അഹിംസയോട് പക്ഷം ചേരാത്ത ലോകം
ഡോ. ജോസ് മാത്യു
Wednesday, October 2, 2024 2:21 AM IST
ആയുധവില്പനകൊണ്ട് സന്പത്തും, ആയുധം വാങ്ങി ദാരിദ്ര്യവും സ്വന്തമാക്കുന്നവരുടെ ലോകത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. സാമൂഹിക വിപ്ലവത്തിന്റെ സൂതികർമിണിയാണ് ഹിംസയെന്ന മാർക്സിസ്റ്റ് വിശകലനത്തിൽ വിശ്വസിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. രാഷ്ട്രീയ പ്രവർത്തനം കൊലപാതകത്തിലും ജാതി, മതത്തിന്റെ പേരിലുള്ള പ്രകോപനങ്ങളിലും എത്തിനിൽക്കുന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ പേർ ലോകത്ത് കമ്യൂണിസം സ്ഥാപിക്കുവാൻവേണ്ടി ചൈന, സോവിയറ്റ് റഷ്യ, ഉത്തര കൊറിയ, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊന്നൊടുക്കിയിട്ടുള്ളതായി പ്രശസ്ത ചരിത്രഗവേഷകർ ചേർന്നു രചിച്ച ‘ബ്ലാക്ക് ബുക്ക് ഓഫ് കമ്യൂണിസം’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഹിംസ ഇന്ന് ഏറെ മാരകമായി പ്രയോഗിക്കപ്പെടുന്നത് പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലും യുക്രെയ്നിലും സിറിയയിലുമാണ്. മനുഷ്യചരിത്രം സംഘർഷത്തിന്റേതും യുദ്ധത്തിന്റേതുമാണ്. ചരിത്രം എക്കാലവും ഉയർത്തിക്കാട്ടിയിട്ടുള്ളതും അതാണ്.
അസഹിഷ്ണുതയുടെയും സംഘർഷത്തിന്റെയും പോർവിളികളുടെയും നടുവിലാണിന്ന് ലോകം. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയിട്ട് വർഷമൊന്നു കഴിഞ്ഞു. സുഡാനിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും മണിപ്പുരിലും കാഷ്മീരിലുമെല്ലാം ഹിംസയുടെ ശക്തികൾ രക്തപ്പുഴകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇസ്രയേൽ-പലസ്തീൻ സംഘർഷം ശമനമില്ലാതെ തുടരുന്നു. ആയിരങ്ങൾ മരിച്ചു വീണുകൊണ്ടും പതിനായിരങ്ങൾ പലായനം ചെയ്തുകൊണ്ടുമിരിക്കുന്ന ഭീകരാവസ്ഥയാണ് പശ്ചിമേഷ്യയിൽ. മനുഷ്യക്കുരുതികളും മനുഷ്യാവകാശലംഘനങ്ങളും ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നു. സമാധാന ശ്രമങ്ങൾ വിജയിച്ചു കാണുന്നുമില്ല.
ഗാന്ധിജിയും അഹിംസയും
ഗാന്ധിജി അഹിംസ എന്ന മൂല്യത്തെ ഉൾക്കൊണ്ടത് ജൈനമത ദർശനങ്ങളിൽനിന്നാണ്. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം സത്യസന്ധതയും അഹിംസയുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്നേഹത്തിന്റെയും അഹിംസയുടെയും മാർഗം സ്വീകരിച്ചാലേ മനസിന്റെ കവാടങ്ങൾ തുറക്കുകയുള്ളൂവെന്നു ഗാന്ധിജി മനസിലാക്കി. ഏതു രൂപത്തിലുള്ള ചൂഷണത്തിൽനിന്നും ഒഴിഞ്ഞു ജീവിച്ചാൽ മാത്രമേ അഹിംസയാവുകയുള്ളൂ എന്ന വീക്ഷണത്തോളം ഗാന്ധിജി അതിനെ വികസിപ്പിച്ചെടുത്തു. സ്ഥിരമായ ഒന്നും ഹിംസയുടെ പിൻബലത്തിൽ കെട്ടിപ്പടുക്കുവാൻ കഴിയുകയില്ലെന്ന ഉറച്ച വിശ്വാസമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. ഗാന്ധിജിയുടെ പ്രവർത്തനങ്ങൾക്ക് സമഗ്രതയുടെ സൗന്ദര്യവും ജനകീയതയുടെ പിൻബലവും കൈവരിച്ചതിന്റെ പ്രഭവകേന്ദ്രം ജൈന ദർശനമായിരുന്നു. ജീവിതമായിരുന്നു ഗാന്ധിജിയുടെ പ്രഥമ പരിഗണന. ജീവൽപ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു ഗാന്ധിജിയുടെ പ്രഥമ താല്പര്യം.
ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷനിലേക്ക് വർണവിവേചനത്തിന്റെ പേരിൽ 1893 ജൂണ് ഏഴിന് അർധരാത്രിയിൽ സഞ്ചരിച്ചിരുന്ന ട്രെയിനിൽനിന്ന് തള്ളിത്താഴെയിടപ്പെട്ട ഗാന്ധിജി പൊതുപ്രവർത്തനം ആരംഭിക്കുന്നത് തികച്ചും യാദൃച്ഛികമായാണ്. ഈ സംഭവം എന്തുകൊണ്ട് ഉണ്ടായെന്ന് അദ്ദേഹം പര്യാലോചിച്ചു. വർണവിവേചനവും വർഗീയതയും ആധുനിക പാശ്ചാത്യ നാഗരികതയുടെ ഘടനാപരമായ പ്രശ്നമാണെന്ന് അദ്ദേഹം മനസിലാക്കി. പാശ്ചാത്യ നാഗരികത സ്വാഭാവികമായും ഹിംസയിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കണ്ടെത്തി. ഹിംസാധിഷ്ഠിതമായ നാഗരികതയെ ഇല്ലാതാക്കി അഹിംസാധിഷ്ഠിത സമൂഹസൃഷ്ടിക്കുവേണ്ടിയാണ് ആ കർമയോഗി തന്റെ ജീവിതത്തിലുടനീളം പ്രവർത്തിച്ചത്.
ഹിംസാ ഭീകരത
മനുഷ്യരുടെ സമസ്ത വ്യവഹാരങ്ങളിലേക്കും ഹിംസ നുഴഞ്ഞു കയറിയിരിക്കുന്നു. മനുഷ്യരുടെ മാനസിക വ്യവഹാരങ്ങളും മറ്റു ചെയ്തികളും കൂടുതൽ കൂടുതൽ ഹിംസാത്മകമായി തീർന്നുകൊണ്ടിരിക്കുന്നു. ബോധപൂർവവും അല്ലാതെയുമാണ് ഈ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതവ്യവഹാരങ്ങളിൽ ഹിംസ വ്യാപകമാകുന്നതോടൊപ്പെം ഹിംസയുടെ സ്വഭാവത്തിലും മാറ്റം വന്നിരിക്കുന്നു. ഹിംസയുടെ രൂക്ഷത, അഥവാ തീവ്രത ക്രമാനുഗതമായി വർധിക്കുന്നു എന്നതാണ് ആ മാറ്റം. അത്യന്തം ഭീകരവും ബീഭത്സവുമായ രീതിയിലാണ് ഇന്ന് ഹിംസ പ്രയോഗിക്കപ്പെടുന്നത്. മനുഷ്യശരീരത്തെ കഷണം കഷണമായി വെട്ടിനുറുക്കുക, നിരപരാധികളെ നിർദയം അക്രമണത്തിന് ഇരയാക്കുക, ശിശുക്കളെയും സ്ത്രീകളെയും വൃദ്ധരെയും കൊന്നൊടുക്കുക ഇങ്ങനെ ഹിംസയുടെ ഏറ്റം ഞെട്ടലുണ്ടാക്കുന്ന തീവ്രപ്രയോഗങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
നിസംഗത
മനുഷ്യമനസ് ഹിംസയുമായി സമരസപ്പെടുന്ന അവസ്ഥയാണ് ഇന്ന് ലോകത്തുള്ളത്. ഹിംസാ പ്രയോഗങ്ങൾ കണ്ടാൽ യാതൊരു അസ്വസ്ഥതയും തോന്നാത്തവിധം മനസ് മരവിക്കാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യരിൽ നല്ലൊരു വിഭാഗം ഹിംസയുടെ ഇരകളായിക്കൊണ്ടിരിക്കുന്നു.
മറ്റൊരു വിഭാഗത്തിന്റെ മനസാകട്ടെ ഒരുതരം ക്രൗരീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. നാം അറിയാതെയും നമ്മുടെ ബോധാബോധതലങ്ങളിൽ നടക്കുന്ന പ്രതിരോധശ്രമങ്ങളെ മറികടന്ന് ഹിംസ മനുഷ്യമനസുകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. സാന്ദ്രവും തീവ്രവുമായ ഹിംസയുടെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രയോഗമാണ് ഭീകരപ്രവർത്തനങ്ങൾ. രാഷ്ട്രീയ-മതവിശ്വാസങ്ങളുടെ പേരിൽ ഇന്ന് ലോകവ്യാപകമായിത്തന്നെ ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തങ്ങളുടെ ബോധ്യങ്ങളെയും വിശ്വാസങ്ങളെയും അവ രാഷ്ട്രീയമാകാം, മതപരമാകാം- അംഗീകരിക്കാൻ വിസമ്മതിക്കുന്നവരെയും എതിർക്കുന്നവരെയും വകവരുത്തുക എന്ന ഉദ്ദേശ്യമാണ് ആത്യന്തിമായി ഭീകരപ്രവർത്തനം ലക്ഷ്യം വയ്ക്കുന്നത്.
ഹിംസയുടെ ഉറവിടം
സമൂഹത്തിൽ കാണുന്ന അശാന്തിയുടെയും അക്രമത്തിന്റെയും കാരണങ്ങൾ ബാഹ്യമായ ഇടങ്ങളിൽ തേടുകയും കണ്ടെത്തുകയുമാണ് സാധാരണ കണ്ടുവരുന്ന രീതി. ഗാന്ധിജിയുടെ അഭിപ്രായത്തിൽ സമൂഹത്തിൽ നടമാടുന്ന ഹിംസ മനുഷ്യമനസിൽ കുടികൊള്ളുന്ന ഹിംസയുടെ ഒരു പ്രത്യക്ഷീകരണമാണ്. യുദ്ധം മനസിലാണ് ആരംഭിക്കുന്നത് എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഹിംസയെ സംബന്ധിച്ചും ഇതു ശരിയാണ്. ആകാശത്തുനിന്ന് പെയ്തിറങ്ങുന്നതോ മണ്ണിൽനിന്ന് പൊട്ടിമുളയ്ക്കുന്നതോ അല്ല ഹിംസ. അത് പിറവിയെടുക്കുന്നതും വളരുന്നതും ശക്തിപ്പെട്ട് ഭീകരമായിത്തീരുന്നതുമെല്ലാം മനുഷ്യമനസിൽ തന്നെയാണ്. അതുകൊണ്ട് ഹിംസയെ പ്രതിരോധിക്കേണ്ടത് പ്രാഥമികമായി മനുഷ്യമനസിൽനിന്നു തന്നെയാണെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അഹിംസാനിഷ്ഠനാകാൻ ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിഷ്കർഷിച്ചത് ഇക്കാരണത്താലാണ്.
ശ്രമകരമാണങ്കിലും ഇത് സാധ്യമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചിട്ടുണ്ട്. മനുഷ്യന് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അഹിംസാനിഷ്ഠനാകാൻ സാധിക്കുമെന്ന് ഊന്നിപ്പറയാൻ ഗാന്ധിജി ഉന്നയിച്ച കാരണം, മനുഷ്യവ്യക്തിയുടെ ഗഹനമായ ആഭിമുഖ്യം അഹിംസയോട് അഥവാ സ്നേഹശക്തിയോടാണ് എന്നുള്ളതാണ്. ഈ സത്യം തിരിച്ചറിഞ്ഞ് ബോധപൂർവം പരിശ്രമിക്കുമെങ്കിൽ ഏതു മനുഷ്യനും സ്വന്തം ജീവിതത്തിൽ അഹിംസ പാലിക്കാൻ സാധിക്കും. സിദ്ധന്മാർക്കോ മഹാത്മാക്കൾക്കോ മാത്രമല്ല ഏതു സാധാരണക്കാരനും അഹിംസ പാലിക്കാൻ കഴിയും. അതിന് ആവശ്യമായ പരിശ്രമം ചെയ്യണമെന്നു മാത്രം. ഏതു തലത്തിലുള്ള ചൂഷണത്തിൽനിന്നും ഒഴിഞ്ഞു ജീവിച്ചാൽ മാത്രമേ അഹിംസയാവുകയുള്ളൂ എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതിഭൗതികത-ഹിംസാത്മകം
ഭൗതിക-ഇന്ദ്രിയ സുഖഭോഗങ്ങളോടും അധികാരത്തോടുമുള്ള തൃഷ്ണ സ്വാഭാവികമായും ഹിംസയിൽ അധിഷ്ഠിതമാണ്. ഉത്പാദന ശക്തികളെ കയറൂരിവിട്ട് മനുഷ്യന്റെ ജീവിതസൗകര്യങ്ങൾ വിപുലപ്പെടുത്താൻ ശ്രമിക്കുന്നത് മൗലികമായും ഹിംസയിലേക്കു നയിക്കും. മനുഷ്യനെയും പ്രകൃതിയെയും പരിധിയില്ലാതെ ചൂഷണം ചെയ്യുന്നതിൽ തെറ്റില്ലെന്നുള്ള ചിന്ത സ്വീകാര്യമാകുന്നത് ഈ കാഴ്ചപ്പാട് വഴിയാണ്. ഹിംസയുടെ സംസ്കാരം ലോകമാസകലം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അസമത്വങ്ങളും ചൂഷണങ്ങളുമുള്ള സമൂഹത്തിൽ ഹിംസയുടെ പൊട്ടിത്തെറികൾ ഉണ്ടായിക്കൊണ്ടിരിക്കും. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും മറ്റ് വിവേചനങ്ങളുടെയും ഇരകളായി പുറന്തള്ളപ്പെട്ട മനുഷ്യർ ഗത്യന്തരമില്ലാതെ അക്രമത്തിലേക്കു തിരിയുക സ്വാഭാവികമാണ്. പ്രത്യാശാ രഹിതമായ ഒരു അഭിശപ്ത ജീവിതത്തെ നേരിടുന്നവർക്ക് ഉന്നതമായ മൂല്യങ്ങളെപ്പറ്റിയുള്ള ചിന്തകളിലൊന്നും താത്പര്യമെടുക്കാനാവില്ല. വിശക്കുന്നവന്റെ മുൻപിൽ ഭക്ഷണത്തിന്റെ രൂപത്തിൽ മാത്രമേ പ്രത്യക്ഷപ്പെടാൻ ഈശ്വരൻപോലും ധൈര്യപ്പെടുകയുള്ളൂ എന്നാണ് ഗാന്ധിജി പറഞ്ഞത്. സമൂഹ ഘടനകളിൽ ഒളിഞ്ഞിരിക്കുന്ന ഉച്ചനീചത്വം, ചൂഷണം, മേധാവിത്വം എന്നിവ ഹിംസയുടെ സൃഷ്ടിയാണ്. പ്രകടമായി കാണുന്ന അക്രമം, അതു പലപ്പോഴും തീവ്രവാദമായും തീവ്രഭീകരപ്രവർത്തനമായും പ്രത്യക്ഷപ്പെടുന്നു എന്നേയുള്ളൂ. തീവ്രവാദങ്ങളും ഭീകരപ്രവർത്തനങ്ങളും സൃഷ്ടിക്കുന്നത് മുഖ്യമായും സമൂഹഘടനയിൽ ഒളിഞ്ഞുകിടക്കുന്ന ഹിംസ തന്നെയാണ്. അതുകൊണ്ട് ഭീകരപ്രവർത്തനങ്ങളെ തടയണമെങ്കിൽ സമൂഹത്തെ ഘടനാപരമായി മാറ്റിത്തീർത്തേ മതിയാവൂ. അതായത് നീതിയിൽ അധിഷ്ഠമായ ഒരു സാമൂഹിക, രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തണം.
ലക്ഷ്യവും മാർഗവും ശുദ്ധമായിരിക്കണം
ഗാന്ധിജിക്ക് സത്യം മാർഗവും അഹിംസ ലക്ഷ്യവുമായിരുന്നു. സത്യവും അഹിംസയും പരസ്പര ബന്ധിതമാണ്. ഇഷ്ടമില്ലാത്തവരെ ഉപദ്രവിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക എന്ന വിചാരംതന്നെ മനസിൽനിന്നു മാറ്റണം. ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കാൻ പാടില്ലെന്നുള്ള ഉൽകൃഷ്ട ചിന്തയിലേക്ക് മനുഷ്യൻ ഉയരണം. ഓരോ ദുർവിചാരവും അനാവശ്യമായ തിടുക്കവും മറ്റുള്ളവർക്ക് ദോഷം ഉണ്ടാകണമെന്ന വിചാരവും മനസിൽനിന്ന് ഉപേക്ഷിച്ചാലേ യഥാർഥ അഹിംസാവാദിയാകാൻ സാധിക്കുകയുള്ളൂ. സമ്മിശ്ര സ്വത്വം ആണ് മനുഷ്യൻ. മനുഷ്യന്റെ പാരസ്പര്യം സാധ്യമാക്കുന്നത്, പ്രയോജനകരമാക്കുന്നത് സത്യവും അഹിംസയുമാണ്. മനുഷ്യനെ യോജിപ്പിക്കുന്നതും മനുഷ്യബന്ധങ്ങളെ അർഥപൂർണമാക്കുന്നതും അഹിംസയാണ്. മനുഷ്യൻ അടിസ്ഥാനപരമായി അഹിംസാവാദിയാകേണ്ടിയിരിക്കുന്നു. നമ്മുടെ ഉണ്മയുടെ നിയമമാണ് അഹിംസ. സ്വാഭാവികമായ അഭിവാഞ്ഛ അഹിംസയാണ്. ആത്മാഭിമാനവും ആത്മസാക്ഷാത്കാരവും ആത്മാവിഷ്കാരവും അഹിംസയിലൂടെയേ സാധ്യമാകൂ.
ലോകാസമസ്താ സുഖിനോ ഭവന്തു
ലോകത്തെ സ്നേഹിക്കുന്ന ഏവരും സമസ്ത ലോകത്തിന്റെയും സുഖവും ക്ഷേമവും ആഗ്രഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രകൃതിക്കുമെതിരേ അപരാധവും അതിക്രമവും അനീതിയും നടമാടുന്ന ലോകത്ത് സമാധാനപരമായ സഹവർത്തിത്വം സാധ്യമാവില്ല. എല്ലാത്തരം മേധാവിത്വങ്ങളും വിവേചനങ്ങളും അസമത്വങ്ങളും അനീതികളും ഹിംസയാണ്. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം സത്യസന്ധതയും അഹിംസയുമാണ്. മനുഷ്യരെ സംയോജിപ്പിക്കുന്ന ശക്തിയാണത്. മനുഷ്യന്റെ പാരസ്പര്യം സാധ്യമാക്കുന്നത്, രചനാത്മകമാക്കുന്നത്, പ്രയോജനകരമാക്കുന്നത് സത്യവും അഹിംസയുമാണ്.
വർത്തമാന കാലത്തിന്റെ ആകുലതകൾ നീങ്ങിപ്പോകണമെങ്കിൽ, സമാധാനവും ശാന്തിയും പുലരുന്ന ഒരു ജീവിതാന്തരീക്ഷമുണ്ടാകണെങ്കിൽ ആദ്യപടിയായി മനുഷ്യവ്യക്തികൾ സ്വയം മാറ്റത്തിന് വിധേയരാകണം. അഹിംസയോട് പ്രതിബദ്ധത പാലിക്കുന്ന നീതിയിലധിഷ്ഠിതമായ ഒരു നവസമൂഹത്തെ സ്വപ്നംകണ്ട് അതിന്റെ സാക്ഷാത്കാരത്തിനായി പ്രവർത്തിക്കണം. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ലോകത്തെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് 2007 ജൂണ് 15ന് ഐക്യരാഷട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ലോക അഹിംസാ ദിനമായി ആചരിക്കാൻ ഐക്യകണ്ഠേ്യന തീരുമാനിച്ചതും സമസ്തജനവിഭാഗങ്ങളോടും അഹിംസയുടെ പക്ഷം ചേരാൻ ആവശ്യപ്പെട്ടതും.
ഹിംസാലോകത്ത് മറുമരുന്നായി നിന്ന്, യേശുക്രിസ്തു കാണിച്ചുതന്ന ശത്രുസ്നേഹത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് അത് പ്രവർത്തനക്ഷമമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ ഗാന്ധിജിയുടെ മാർഗത്തിലൂടെയേ ഹിംസാമുക്തമായ-അഹിംസാത്മകമായ നവലോകം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ.