സാൻ ജുവാൻ: വിശ്വസുന്ദരി മത്സരത്തിന്റെ 75-ാം വാർഷികത്തിന് മാറ്റ് കൂട്ടിക്കൊണ്ട് പ്യൂര്‍ട്ടോ റിക്കോയുടെ ജെന്നിഫർ ബരെറ്റോയുടെ ശിരസിലേറിയ ആ അതിമനോഹര കിരീടമാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാവിഷയം. "ദി റേഡിയൻസ് ഓഫ് ആൻ ഇറ്റേണൽ ലെഗസി" (The Radiance of an Eternal Legacy) എന്ന് പേരിട്ടിരിക്കുന്ന ഈ കിരീടം സൗന്ദര്യമത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
നവംബർ 12-ന് പ്യൂര്‍ട്ടോ റിക്കോയിലെ പ്ലാസ ലാസ് അമേരിക്കാസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുതിയ കിരീടം ഔദ്യോഗികമായി അവതരിപ്പിച്ചത്. പ്രശസ്ത വെനസ്വേലൻ ജ്വല്ലറി ഡിസൈനർ ജോർജ് വിറ്റൽസും പാരീസ് ആസ്ഥാനമായുള്ള ഫൈൻ ജ്വല്ലറി ഹൗസായ മെയ്സൺ ഡി ഓറും (Maison d’OR) ചേർന്നാണ് ഈ കിരീടം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. 18 കാരറ്റ് വൈറ്റ് ഗോൾഡിൽ തീർത്ത കിരീടത്തിൽ 3,150 വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്.
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്ന മൂന്ന് പ്രധാന രത്നങ്ങളാണ് കിരീടത്തിന്റെ മധ്യഭാഗത്തുള്ളത്. വരാനിരിക്കുന്ന തലമുറകളിലെ സ്ത്രീശക്തിയെ കൂടി ഇത് അടയാളപ്പെടുത്തുന്നു. ഈ കിരീടം ഒരുക്കിയതോടെ ലോകത്തിലെ മൂന്ന് പ്രമുഖ സൗന്ദര്യമത്സരങ്ങൾക്ക് (മിസ് യൂണിവേഴ്സ്, മിസ് ഗ്രാൻഡ് ഇന്റർനാഷണൽ, മിസ് സുപ്രാനാഷണൽ) കിരീടം ഡിസൈൻ ചെയ്ത ലോകത്തിലെ ഏക വ്യക്തിയെന്ന അപൂർവ്വ റെക്കോർഡും ജോർജ് വിറ്റൽസ് സ്വന്തമാക്കി.
പഴയ കിരീടത്തിന് വിട
2024-ൽ നടന്ന 73-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ അവതരിപ്പിച്ച 'ലൂമിയർ ഡി എൽ ഇൻഫിനി' (Light of Infinity) എന്ന കിരീടത്തിന് പകരമായാണ് പുതിയ കിരീടം എത്തിയത്. പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജുവൽമറുമായി (Jewelmer) സഹകരിച്ച് ഫിലിപ്പീൻസിലെ കലാകാരന്മാർ കൈകൊണ്ട് നിർമിച്ചതായിരുന്നു മുൻ കിരീടം.
വിശ്വസുന്ദരി പട്ടം നേടിയ ജെന്നിഫർ ബരെറ്റോയ്ക്ക് ഒരു വർഷക്കാലത്തെ ഔദ്യോഗിക പരിപാടികളിൽ ഈ വജ്രക്കിരീടം അണിയാൻ സാധിക്കുമെങ്കിലും, കാലാവധി കഴിയുമ്പോൾ കിരീടം സംഘാടകർക്ക് തിരികെ നൽകണം എന്നതാണ് ചട്ടം. 75 വർഷത്തെ പാരമ്പര്യത്തിന്റെ പ്രതീകമായി മാറിയ ഈ കിരീടം സ്വന്തം മണ്ണിൽ വെച്ചുതന്നെ അണിയാൻ സാധിച്ചതിന്റെ ഇരട്ടിമധുരത്തിലാണ് പ്യൂര്‍ട്ടോ റിക്കോയുടെ പുതിയ വിശ്വസുന്ദരി.