ലാഭനഷ്ടക്കണക്കുകൾക്കുപരിയായി ചില സാമൂഹ്യ-സാംസ്കാരിക കാരണങ്ങളും കൃഷിയുടെ പതനത്തിനുകാരണമാകുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടവ കായികാധ്വാനത്തിൽ ഏർപ്പെടുന്നതിനുള്ള വൈമനസ്യവും കൃഷിയെത്തന്നെ ഉപേക്ഷിക്കുന്നതിനുള്ള സാഹചര്യങ്ങളുമാണ്. കായികാധ്വാനം കൂടുതലായി ആവശ്യമുള്ള ഒരു തൊഴിലാണല്ലോ കൃഷി. കായികാധ്വാനത്തിൽ ഏർപ്പെടുന്നതിൽ പണ്ടുമുതലേ വൈമനസ്യമുള്ള ജനവിഭാഗമായിരുന്നു കേരളീയർ. വിദ്യാഭ്യാസ പുരോഗതി പ്രാപിച്ചതോടെ ഈ ചിന്താഗതി കൂടുതൽ ശക്തിയാർജിച്ചു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൃഷി ഉപേക്ഷിച്ച് വെള്ളക്കോളർ ജോലിക്കായി നെട്ടോട്ടത്തിലുമാണ്. തുടർന്ന് ആരംഭിച്ച വിദേശകുടിയേറ്റം കാർഷികമേഖലയ്ക്ക് ഒരു കണ്ഠകോടാലിയായിത്തീർന്നുവെന്നു പറയാം. പുറത്തു പോയിട്ടുള്ളവർ തിരികെ വരാതെ അവിടങ്ങളിൽത്തന്നെ സ്ഥിരതാമസക്കാരായിരിക്കുകയാണ്. അതും കാർഷികരംഗത്തു പ്രവർത്തിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണു സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന വിദ്യാർഥിപലായനം ഈ ഇടിവിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയുമാണ്. ഇപ്പോൾത്തന്നെ കൃഷി പ്രായാധിക്കക്കാരുടെയും നിരക്ഷരരുടെയും തൊഴിലായി രൂപാന്തരപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്നത്തെ തലമുറ അപ്രത്യക്ഷമാകുന്നതോടെ കേരളത്തിൽ കൃഷി ക്ക് ആരുംതന്നെ ഉണ്ടായെന്നു വരില്ല. ചുരുക്കത്തിൽ, നെൽപ്പാടങ്ങളെപ്പോലെ കരഭൂമിയും തരിശായിത്തീരുന്ന അവസ്ഥയിലേക്കാണു കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, അങ്ങനെ ഉപേക്ഷിക്കാവുന്ന ഒന്നല്ല കാർഷികമേഖല. നമുക്കാവശ്യമായ ഭക്ഷണം ലഭിക്കുന്നതു കൃഷിയിലൂടെയാണല്ലോ. കേരളത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് കൃഷിയെ പരിരക്ഷിക്കുകതന്നെ വേണം. കേരളമാണെങ്കിൽ പ്രകൃതിയുടെ കാരുണ്യംകൊണ്ട് പലതരത്തിലുള്ള വിളകൾ കൃഷിയിറക്കാൻ അനുയോജ്യമായ ഒരു ഭൂപ്രദേശമാണുതാനും. അപ്പോൾ എങ്ങനെ കൃഷിയെ സമുദ്ധരിക്കാനാകും എന്നതാണു ചിന്തനീയം.
കൃഷിയെ എങ്ങനെ പരിരക്ഷിക്കാംവളരെ ശ്രമകരമായ ഉദ്യമത്തിലൂടെ മാത്രമേ കൃഷിയെ പരിരക്ഷിക്കാനാകൂ. കാർഷികമേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങളിൽ ഒന്ന് സാങ്കേതികസിദ്ധികളെ പരമാവധി ഉപയോഗപ്പെടുത്തുകയെന്നതാണ്. ചെളിപുരളേണ്ട കായികാധ്വാനത്തിൽ ഏർപ്പെടുന്നതിനുള്ള വൈമനസ്യമാണല്ലോ കൃഷിയുടെ പതനത്തിനുള്ള മുഖ്യകാരണങ്ങളിൽ ഒന്ന്. എന്നാൽ, കായികാധ്വാനത്തെ ഒഴിവാക്കുന്നതിനുതകുന്ന പല സാങ്കേതികസിദ്ധികളും ഇന്നു സുലഭമാണ്. കിളയ്ക്കുന്നതിനും നിലം ഉഴുന്നതിനും നെല്ല് വിതയ്ക്കുന്നതിനുമൊക്കെ ഇന്ന് യന്ത്രസജ്ജീകരണങ്ങൾ സുലഭമാണ്. അവ ഉപയോഗപ്പെടുത്തിയാൽ തൊഴിലാളികളുടെ ദൗർലഭ്യത്തെയും തരണം ചെയ്യാനാകും.
എന്നാൽ, ഈ സാങ്കേതികസിദ്ധികൾ ഉപയോഗപ്പെടുത്താനുള്ള സാന്പത്തികശേഷി പല കർഷകർക്കും ഉണ്ടായെന്നുവരില്ല. തന്നെയുമല്ല, മുന്പ് സൂചിപ്പിച്ചതുപോലെ കാർഷികഭൂമി തരിശായിത്തീരുന്ന സാഹചര്യത്തിൽ കൃഷിയെ സംരക്ഷിക്കാൻ, തോട്ടകൃഷി പോലെയുള്ള കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനുപകരിക്കുന്ന കന്പനികൾ തന്നെ രൂപീകരിച്ചുകൂടേയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ വൻതോതിൽ നടത്തുന്ന കാർഷിക യത്നങ്ങളിൽ സ്ഥിരം ജോലിക്കാരെ നിയമിക്കുന്നതിനും വിലപിടിപ്പുള്ള യന്ത്രങ്ങൾ വാങ്ങുന്നതിനും സാധ്യമായിരിക്കും. തന്നെയുമല്ല വിപണനസാധ്യതകളും കൈവരിക്കാൻ സാധ്യമാണ്. എന്നാൽ, ഇങ്ങനെയുള്ള മാറ്റങ്ങൾ കൈവരിക്കുന്നതിനു നിയമവ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായിത്തീരും.
അഥവാ ചെറുകിട രീതിയിൽത്തന്നെ കാർഷിക പുനരുദ്ധാരണം നടത്തണമെന്നു തീരുമാനിക്കുകയാണെങ്കിൽ പാട്ടസന്പ്രദായം പുനഃപ്രതിഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. ഇപ്പോൾത്തന്നെ പാട്ടരീതിയിൽ പല വിളകളും കൃഷി ചെയ്തുവരുന്നുണ്ട്. പാട്ടവ്യവസ്ഥ നിയമാനുസൃതമാക്കുകയാണെങ്കിൽ ഭൂവുടമയ്ക്കും കൃഷിക്കാർക്കും സുരക്ഷിതരായി പ്രവർത്തിക്കാൻ സാധിക്കും. അതോടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും കഴിയും.
മേൽപ്പറഞ്ഞ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുമുന്പ് അവയെപ്പറ്റിയുള്ള പഠനങ്ങളും ചർച്ചകളും നടത്തിയിരിക്കുകതന്നെ വേണം. വേണ്ടത്ര പഠനങ്ങളോടും തയാറെടുപ്പുകളോടുംകൂടി നടപ്പിലാക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ മാർഗങ്ങളിലൂടെ കാർഷികമേഖല പുനരുദ്ധരിക്കാനാവും.