റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായി. അൽ വതൻ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യാത്രാ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു.
അപകടം നടന്ന ഉടൻ തന്നെ പൊലിസും സിവിൽ ഡിഫൻസും ആംബുലൻസ് വിഭാഗവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റ യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് പ്രദേശത്തുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തര നടപടികൾ സ്വീകരിച്ചു.
അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം എന്താണെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രാലയം അനുശോചനക്കുറിപ്പിൽ പറഞ്ഞു. അടുത്തിടെ ഫുജൈറയിലുണ്ടായ സമാനമായ മറ്റൊരു വാഹനാപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർ മരണപ്പെട്ടിരുന്നു.