ഇസ്താംബുൾ: തുർക്കിയിലെ പ്രതിപക്ഷ അനുകൂല മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും നിയന്ത്രിക്കുന്നതിനുമെതിരേ ഇസ്താംബുളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നഗരത്തിലൂടെ കിലോമീറ്ററുകളോളം റാലി നടത്തിയ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
പ്രധാന പ്രതിപക്ഷ പാർട്ടിയായ യെനി പാർട്ടിയാണു പ്രതിഷേധറാലിക്ക് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ നിലപാടുകൾ സംപ്രേഷണം ചെയ്തിരുന്ന അവസാന ചാനലുകളിലൊന്നായ സോസ്കു ടിവി ആസ്ഥാനത്തു പൊലിസ് റെയ്ഡ് നടത്തുകയും മുതിർന്ന ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് റാലി നടന്നത്.
ഈ ചാനലിന്റെ നിയന്ത്രണം സർക്കാർ നിയോഗിച്ച ട്രസ്റ്റിക്ക് കൈമാറുകയും നിർബന്ധിത ഭരണത്തിനു കീഴിലാക്കുകയും ചെയ്തിരുന്നു. ടെലി1, തുർക്കിയിലെ ഏറ്റവുമധികം ആളുകൾ കാണുന്ന വാർത്താ ചാനലായ ഹൾക് ടിവി, പ്രമുഖ ഡിജിറ്റൽ വാർത്താ പോർട്ടലായ ടി24 എന്നിവയ്ക്കെതിരേ സമാനമായ നടപടികൾ ഉണ്ടായതിനു പിന്നാലെ ഒരു വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റെടുക്കലാണിത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുർക്കിയിൽ മാധ്യമസ്വാതന്ത്ര്യം വലിയ സമ്മർദം നേരിടുകയാണ്. കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം നിരവധി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു.
മാധ്യമാവകാശ സംഘടനയായ എംഎൽഎസ്എയുടെ കണക്കനുസരിച്ച് നിലവിൽ 25 മാധ്യമപ്രവർത്തകരാണ് തുർക്കിയിൽ ജയിലിൽ കഴിയുന്നത്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ ഈ വർഷത്തെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 163-ാം സ്ഥാനത്താണു തുർക്കി