R.I.P
ഫാ. ജോസഫ് ചിറ്റൂര്‍
ഫാ. ജോസഫ് ചിറ്റൂര്‍
മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ജോസഫ് ചിറ്റൂര്‍ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന ശുശ്രൂഷയ്ക്കുശേഷം വിയാനി ഭവനിലെ വൈദിക സെമിത്തേരിയില്‍.
കോട്ടയം കുറവിലങ്ങാട് മാര്‍ത്തമറിയം ഇടവകയിലെ ചിറ്റൂര്‍ പരേതരായ വര്‍ക്കിമോണിക്ക ദമ്പതികളുടെ മകനാണ്. 1964 ഡിസംബര്‍ ഒന്നിന് മുംബൈയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്.
തുടര്‍ന്ന് തലശേരി അതിരൂപതയിലെ കണിച്ചാര്‍, കുന്നോത്ത്, കൂടരഞ്ഞി, കര്‍ണാടകയിലെ നരസിംഹരാജപുരം, എന്‍ആര്‍ പുര, മാനന്തവാടി രൂപതയിലെ ദീപ്തിഗിരി, കാവുംമന്ദം, സീതാമൗണ്ട് ഇടവകകളില്‍ സേവനം ചെയ്ത അദ്ദേഹം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചു.
ഫിലിപ്പീന്‍സിലെ അത്തനെയോ ഡി മനില സര്‍വകലാശാലയില്‍നിന്നു കാറ്റക്കിസം ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ഫാ.ജോസഫ് ചിറ്റൂര്‍ സ്പെഷല്‍ എഡ്യുക്കേഷനിലും സ്കൂള്‍ ഗൈഡന്‍സ് ഓര്‍ഗനൈസേഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
ആരോഗ്യരംഗത്തും പാരമ്പര്യ ഔഷധവിജ്ഞാന മേഖലയിലും അച്ചന്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഹെര്‍ബല്‍ മെഡിസിനില്‍ വിസിറ്റിംഗ് പ്രഫസറായും ഹൈദരാബാദിലെ സിഎച്ച്എഐ കണ്‍സള്‍ട്ടന്‍റായും പ്രവര്‍ത്തിച്ച അദ്ദേഹം പാരമ്പര്യ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിന് ഗ്രാമങ്ങളില്‍ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
കര്‍ണാടകയിലെ ഹാന്‍ഡ് പോസ്റ്റിലെ ’ജീവധാരു’ ആയുര്‍വേദ ചികിത്സാകേന്ദ്രത്തിന്‍റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചിറ്റൂരച്ചന്‍റെ പ്രയത്നവും ആത്മസമര്‍പ്പണവും കഴിവും കൊണ്ടാണ് ’ജീവധാരു’ നന്മയുടെ മാതൃകയായി വളര്‍ന്നത്.
നിരവധി ഔഷധസസ്യങ്ങളിലും അവയുടെ ഗുണങ്ങളിലും ശാസ്ത്രീയ വിജ്ഞാനം അച്ചനുണ്ടായിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവ് മലയാളത്തിലും കന്നഡയിലും പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളില്‍ റേഡിയോ മാറ്റൊലിയിലൂടെ അച്ചന്‍ നടത്തിയ പങ്കുവയ്ക്കല്‍ ഏറെ ശ്രദ്ധേയമായിരുന്നു.
മികച്ച സേവനം മുന്‍നിര്‍ത്തി 2001ല്‍ ആചാര്യ വിനോബഭാവെ നാഷണല്‍ അവാര്‍ഡും 2008ല്‍ സിപിസിഐ നാഷണല് എക്സല്‍സ് അവാര്‍ഡും നല്‍കി രാജ്യം ഫാ.ചിറ്റൂരിനെ ആദരിച്ചിട്ടുണ്ട്. 2022ല്‍ ബെസ്റ്റ് പ്രീസ്റ്റ് സോഷ്യല്‍ വര്‍ക്കറിനുള്ള സീറോ മലബാര്‍ സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡിനും മിഷന്‍ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളും ദൈവവിളി രംഗത്തെ സംഭാവനകളും പരിഗണിച്ച് 2024ലെ ജോസഫ് മാലിപ്പറമ്പില്‍ അവാര്‍ഡിനും അച്ചന്‍ അര്‍ഹനായി. 2019 മുതല്‍ വിയാനിഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions