ഷിക്കാഗോ: ആകാശമധ്യേ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികരും വിമാന ജീവനക്കാരും ചേർന്നു സാഹസികമായി കീഴടക്കി. സംഭവത്തെത്തുടർന്ന് ഷിക്കാഗോയിലേക്കു പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം അരിസോണയിലെ ഫീനിക്സിൽ അടിയന്തരമായി ഇറക്കി.
സാൻ ഡീഗോയിൽനിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 1494-ാം നമ്പർ വിമാനത്തിലായിരുന്നു ഇന്നലെ പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് വിമാനം ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സ്വന്തം സീറ്റിൽനിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ മുൻഭാഗത്തേക്കു നീങ്ങിയ യാത്രക്കാരൻ തിരികെ സീറ്റിലേക്കു മടങ്ങാനുള്ള ജീവനക്കാരുടെ നിർദേശം ആവർത്തിച്ച് അവഗണിക്കുകയും എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. തുടർന്ന് ജീവനക്കാരും സഹയാത്രികരും ചേർന്നു ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി തറയിൽ കിടത്തുകയായിരുന്നു. പുലർച്ചെ ഒന്നോടെ വിമാനം ഫീനിക്സിൽ സുരക്ഷിതമായി ഇറക്കുന്നതുവരെ ഇയാളെ ഇത്തരത്തിൽ പിടിച്ചുവച്ചു. സംഭവത്തിൽ ഇയാൾക്ക് നിസാര പരിക്കേറ്റതൊഴിച്ചാൽ മറ്റു യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നുമില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഷോൺ ബെന്നറ്റ് എന്ന യാത്രക്കാരൻ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിമാനം ഫീനിക്സിൽ ഇറങ്ങിയ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പ്രശ്നക്കാരനായ യാത്രക്കാരനെ പുറത്തിറക്കി. തുടർന്ന് തുടർന്ന് പുലർച്ചെ 5:. 52ഓടെ വിമാനം ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു യാത്ര തുടർന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അമേരിക്കൻ എയർലൈൻസും അറിയിച്ചു.
യാത്രക്കാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് എഫ്ബിഐയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫീനിക്സ് പൊലിസ് വ്യക്തമാക്കി