മുസ്ലിം ബ്രദർഹുഡിന്റെ ആവിർഭാവവും ഇസ്ലാമിക ഭീകരതയുടെ വ്യാപനവും
കേരളത്തിൽ ‘രാഷ്ട്രീയ ഇസ്ലാ’മിനെ ചർച്ചയാക്കാമോ? -2 / ഫാ. വർഗീസ് വള്ളി
Sunday, September 22, 2024 2:11 AM IST
ഈജിപ്തിൽ 1928ൽ മുസ്ലിം ബ്രദർഹുഡ് എന്ന സംഘടനയ്ക്കു രൂപം നൽകിയ ഹസൻ അൽ ബന്നയാണ് ഇസ്ലാമിക് പുനരുജ്ജീവന ചിന്തയെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി വികസിപ്പിച്ചതും അതിനു സാമൂഹ്യവും രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങളും തന്ത്രങ്ങളുമുള്ള സംഘടനാരൂപം നൽകി, ലോകമെങ്ങുമുള്ള മുസ്ലിം സമൂഹങ്ങളിലേക്കു പടർന്നുപന്തലിക്കാനുള്ള രാഷ്ട്രീയ ഊർജം പകർന്നതും. സലഫി പാരമ്പര്യത്തിൽ തഴച്ചുവളരുന്ന അസംഖ്യം ഭീകരസംഘടനകളുടെ പൂർവരൂപവും മാതൃകയുമാണ് മുസ്ലിം ബ്രദർഹുഡ്!
വ്യക്തിജീവിതത്തോടൊപ്പം, സമൂഹത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളെല്ലാം ഇസ്ലാമികവത്കരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയും ഇസ്ലാമിക സമൂഹനിർമിതി ലക്ഷ്യമാക്കി ക്രമാനുഗതമായി നടപ്പിലാക്കേണ്ട സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങളും ബന്ന വിഭാവന ചെയ്തു മുസ്ലിം ബ്രദർഹുഡിലൂടെ നടപ്പിൽ വരുത്തി.
ഇസ്ലാമിക് നൈതികതയും ധാർമികതയും സമൂഹത്തിൽ നടപ്പിൽ വരുത്താൻ അദ്ദേഹം ഈജിപ്ഷ്യൻ ഭരണകൂടത്തെ നിർബന്ധിക്കുകയും ഭരണകൂടവുമായി സായുധമായി പോരാടാൻ മുസ്ലിം സമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. യഹൂദർക്കെതിരേയുള്ള അറബികളുടെ പോരാട്ടത്തിലും (1936-39), 1948ലെ അറബ്-ഇസ്രയേൽ യുദ്ധത്തിലും പലസ്തീനൊപ്പം ബ്രദർഹുഡ് യുദ്ധത്തിൽ പങ്കെടുത്തു. പലസ്തീനിയൻ പ്രശ്നത്തെ അറബ് രാജ്യങ്ങളുടെ ഒരു പൊതുവിഷയമാക്കി മാറ്റുന്നതിൽ ബ്രദർഹുഡ് മുഖ്യപങ്ക് വഹിച്ചു.
തികച്ചും ആശയതലത്തിൽ ആരംഭിച്ച ഇസ്ലാമിക് റിവൈവലിസം, അൽ ബന്നയിൽ എത്തിയപ്പോൾ ആയുധമേന്തിയുള്ള പോരാട്ടത്തിലേക്കു കടന്നു. 1948 ഡിസംബറിൽ ഈജിപ്ഷ്യൻ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് നക്രാഷിയെ ബ്രദർഹുഡ് വധിച്ചതിനെത്തുടർന്ന്, 1949ൽ ഈജിപ്ഷ്യൻ രഹസ്യപ്പോലീസ് ബന്നയെ വധിച്ചു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഇസ്ലാമിക ലോകത്തുണ്ടായ ചലനങ്ങൾക്കു ചുക്കാൻ പിടിച്ച പ്രസ്ഥാനങ്ങളിലൊന്നാണ് മുസ്ലിം ബ്രദർ ഹുഡ്. അൽ ബന്നയുടെ ആശയങ്ങളോടൊപ്പം പ്രസ്ഥാനത്തെ നയിക്കുന്ന പ്രധാന പ്രത്യയശാസ്ത്ര വിശാരദർ സലഫി ജിഹാദിസത്തിന്റെ പ്രണേതാവായ സയ്യിദ് ഖുത്തൂബും തക്ഫീരി ജിഹാദിസത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ച അബുൽ ആല മൗദൂദിയുമാണ്.
മൗദൂദിസവും ‘ജമാഅത്തെ ഇസ്ലാമി’യും
ഈജിപ്തിൽ മുസ്ലിം ബ്രദർഹുഡ് നടത്തിവന്ന പ്രവർത്തനങ്ങളുടെ മാതൃകയിൽ, അബുൽ ആല മൗദൂദി 1941ൽ ബ്രിട്ടീഷ് ഇന്ത്യയിൽ സ്ഥാപിച്ച ‘ജമാഅത്തെ ഇസ്ലാമി’ ഇന്നും കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സജീവമാണ്.
ഷെയ്ഖ് ഹസീനയ്ക്കുശേഷമുള്ള ബംഗ്ലാദേശിന്റെ രാഷ്ട്രീയത്തെ നയിക്കുന്ന നിർണായകശക്തിയായി ജമാ അത്തെ ഇസ്ലാമി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച ഇപ്പോൾ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. സംവരണവിരുദ്ധ വിദ്യാർഥിസമരത്തെ ഭരണകൂട അട്ടിമറിയിലേക്കു നയിച്ച നിർണായകശക്തി എന്തായിരുന്നുവെന്ന് വ്യക്തമാണല്ലോ!
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മനുഷ്യനിർമിത നിയമങ്ങളും അവയിൽ അധിഷ്ഠിതമായ ഭരണഘടനകളും അവ നടപ്പിൽ വരുത്തുന്ന ഭരണകൂടങ്ങളും സംവിധാനങ്ങളും ഇസ്ലാമിക വിരുദ്ധവും ‘ശിർക്കു’മാണ് എന്നാണ് മൗദൂദിയുടെ പക്ഷം! കാരണം, ഇത് ഇസ്ലാമിന്റെ ‘തൗഹീദ് ഹകീമിയ്യ’തത്വത്തിനു വിരുദ്ധമാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം! ‘ശരിഅ’ അല്ലാതെ മറ്റൊരു നിയമമോ, ‘ശരിഅ’യിൽ അധിഷ്ഠിതമല്ലാത്ത യാതൊരു ഭരണഘടനയോ, ‘ശരിഅ’ അനുവർത്തിക്കാത്ത യാതൊരു ഭരണ സംവിധാനമോ ഇസ്ലാമികമല്ല. മാത്രവുമല്ല, ഇസ്ലാമിക ഭരണത്തിന് വിരുദ്ധമായതൊന്നും നിലനിൽക്കാൻ യോഗ്യമല്ലെന്നും അദ്ദേഹം സമർഥിച്ചു.
ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാനതത്വങ്ങൾ ഇതായിരിക്കേ, കേരളം ഉൾപ്പെടെ ഇന്ത്യയിൽ അവർ ഉപയോഗിക്കുന്ന തന്ത്രങ്ങളിൽ ജാഗ്രത വേണമെന്നു പറയുന്നവരെ കുറ്റപ്പെടുത്താനാകുമോ?
കലാപകലുഷിതവും രക്തപങ്കിലവുമായ ആഗോള ജിഹാദ്!
ഭരണകൂടങ്ങൾക്കെതിരേ കലാപം നയിക്കാൻ മുസ്ലിംകൾക്കു കടമയുണ്ടെന്നു വാദിക്കുന്നവരിൽ മുന്പനായിരുന്നു മൗദൂദിയുടെ സമകാലികനായ സയ്യിദ് ഖുത്തൂബ്. ‘തൗഹീദ് അൽ ഹകീമിയ്യ’വിധിതീർപ്പുകളിലും നിയമനിർമാണത്തിലുമുള്ള ഏകത്വം എന്ന ആശയം രൂപപ്പെടുത്തിയതും, അല്ലാഹു വെളിപ്പെടുത്തിയ നിയമത്തിന്റെ വെളിച്ചത്തിൽ, ഇസ്ലാമിക ഭരണകൂടങ്ങൾ ഭരണം നടത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും മറ്റൊരു നിയമനിർമാണ സംവിധാനവും അതിനോടു കൂട്ടിച്ചേർക്കാതിരിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞുകൊണ്ട്, ഇസ്ലാംവിരുദ്ധ ഭരണകൂടങ്ങൾക്കും ഭരണകർത്താക്കൾക്കും എതിരേയുള്ള അല്ലാഹുവിന്റെ ‘വിധിതീർപ്പ്’ ‘തക്ഫീർ’ എന്ന ആശയത്തെ അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു!
പല ആധുനിക മുസ്ലിം ഭരണകൂടങ്ങളും ‘ഇസ്ലാമിക ഭരണ’മല്ല നടത്തുന്നത് എന്ന സലഫി ജിഹാദിസ്റ്റുകളുടെ തീവ്ര നിലപാടിന് ദൈവശാസ്ത്രപരമായ അടിത്തറയൊരുക്കിയത് അദ്ദേഹമാണ്. അനിസ്ലാമിക ഭരണകൂടങ്ങളെ ഉന്മൂലനം ചെയ്യേണ്ടത് സത്യവിശ്വസികളുടെ ‘കടമ’(ഫർദ്)യാണെന്നു ഖുത്തൂബ് സമർഥിച്ചു! അനിസ്ലാമിക ഭരണകൂടങ്ങളെ പുറത്താക്കി ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാനുള്ള വ്യക്തമായ നിർദേശവും മാർഗദർശനവുമാണ് 1964ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ‘വഴിയടയാളങ്ങൾ’ ‘മൈൽസ്റ്റോൺസ് എലോങ് ദ വേ’ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
സയ്യിദ് ഖുത്തൂബ് മുന്നോട്ടുവച്ച ‘ഗ്ലോബൽ ജിഹാദിസം’ എന്ന ആശയം ഇന്ന് ഒരു പ്രത്യയശാസ്ത്രം മാത്രമല്ല, ആഗോളതലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പാൻ ഇസ്ലാമിക് അജൻഡയാണ്, പരിപാടിയാണ്! യുദ്ധങ്ങളിലൂടെയും പലായനങ്ങളിലൂടെയും നോൺ സ്റ്റേറ്റ് മിലീഷ്യകളുടെ വിന്യാസത്തിലൂടെയും ഫണ്ടിംഗിലൂടെയുമാണ് ഇത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ത്. അതു കേവലം വർഗീയതയോ വർഗീയ രാഷ്ട്രീയമോ അല്ല. ശുദ്ധമായ മതരാഷ്ട്രീയമാണ്! സകല മനുഷ്യനിർമിത നിയമസംവിധാനത്തെയും ഭരണക്രമത്തെയും നിരാകരിക്കുന്ന മതരാഷ്ട്ര പ്രത്യയശാസ്ത്രമാണ്!
രാഷ്ട്രീയ ഇസ്ലാം അഥവാ ഇസ്ലാമിക മതരാഷ്ട്രവാദം ഒറ്റനോട്ടത്തിൽ
അല്ലാഹുവിന്റെ ‘തൗഹീദിൽ’ അതായത്, ‘ഏകത്വത്തിൽ’ ഉള്ള വിശ്വാസം, നിയമനിർമാണത്തിനുള്ള പരമാധികാരം അല്ലാഹുവിനു മാത്രമാണെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ ‘ഹക്കിമിയ്യത്ത്’അഥവാ പരമധികാരമാണു പാലിക്കപ്പെടേണ്ടത് എന്നുമുള്ള നിലപാടിലേക്ക് പ്രമുഖരായ പല ഇസ്ലാമിക പുനരുജ്ജീവന ചിന്തകരെയും എത്തിച്ചിട്ടുണ്ട്. ഈ നിലപാടനുസരിച്ചു മതത്തിനും രാഷ്ട്രത്തിനും വ്യത്യസ്ത അധികാര-നിയമനിർമാണ കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ല.
സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളും ഒരേ നിയമനിർമാണ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം എന്നതാണ് അവരുടെ നിലപാട്. ഈ നിലപാടിനെയാണ് ഇസ്ലാമിക മത-രാഷ്ട്ര വാദം അഥവാ രാഷ്ട്രീയ ഇസ്ലാം എന്നു വിളിക്കുന്നത്.
ഇസ്ലാമിക സമൂഹങ്ങളുടെ അഗോളതലത്തിലുള്ള ഏകീകരണവും (പാൻ ഇസ്ലാമിക് യൂണിറ്റി), ജാഹിലിയ്യ/അവിശ്വാസി സമൂഹങ്ങൾക്കും വ്യവസ്ഥിതികൾക്കുമെതിരേ ആഗോളതലത്തിൽ സംഘടിപ്പിക്കേണ്ട ‘ജിഹാദും’ (ഗ്ലോബൽ ജിഹാദ്) ആണ് രാഷ്ട്രീയ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന രണ്ടു പ്രധാന പദ്ധതികൾ.
ഖാലിഫേറ്റ് പുനഃസ്ഥാപിക്കുക എന്നത് ഓരോ മുസ്ലിമിന്റെയും കടമയാണെന്നും ഇസ്ലാമിസ്റ്റ് ചിന്തകർ സമർഥിക്കുന്നു. ഇസ്ലാമിന്റെ പ്രമാണഗ്രന്ഥവും പ്രവാചകചര്യയും നിയമങ്ങളും പാരമ്പര്യവും വ്യാഖ്യാനിച്ചുകൊണ്ടാണ് ‘ജിഹാദി’ന്റെ മാർഗത്തിലൂടെ ചരിക്കാൻ ഇസ്ലാമിക പുനരുജ്ജീവന ചിന്തകർ ഇസ്ലാമിക സമൂഹങ്ങളെ ആഹ്വാനം ചെയ്യുന്നത്.
ഭീതിയോടെയും സംശയദൃഷ്ടിയോടെയുമാണ് ‘പൊതുസമൂഹം’ ഇത്തരം ജിഹാദി ഭീകരരെ കാണുന്നത്. എന്നാൽ, ഇസ്ലാമിനെ ഒരു സമഗ്ര ജീവിത പദ്ധതി അഥവാ, പ്രത്യയശാസ്ത്രം എന്ന നിലയിൽ കാണുകയും ഇസ്ലാമിക മത-രാഷ്ട്ര സ്ഥാപനം, ജീവിതലക്ഷ്യമായി സ്വീകരിക്കുകയും അതിനായി ജീവിതം സമർപ്പിക്കുകയും ചെയ്തിട്ടുള്ളവർക്കു ‘ജിഹാദ്’ അവരുടെ ജീവിതക്രമവും പരലോക സൗഭാഗ്യങ്ങൾ ഉറപ്പാക്കുന്ന പ്രവാചകചര്യയുടെ പിൻപറ്റലുമാണ്.
‘ശരിഅ’ എന്നാൽ, പ്രവാചകനും സ്വഹാബികളും ജീവിച്ച ജീവിതക്രമം പിൻപറ്റുക എന്നതാണ്. അനിസ്ലാമിക സമൂഹങ്ങളിൽ ഇസ്ലാമിക ജീവിതക്രമവും ‘ശരിഅ’ അടിസ്ഥാനമായുള്ള ധാർമിക വീക്ഷണവും ഭരണവ്യവസ്ഥയും സ്ഥാപിക്കുന്നതിനുള്ള നിരന്തര പരിശ്രമം നടത്തുകയെന്ന കടമയും ബാധ്യതയുമാണ് ‘ഇസ്ലാമിക് സ്റ്റേറ്റി’ന്റെ അടിസ്ഥാനശിലകളായ ജിഹാദി പോരാളികൾക്കുള്ളത്.
തിരിച്ചറിഞ്ഞു തിരുത്തണം
‘സലാഫിയ ജിഹാദിസം’ ഇസ്ലാമിന്റെ ആദിമരൂപങ്ങളിലേക്കു തിരികെ പോകാനുള്ള നിരന്തര പ്രേരണയും ആഹ്വാനവുമാണ് വിശ്വാസികൾക്കു നൽകിക്കൊണ്ടിരിക്കുന്നത്. ഇതു മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടയിടുകയും ഓരോ കാലഘട്ടത്തെയും പ്രകാശമാനമാക്കാനുള്ള ദൈവിക വെളിപാടിന്റെ നിയോഗത്തിനു വിഘാതമുണ്ടാക്കുകയും ചെയ്യും.
സലാഫിയാ ജിഹാദിസത്തിന്റെ സൗദി അറേബ്യൻ രൂപമായ ‘വഹാബിസ’വും, റഷ്യൻ കമ്യൂണിസവും ചൈനീസ് കമ്യൂണിസവും പോലെ, ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്യപ്രവേശമില്ലാത്തതും നിഷേധാത്മകവുമായ രണ്ടു രൂപങ്ങളാണ്.
കേരളത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന സലഫി/വഹാബി ചിന്തയുടെ അപകടങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കേരളത്തിലെ പ്രബുദ്ധമായ മുസ്ലിം സമുദായം തയാറാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
(അവസാനിച്ചു)