അന്റാലിയ: ഫോസിൽ ഇന്ധനത്തിൽ തെന്നി ഐക്യരാഷ്ട്രസഭയുടെ 31-ാം കാലാവസ്ഥാ ഉച്ചകോടി പരാജയപ്പെട്ടു. ആഗോളതാപനത്തിന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് അന്തിമ കരാറിൽ പരാമർശിക്കാത്തതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഉച്ചകോടി ഫലംകാണാതെ പിരിയാനിടയാക്കിയത്.
തുർക്കിയിലെ അന്റാലിയയിൽ രണ്ടാഴ്ച നീണ്ട ചർച്ചകൾക്കു തുടക്കം കുറിക്കുമ്പോൾത്തന്നെ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. ഫോസിൽ ഇന്ധനങ്ങളെ കരാറിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഇതോടെ ഉച്ചകോടി ഒരു പ്രധാന കരാറിലെത്താനാകാതെ പിരിഞ്ഞു. തുർക്കിയും ഓസ്ട്രേലിയയും ചേർന്ന് അവതരിപ്പിച്ച ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിക്കാത്ത അന്തിമ കരാർ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നു യൂറോപ്യൻ യൂണിയനും മറ്റ് ചില രാജ്യങ്ങളും നിലപാടെടുക്കുകയാണുണ്ടായത്.
വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സമ്മേളനം, സമവായമാകാതെ ഞായറാഴ്ച വരെ നീണ്ടു. പലരാജ്യങ്ങളും എതിർപ്പറിയിച്ച് ഉച്ചകോടിയിൽനിന്നു മടങ്ങിപ്പോയിരുന്നു.
ആഗോളതാപനത്തിന് പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ചോ, വായു മലിനീകരണത്തിനു വഴിവയ്ക്കുന്ന കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ ഒഴിവാക്കേണ്ടതിനെക്കുറിച്ചോ കരടിൽ പരാമർശമില്ലാതിരുന്നതാണു ഭൂരിപക്ഷം രാജ്യങ്ങളുടെയും എതിർപ്പിനു കാരണമായത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ നേരിടാൻ നിലവിലെ കരട് രേഖ പര്യാപ്തമല്ലെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിക്കാത്ത കരാർ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയനെ പ്രതനിധീകരിക്കുന്ന അയർലൻഡ് കാലാവസ്ഥാ മന്ത്രി ദാരോ ഒബ്രിൻ പറഞ്ഞു. കാലാവസ്ഥാ ഉച്ചകോടിയിലെ ചർച്ചകൾ ഇത്രയധികം സമയം നീളുന്നത് ഇതാദ്യമാണ്.
അതേസമയം, അന്തിമ കരാറിൽ /”ഫോസിൽ ഇന്ധനങ്ങൾ/”എന്ന പരാമർശം ഒഴിവാക്കാനുള്ള തീരുമാനത്തെ റഷ്യ പിന്തുണച്ചു.ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്ന നിർദേശം ആദ്യ കരടിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സൗദി ഉൾപ്പടെയുള്ള എണ്ണ, വാതക ഉത്പാദക രാജ്യങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഒഴിവാക്കി. അടുത്ത കാലാവസ്ഥാ ഉച്ചകോടി 2027 നവംബറിൽ എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിൽ നടക്കും.