ലണ്ടൻ: ചികിത്സിക്കാൻ ഏറ്റവും പ്രയാസമേറിയതും മരണനിരക്ക് കൂടുതലുള്ളതുമായ പാൻക്രിയാറ്റിക് കാൻസറിനെതിരേ നിർണായക മുന്നേറ്റം. 'ഡറാക്സോൺറാസിബ്' (Daraxonrasib) എന്ന പുതിയ ഗുളികയും കീമോതെറാപ്പിയും സംയോജിപ്പിച്ചു നൽകിയ പ്രാഥമിക പരീക്ഷണങ്ങളിൽ രോഗികളുടെ ശരീരത്തിലെ കാൻസർ മുഴകൾ ചുരുങ്ങുകയും ചിലരിൽ പൂർണമായും അപ്രത്യക്ഷമാകുകയും ചെയ്തു.
പതിറ്റാണ്ടുകൾക്കുശേഷമുള്ള ഏറ്റവും വലിയ കണ്ടുപിടിത്തമാണിതെന്നാണ് ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. എങ്കിലും, രോഗം എത്രകാലം നിയന്ത്രിച്ചു നിർത്താനാകുമെന്ന് വ്യക്തമല്ലാത്തതിനാൽ ഇതിനെ സമ്പൂർണ രോഗശാന്തിയായി ഇപ്പോൾ കാണാനാകില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കാൻസർ പടർന്ന 61 രോഗികളിലാണ് പ്രാഥമികഘട്ട പരീക്ഷണം നടത്തിയത്. 90% രോഗികളിലും കാൻസർ മുഴകളുടെ വളർച്ച പൂർണമായും നിലച്ചു. 60%ത്തിലധികം രോഗികളിൽ മുഴകൾ ചുരുങ്ങുകയോ അപ്രത്യക്ഷമാകുകയോ ചെയ്തു. 8% രോഗികളിൽ (12ൽ ഒരാൾക്ക്) സിടി സ്കാനിൽ പോലും കണ്ടെത്താനാകാത്ത വിധം കാൻസർ മുഴകൾ അപ്രത്യക്ഷമായി.
പ്രവർത്തനരീതിയും പ്രതീക്ഷയും
പാൻക്രിയാറ്റിക് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കു കാരണമാകുന്ന 'ആർഎഎസ്' എന്ന ജനിതക വ്യതിയാനങ്ങളെ ലക്ഷ്യം വച്ച് അവയുടെ പ്രവർത്തനം തടയുകയാണ് ഡറാക്സോൺറാസിബ് ചെയ്യുന്നത്. അമേരിക്കയിൽ നേരത്തേ അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നാണിത്. ശ്വാസകോശം, അണ്ഡാശയം തുടങ്ങി സമാനമായ ജനിതകവ്യതിയാനമുള്ള മറ്റു നിരവധി കാൻസറുകളുടെ ചികിത്സയ്ക്കും ഈ മരുന്ന് ഭാവിയിൽ പ്രയോജനപ്പെട്ടേക്കാം.
ഇതുവരെ ചികിത്സിക്കാൻ അസാധ്യമെന്നു കരുതിയിരുന്ന ഒന്നിനെ മരുന്നുകൊണ്ട് നേരിടാനുള്ള വഴിയാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നതെന്ന് കാൻസർ റിസർച്ച് യുകെയിലെ ഡോ. സാം ഗോഡ്ഫ്രെ പ്രതികരിച്ചു. രോഗികൾക്കു കൂടുതൽ ആയുസ് നൽകാൻ ഈ ചികിത്സയിലൂടെ സാധിക്കുമെന്ന് പരീക്ഷണത്തിൽ പങ്കാളിയായ യുഎസിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ ഡോ. വുങ്കി പാർക്കും വ്യക്തമാക്കി.
രോഗത്തിന്റെ തീവ്രത
രോഗം തിരിച്ചറിയാൻ വൈകുന്നതും ചികിത്സ ഫലപ്രദമാകാത്തതും കാരണം അതിജീവന നിരക്ക് ഏറ്റവും കുറഞ്ഞ കാൻസറാണിത്. രോഗം മൂർച്ഛിച്ചവരിൽ ഭൂരിഭാഗം പേരും ഏതാനും മാസങ്ങൾ മാത്രമാണു ജീവിക്കാറുള്ളത്. മഞ്ഞപ്പിത്തം, ചർമത്തിലെ ചൊറിച്ചിൽ, മൂത്രത്തിന് കടുത്ത നിറം, അകാരണമായ ഭാരക്കുറവ്, കടുത്ത ക്ഷീണം, പനി എന്നിവയാണ് പാൻക്രിയാറ്റിക് കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ.
ഒന്നര വർഷത്തോളം രോഗികളെ നിരീക്ഷിച്ചതിന്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രോഗം വീണ്ടും വരാനുള്ള സാധ്യതയും മരുന്നിന്റെ ദീർഘകാല ഫലപ്രാപ്തിയും അറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.