ബെർലിൻ: യൂറോപ്പിലെ സ്കൂളുകളെ ലക്ഷ്യമിട്ടു വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു. ഇന്നലെ ജർമനിയിലും ഡെൻമാർക്കിലും നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇ-മെയിൽ വഴി ഭീഷണിസന്ദേശം ലഭിച്ചു. ജർമനിയിൽ മാത്രം 450 സ്കൂളുകൾക്ക് ഭീഷണിയുണ്ടായതായാണു റിപ്പോർട്ട്. എന്നാൽ ഇവ വ്യാജമാണെന്നു പിന്നീട് സ്ഥിരീകരിച്ചു.
ജർമൻ തലസ്ഥാനമായ ബെർലിനിലെയും ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെയും സ്കൂളുകൾക്കാണു പ്രധാനമായും ഭീഷണിസന്ദേശം ലഭിച്ചത്.
സ്കൂൾ കെട്ടിടങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിക്കുമെന്നുമാണ് അജ്ഞാതർ അയച്ച ഇ മെയിലുകളിലെ മുന്നറിയിപ്പ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. യൂറോപ്പിൽ ഈ മാസം ആദ്യം മുതൽ ഇത്തരം വ്യാജ ഭീഷണികൾ ആവർത്തിക്കുകയാണ്.
ഏതാനും ദിവസം മുന്പ് ഇറ്റലിയിൽ ആയിരക്കണക്കിന് സ്കൂളുകൾക്ക് ഇ മെയിൽ വഴി ബോംബ് ഭീഷണി ലഭിക്കുകയും 300ലേറെ സ്കൂളുകൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച സ്പെയിനിലെ പത്തിലേറെ സ്കൂളുകളും സമാനമായ ഭീഷണിയെത്തുടർന്ന് ഒഴിപ്പിച്ചു.
ബ്രിട്ടൻ, ഹംഗറി, സെർബിയ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്കും അടുത്തിടെ വ്യാജ ഭീഷണികൾ ലഭിച്ചിരുന്നു. സ്കൂളുകൾക്കു പുറമെ സൂപ്പർമാർക്കറ്റുകൾ, രക്തബാങ്കുകൾ, വിമാനഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, വാർത്താമാധ്യമങ്ങൾ എന്നിവയ്ക്കുനേരേ അടുത്തിടെ വലിയതോതിൽ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.