥിതിവാദികളാണ് ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ മലയോര കര്‍ഷകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ട് ജനങ്ങളെ ഭീതിപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്.
അതേസമയം, ഉയരം കൂടിയ ചരിഞ്ഞ മലയോരങ്ങളിലാണ് ഉരുള്‍പൊട്ടൽ സാധ്യതയുള്ളത്. ഉരുള്‍പൊട്ടല്‍ മേഖലയില്‍പ്പെട്ട പുഴയോരങ്ങളും കാട്ടുചോല ഭാഗങ്ങളും ചരിഞ്ഞ പ്രദേശങ്ങളും മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങളാണന്നുള്ളത് ശരിയാണ്. കാര്‍മേഘം തടഞ്ഞു നില്ക്കുന്ന ഉയര്‍ന്ന മലയോരങ്ങളില്‍ ഉച്ചയ്ക്കുശേഷം ഏതു നിമിഷവും ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടേക്കാം. കാറ്റിന്റെ ഗതിയെ ആശ്രയിച്ചാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയും.