വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മനുഷ്യപുത്രൻ
ഫാ. മൈക്കിൾ കാരിമറ്റം
Sunday, December 24, 2023 4:02 PM IST
“ഇതാ വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു. അവനെ പുരാതനായവന്റെ മുന്പിൽ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്കി. അവന്റെ ആധിപത്യം ശാശ്വതമാണ്. അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമായിരിക്കും” (ദാനിയേൽ 7,13-14).
വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളിൽ ഏറെ അറിയപ്പെടുന്നതും വളരെ പ്രാധാന്യമുള്ളതുമായ ഒന്നാണ് മനുഷ്യപുത്രനെപ്പറ്റി ദാനിയേലിന്റെ പുസ്തകത്തിൽ കാണുന്ന പ്രവചനം. യുഗാന്ത്യത്തെയും അന്തിമവിധിയെയും കുറിച്ചു പഠിപ്പിക്കുന്പോൾ ഈശോതന്നെ ഈ പ്രവചനത്തിലെ വാക്കുകൾ ഉപയോഗിക്കുന്നത് (മത്താ 24,30; 25,31) ഇതിന്റെ പ്രാധാന്യത്തിനു തെളിവായി നിൽക്കുന്നു. ദാനിയേലിന്റെ പ്രവചനത്തിന്റെ ചരിത്രസന്ദർഭം ഇവിടെ വിശകലനം ചെയ്യുന്നില്ല.
ഈ മനുഷ്യപുത്രൻ ഒരു പ്രത്യേക വ്യക്തിയെ സൂചിപ്പിക്കുന്നതായി തോന്നാം. എല്ലാ ജനതകളുടെയുംമേൽ അധികാരവും ആധിപത്യവും ദൈവം അയാൾക്കു നല്കുന്നു. അനശ്വരമായൊരു രാജ്യത്തിന്റെ, മരണമില്ലാത്ത, നിത്യം ഭരിക്കുന്ന രാജാവായിരിക്കും അയാൾ. ഇതാണ് 13-14 വാക്യങ്ങളിൽ അവതരിപ്പിക്കുന്ന മനുഷ്യപുത്ര ചിത്രം. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചാണ് ഈ വിവരണം എന്നു ന്യായമായും അനുമാനിക്കാം.
ഈ പ്രവചനം വിരൽചൂണ്ടുന്ന വ്യക്തി ഈശോമിശിഹായാണ്. കാരണം, ഈ വാക്കുകൾ അവിടുന്നിൽ പൂർത്തിയായി. വാനമേഘങ്ങളോടുകൂടെ വരുന്നവൻ ഒരു വ്യക്തിയാണ്, മനുഷ്യപുത്രനെപ്പോലെ ഒരുവൻ. അവൻ ഒരേസമയം മനുഷ്യനും ദൈവവുമാണ്. മനുഷ്യത്വം വെറും ഒരു തോന്നൽ മാത്രമല്ല, യാഥാർഥ്യമാണ്. എന്നാൽ മനുഷ്യത്വം ആ വ്യക്തിയെ പൂർണമായി നിർവചിക്കുന്നില്ല.
ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ ഈശോമിശിഹായുടെ സ്വയം ശൂന്യവത്കരണത്തെക്കുറിച്ച് വി. പൗലോസ് പറയുന്നു: “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്നു. ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു” (ഫിലി 2,6-7). ദൈവപുത്രന്റെ മനുഷ്യാവതാരമാണ് അപ്പസ്തോലൻ ഇവിടെ വിവരിക്കുന്നത്.
ഇത് ഈശോയിൽ ഭാഗികമായി പൂർത്തിയായതും ഇനിയും പൂർത്തീകരണം കാത്തിരിക്കുന്നതുമായ ഒരു പ്രവചനമാണെന്ന് ഈശോയുടെതന്നെ വാക്കുകളിൽനിന്നു ഗ്രഹിക്കാൻ കഴിയും. തന്നെത്തന്നെ സൂചിപ്പിക്കാൻ ഈശോ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരു വിശേഷണമാണ് മനുഷ്യപുത്രൻ. മറ്റാരും ഈശോയെ “മനുഷ്യപുത്രൻ” എന്നു വിളിച്ചതായി ബൈബിളിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
സ്വയം ശൂന്യവത്കരിച്ച്, ദരിദ്രരോട് താദാത്മ്യപ്പെട്ടവന്റെ ചിത്രം വരച്ചുകാട്ടാൻ ഈ വിശേഷണമാണ് ഈശോ ഉപയോഗിച്ചത്. “മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല’’ (മത്താ 8,20). ഭൂമിയിൽ പാപം മോചിക്കാൻ അധികാരമുള്ള മനുഷ്യപുത്രൻ (മത്താ 9,6) ദൈവത്തിന്റെതന്നെ അധികാരം ഉപയോഗിക്കുന്നു. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ് (മത്താ 12,8). തന്റെ പീഡാനുഭവം, മരണം, ഉത്ഥാനം എല്ലാം ഈശോ മുൻകൂട്ടി അറിയിക്കുന്നത് മനുഷ്യപുത്രൻ എന്ന വിശേഷണത്തോടെയാണ് (മത്താ 17,9; 26,2-24). “മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയും ചെയ്യും” (മത്താ 24,30).
അന്തിമവിധിയെക്കുറിച്ചുള്ള വിവരണത്തിൽ ഈ പ്രവചനത്തിന്റെ സ്വാധീനം വ്യക്തമായി കാണാം. “മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തിൽ എഴുന്നെള്ളുന്പോൾ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും” (മത്താ 25,31). യുഗാന്ത്യത്തിൽ വിധിയാളനായി വാനമേഘങ്ങളോടെ വരാനിരിക്കുന്നവൻ തന്റെ മരണവും ഉത്ഥാനവുംവഴി മഹത്വീകൃതനായി “ശക്തിയുടെ വലതുഭാഗത്ത്” ഉപവിഷ്ടനായിരിക്കുന്നു (മത്താ 26,64).
ദാനിയേൽ ദർശനമായിക്കണ്ട മനുഷ്യപുത്രൻ ഒരേസമയം ദൈവജനത്തിന്റെയും മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെയും പ്രതീകമാണ്. ദൈവരാജ്യത്തിന് എന്നേക്കും അവകാശികളാകുന്ന ദൈവജനത്തെ ഒറ്റ വ്യക്തിയായിക്കണ്ട് മനുഷ്യപുത്രൻ എന്നു വിശേഷിപ്പിക്കുന്നു.
എന്നാൽ അതിലുപരി, മനുഷ്യനായി അവതരിച്ച ദൈവപുത്രനിലേക്കാണ് ഈ പ്രവചനം ശ്രദ്ധക്ഷണിക്കുന്നത്. ബേത്ലെഹെമിൽ ജനിച്ച്, നസ്രത്തിൽ ജീവിച്ച്, ജറൂസലെമിൽ മരിച്ച്, ഉയിർത്തെഴുന്നേറ്റ ദൈവപുത്രനിൽ ഈ പ്രവചനം ഭാഗികമായി പൂർത്തിയായി. അവന്റെ രണ്ടാം വരവിലായിരിക്കും പ്രവചനം പൂർണമായും നിറവേറുക.
അത് എന്നാണെന്ന് “പിതാവിനല്ലാതെ മറ്റാർക്കും... അറിഞ്ഞുകൂടാ” (മത്താ 24,36). അതിനാൽ എപ്പോഴും ജാഗ്രതയോടെ വർത്തിക്കുക. വിശ്വസ്തരായി ജീവിക്കുക. വാനമേഘങ്ങളിൽ വരുന്ന മനുഷ്യപുത്രനുവേണ്ടി കാത്തിരിക്കുക.