വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹിയോയിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. സെൻട്രൽ ഒഹായോ ട്രാൻസിറ്റ് അതോറിറ്റിയുടെ രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കൊളംബസ് നഗരത്തിന്റെ വടക്കൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
റോഡിന്റെ മധ്യത്തിലെ ഇരട്ട മഞ്ഞവര മറികടന്നെത്തിയ ഒരു ബസ് എതിർദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ മറ്റൊരു വാഹനവും ബസുകളിൽ ഒന്നിലേക്ക് ഇടിച്ചുകയറി. എന്നാൽ, ബസ് ദിശതെറ്റി എതിർവശത്തേക്ക് നീങ്ങാനുണ്ടായ യഥാർഥ കാരണം വ്യക്തമായിട്ടില്ലെന്ന് കൊളംബസ് പൊലിസ് സർജന്റ് ജോസഫ് ആൽബർട്ട് അറിയിച്ചു.
അപകടത്തിൽപ്പെട്ട ഒരു ബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ഡ്രൈവറെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് യാത്രക്കാരും അപകടത്തിൽപ്പെട്ട മൂന്നാമത്തെ വാഹനത്തിലുണ്ടായിരുന്നവരും ഉൾപ്പെടെ ഒമ്പത് പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരുടെയും നില ഗുരുതരമല്ലെന്ന് പൊലിസ് വ്യക്തമാക്കി. കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടിട്ടില്ല.
സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കും അപകടത്തിൽപ്പെട്ട ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സെൻട്രൽ ഒഹായോ ട്രാൻസിറ്റ് അതോറിറ്റി വ്യക്തമാക്കി.