ബെൽഗ്രേഡ്: നൊബേൽ ജേതാവായ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പത്തു മാസത്തെ പ്രവാസത്തിനുശേഷം വെനസ്വേലയിൽ തിരിച്ചെത്തി. ഞായറാഴ്ച ലാറ സംസ്ഥാനത്തെ പള്ളിയിൽ ദിവ്യബലിയിൽ പങ്കെടുത്ത അവർ തുടർന്ന് അനുയായികൾക്കൊപ്പം വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലേക്കു മോട്ടോർ റാലി നടത്തി.
വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്റെ പീഡനങ്ങൾ നേരിട്ടിരുന്ന മരിയ കഴിഞ്ഞ ഡിസംബറിൽ നൊബേൽ സമ്മാനം വാങ്ങാനായി രഹസ്യമായി രാജ്യത്തുനിന്നു കടന്നതാണ്. ജനുവരിയിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം മഡുറോയെ തട്ടിക്കൊണ്ടുപോകുകയും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനു ഭരണച്ചുമതല നല്കുകയും ചെയ്തു.
മരിയ അമേരിക്കയിലെത്തി തന്റെ നൊബേൽ സമ്മാനം പ്രസിഡന്റ് ട്രംപിനു കാഴ്ചവച്ചിരുന്നു. എന്നാൽ, വനസ്വേലയിലേക്കു പോകാനുള്ള മരിയയുടെ ശ്രമങ്ങളെല്ലാം ട്രംപ് ഭരണകൂടം പരാജയപ്പെടുത്തി എന്നാണു റിപ്പോർട്ട്. തിരിച്ചെത്തിയ മരിയയുടെ പദ്ധതികൾ വ്യക്തമല്ല. തെരഞ്ഞെടുപ്പു നടന്നാൽ പ്രസിഡന്റായി മത്സരിക്കുമെന്നു മരിയ മുന്പു പറഞ്ഞിട്ടുണ്ട്. മഡുറോ ഭരണകൂടം മരിയയെ മത്സരിക്കാൻ അനുവദിച്ചിരുന്നില്ല.