ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിഗണിക്കുന്നതിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. പേര് ഒഴിവാക്കപ്പെട്ടവരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരുടെ അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ആകെ ലഭിച്ച 38.31 ലക്ഷം അപ്പീലുകളിൽ 22.21 ലക്ഷവും വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുടേതാണ്. ഈ പരാതികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കോൽക്കത്ത മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ നിന്നുള്ള അപ്പീലുകളും മുൻഗണനയോടെ പരിഗണിക്കണം.
അപ്പീലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി ട്രൈബ്യൂണലുകളുടെ എണ്ണം വർധിപ്പിക്കാനും കോടതി നിർദേശിച്ചു. ഇതിനായി കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശം നൽകി.