സാൻ ഫ്രാൻസിസ്കോ: നിർമിത ബുദ്ധി വിപ്ലവം സാൻ ഫ്രാൻസിസ്കോ നഗരത്തിൽ പുതിയൊരു കോടീശ്വര നിരയെ സൃഷ്ടിക്കുകയാണ്. പ്രമുഖ എഐ ചാറ്റ്ബോട്ടായ 'ക്ലോഡിന്റെ'നിർമാതാക്കളായ ആന്ത്രോപിക്കിന്റെ ഓഹരി വിപണി പ്രവേശനം കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാരെ കോടീശ്വരന്മാരും നിരവധി പേരെ ശതകോടീശ്വരന്മാരുമാക്കി മാറ്റിയിരിക്കുന്നു. എന്നാൽ മുൻകാല ടെക് വിപ്ലവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആഡംബര കാറുകളോ ആർഭാട പാർട്ടികളോ അല്ല ഈ പുതിയ കോടീശ്വരന്മാരുടെ ലക്ഷ്യം.
ആഡംബരത്തിന് പകരം കുടുംബവും സുരക്ഷിതത്വവും
2012-ൽ ഫേസ്ബുക്ക് ഓഹരി വിപണിയിലെത്തിയപ്പോൾ പുതുപ്പണക്കാരായ എഞ്ചിനീയർമാർ വിലകൂടിയ സ്പോർട്സ് കാറുകളിലാണ് ഓഫീസിലെത്തിയിരുന്നത്. എന്നാൽ 'ആന്റ്സ്' എന്നറിയപ്പെടുന്ന ആന്ത്രോപിക് ജീവനക്കാരുടെ രീതി തികച്ചും വ്യത്യസ്തമാണ്. ജീൻസും വെസ്റ്റും ധരിക്കുന്ന, ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർക്ക് സമ്പത്ത് പ്രദർശിപ്പിക്കുന്നതിൽ താത്പര്യമില്ല. പകരം കുടുംബത്തിനായി നല്ല വീടുകൾ വാങ്ങാനും, വീട്ടുപകരണങ്ങൾ ഒരുക്കാനും, ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കാനുമാണ് ഇവർ മുൻഗണന നൽകുന്നത്. സ്വകാര്യത നിലനിർത്തുന്നതിനായി 'ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ' വഴിയാണ് പലരും വീടുകൾ വാങ്ങുന്നത്.
കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് വിപണി
ആന്ത്രോപിക് ഐപിഒയ്ക്ക് മാസങ്ങൾക്ക് മുൻപ് തന്നെ ഓഹരി മൂല്യം ഈടായി നൽകി പല ജീവനക്കാരും വീടുകൾ വാങ്ങിത്തുടങ്ങിയിരുന്നു. ഇതോടെ സാൻ ഫ്രാൻസിസ്കോയിലെ വീടുകളുടെ ശരാശരി വില കഴിഞ്ഞ ഒരു വർഷത്തിനിടെ 29 ശതമാനം വർധിച്ച് 2.39 മില്യൺ ഡോളറിലെത്തി (ഏകദേശം 20 കോടി രൂപ). നോയ് വാലി, കോൾ വാലി തുടങ്ങിയ കുടുംബസൗഹൃദ മേഖലകളിലാണ് ഇവർ പ്രധാനമായും വീടുകൾ തേടുന്നത്. ഓപ്പൺ എഐയുടെ വരാനിരിക്കുന്ന ലിസ്റ്റിംഗ് കൂടി എത്തുന്നതോടെ വിപണിയിൽ വില ഇനിയും കുതിച്ചുയരും.
ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ഒഴുകുന്ന കോടികൾ
'എഫക്റ്റീവ് ആൾട്രൂയിസം' എന്ന ആശയവുമായി ആഴത്തിൽ ബന്ധമുള്ള ആന്ത്രോപിക്കിന്റെ ഏഴ് സഹസ്ഥാപകരും തങ്ങളുടെ ഓഹരികളുടെ 80 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ജീവനക്കാർ നൽകുന്ന സംഭാവനകൾക്ക് തുല്യമായ തുക കമ്പനിയും നൽകുന്നുണ്ട്. 2027 അവസാനത്തോടെ പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 50 മില്യൺ ഡോളർ നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗസംരക്ഷണ ഗവേഷണ സ്ഥാപനമായ 'വൈൽഡ് അനിമൽ ഇനിഷ്യേറ്റീവ്' പോലുള്ള സംഘടനകൾക്ക് ഇതിനോടകം ലക്ഷക്കണക്കിന് ഡോളർ സംഭാവനയായി ലഭിച്ചു കഴിഞ്ഞു.
മറുവശത്ത് രൂക്ഷമാകുന്ന പാർപ്പിട പ്രതിസന്ധി
ടെക് മേഖലയിൽ പുതിയ കോടീശ്വരന്മാർ പിറക്കുമ്പോൾ, സാധാരണക്കാരായ താമസക്കാർക്ക് സാൻ ഫ്രാൻസിസ്കോയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമാകുന്നത്. വാടക നിരക്കുകൾ ഒരു വർഷത്തിനിടെ 26 ശതമാനം വർധിച്ചതോടെ മേയർ ഡാനിയൽ ലൂറി നഗരത്തിൽ 'വാടക അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. ഉയർന്ന വാടകയ്ക്ക് വീടുകൾ നൽകുന്നതിനായി, നിലവിലുള്ള സാധാരണക്കാരായ വാടകക്കാരെ വൻ തുക നൽകി ഒഴിപ്പിക്കുന്ന പ്രവണതയും നഗരത്തിൽ വർധിച്ചുവരികയാണ്. എഐ കമ്പനികളുടെ ഈ വൻ സാമ്പത്തിക വളർച്ച നഗരത്തിലെ ദാരിദ്ര്യ നിർമാർജനത്തിനും പൊതുസേവനങ്ങൾക്കും എത്രത്തോളം പ്രയോജനപ്പെടുമെന്ന ആശങ്കയും സാമൂഹിക പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്.