ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിഷും തമ്മിലുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെയുള്ള ഒരു ഹ്രസ്വ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നെതന്യാഹു നീട്ടിയ കൈകളിൽ ബാബിഷ് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, പൂർണമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രചാരണങ്ങൾ തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്.
ജറുസലേമിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിന്റെ അവസാന ഭാഗത്താണ് സംഭവം. തന്റെ പ്രസംഗം പൂർത്തിയാക്കിയ നെതന്യാഹു, ബാബിഷിന് ഹസ്തദാനം നൽകാനായി പോഡിയത്തിന് പിന്നിൽ നിന്നും മുന്നോട്ട് വന്ന് കൈ നീട്ടി. എന്നാൽ ഈ സമയം ബാബിഷ് തന്റെ പ്രസംഗം പൂർത്തിയാക്കിയിരുന്നില്ല. ചെക്ക് റിപ്പബ്ലിക്കിലെ സുരക്ഷയെയും നിക്ഷേപ സാധ്യതകളെയും കുറിച്ച് സംസാരിക്കുകയായിരുന്ന ബാബിഷ്, പ്രസംഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ നെതന്യാഹു കൈ നീട്ടിയത് ഉടൻ ശ്രദ്ധിച്ചില്ല.
ഇതോടെ നെതന്യാഹുവിന് അല്പനേരം കാത്തുനിൽക്കേണ്ടി വന്നു. എന്നാൽ, പ്രസംഗം അവസാനിപ്പിച്ച ഉടൻ തന്നെ ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നത് വാർത്താസമ്മേളനത്തിന്റെ പൂർണ വീഡിയോയിൽ വ്യക്തമാണ്. വാർത്താസമ്മേളനത്തിന്റെ തുടക്കത്തിലും ഇരുവരും ഹസ്തദാനം ചെയ്തിരുന്നു.
തീവ്രവാദ ആരോപണങ്ങൾ ഉന്നയിച്ചാണ് ബാബിഷ് ഹസ്തദാനം നിരസിച്ചതെന്ന തരത്തിൽ തെറ്റായ പരിഭാഷകളോടെയാണ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ, ചെക്ക് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, തന്റെ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനെക്കുറിച്ചും ഇസ്രയേലിന്റെ പ്രതിരോധ സാങ്കേതികവിദ്യയിലുള്ള താത്പര്യത്തെക്കുറിച്ചുമാണ് ബാബിഷ് ആ നിമിഷം സംസാരിച്ചുകൊണ്ടിരുന്നത്.
ഉഭയകക്ഷി ബന്ധവും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിനായാണ് ബാബിഷ് ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചാണ് ഇരുനേതാക്കളും വേദിയിൽ എടുത്തുപറഞ്ഞത്.