ജക്കാർത്ത: ഇന്തോനേഷ്യയിൽ അനധികൃത സ്വർണഖനിയിൽ പ്രളയജലം നിറഞ്ഞ് ഒന്പതു പേർ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു.
വെസ്റ്റ് ജാവയിലെ ബോഗോർ പ്രദേശത്ത് മലനിരകളിൽ പ്രവർത്തിക്കുന്ന ഖനിയിൽ തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനി ആയതിനാൽ 16 മണിക്കൂറിനു ശേഷമാണ് പൊലിസിനെ വിവരം അറിയിച്ചത്.
തിങ്കളാഴ്ച പ്രദേശത്തു കനത്ത മഴ പെയ്തതിനെത്തുടർന്ന് റിസർവോയർ കവിഞ്ഞ് പ്രളയം ഉണ്ടാവുകയായിരുന്നു. നൂറു മീറ്റർ ആഴത്തിലുള്ള ഖനിയിൽ വെള്ളം നിറഞ്ഞു. സ്വർണം തെരഞ്ഞുകൊണ്ടിരുന്നവരിൽ 11 പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു.
ഖനിത്തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് പന്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അധികൃതരെ വിരം അറിയിക്കുന്നത്.
ഖനിയിലെ വെള്ളം വറ്റിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ഇന്നലെ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി.