ന്യൂയോർക്ക്: ഓം പതിച്ച വസ്ത്രം ധരിച്ച് അമേരിക്കൻ മോഡലും ടെലിവിഷൻ താരവുമായ കെൻഡൽ ജെന്നർ വിവാദത്തിൽ. സഹോദരി കൈലി ജെന്നറിനൊപ്പമുള്ള അവധിയാത്രയ്ക്കിടെ ധരിച്ച വസ്ത്രമാണ് ഇന്ത്യയിൽ വിവാദത്തിനിടയാക്കിയത്. ബഹാമാസിൽ ബോട്ട് യാത്രയ്ക്കിടെ കെൻഡലിനൊപ്പമുള്ള ചിത്രങ്ങൾ കൈലി ജെന്നർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.
ക്യൂട്ടസ്റ്റ് ഗേൾ ഇൻ ദ ഹോൾ വേൾഡ് എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ കൈലി പോസ്റ്റ് ചെയ്തത്. കറുത്ത നിറത്തിലുള്ള ടു പീസ് ബിക്കിനിക്ക് മുകളിലായി മഞ്ഞയും ചുവപ്പും നിറങ്ങളിൽ ഓം ചിഹ്നം പ്രിന്റ് ചെയ്ത വസ്ത്രമാണ് കെൻഡൽ ധരിച്ചിരുന്നത്.
ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ഇന്ത്യക്കാർ വിമർശനവുമായി രംഗത്തെത്തി. ഹിന്ദുമതത്തിൽ പവിത്രമായി കണക്കാക്കുന്ന ഓം ചിഹ്നം ഇത്തരത്തിൽ ഫാഷൻ വസ്ത്രത്തിൽ ഉപയോഗിച്ചത് മതവികാരങ്ങളെ മാനിക്കാത്ത നടപടിയാണെന്നാണ് വിമർശകരുടെ നിലപാട്.