ന്യൂഡൽഹി: ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുന്നു. വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്ന് പലായനം ചെയ്ത ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി അടുത്ത മാസം നാട്ടിലേക്കു മടങ്ങാൻ പദ്ധതിയിടുന്നതായി അവരുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി അറിയിച്ചു.
1971ലെ ബംഗ്ലാ വിമോചന യുദ്ധം ജയിച്ചതിന്റെ വാർഷികദിനമായ ഡിസംബർ 16ന് ഹസീന ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്നാണു റിപ്പോർട്ട്. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ ഡൽഹിയിൽനിന്നു ധാക്കയിലേക്കു യാത്രയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന് ഹസീന ബംഗ്ലാദേശ് സർക്കാരിനെ അറിയിച്ചു.
ഭരണഘടന ലംഘിച്ചാണ് ഹസീനയെ നാടുകടത്തിയതെന്നും അവരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്വം ബംഗ്ലാദേശ് സർക്കാരിനുണ്ടെന്നും സയ്യിദ് മൊസമ്മൽ അലി പറഞ്ഞു. 2024ലെ വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നാരോപിച്ച് ഹസീനയെ ബംഗ്ലാദേശ് പരമോന്നത കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
തനിക്കെതിരായ കുറ്റങ്ങളെല്ലാം നിഷേധിച്ച ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തി കോടതിയിൽ കീഴടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിച്ചു. പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ഹസീനയുടെ അഭിഭാഷകൻ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു.
എന്നാൽ, പുതിയ യാത്രാരേഖകൾ നൽകണമെന്ന ആവശ്യം ബംഗ്ലാദേശ് സർക്കാർ നിരസിച്ചു. ഇത് ബംഗ്ലാദേശിൽ വീണ്ടും കലാപമുണ്ടാക്കാൻ ഇടയാക്കി. ജയിലിലടയ്ക്കുകയോ വധശിക്ഷ നടപ്പാക്കുകയോ ചെയ്താലും തനിക്ക് നാട്ടിലേക്കു മടങ്ങിപ്പോയേ മതിയാകൂവെന്ന് നേരത്തേ ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കവേ ഹസീന പറഞ്ഞിരുന്നു.
അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്ത ഹസീന രണ്ട് വർഷമായി ഇന്ത്യയിൽ അഭയാർഥിയായി കഴിയുകയാണ്. ബംഗ്ലാദേശ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഹസീനയെ വിട്ടുനൽകാൻ ഇന്ത്യ തയാറായിട്ടില്ല.
ഹസീനയെ തിരികെ കൊണ്ടുവരുന്നത് കൈവിലങ്ങുകളോടെയോ കർശന നിരീക്ഷണത്തിലൂടെയോ മാത്രമേ സാധ്യമാകൂവെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഹുമയൂൺ കോബിർ പറഞ്ഞു. വിദേശത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്കു ബാധകമായ എല്ലാ നിയമങ്ങളും അവർക്കും ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അവാമി ലീഗ് ഹസീനയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും അക്രമസംഭവങ്ങളും തീവയ്പും നടക്കുകയാണ്.