സിയൂൾ: ഉത്തരകൊറിയയിൽ ക്രൈസ്തവർക്കെതിരേ കിം ജോംഗ് ഉൻ ഭരണകൂടം അതിക്രൂരമായ അടിച്ചമർത്തലുകൾ തുടരുന്നതായി മനുഷ്യാവകാശ റിപ്പോർട്ട്. വിശ്വാസത്തിന്റെ പേരിൽ ചാരവൃത്തിക്കും ക്രൂരമർദനത്തിനും ജയിൽവാസത്തിനും ഇരയായതായി ഉത്തരകൊറിയയിൽനിന്നു രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയായ "കൊറിയ ഫ്യൂച്ചർ' അഞ്ചു വർഷമെടുത്തു തയാറാക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാജ്യം വിട്ട 570 ഉത്തരകൊറിയക്കാരുടെ മൊഴികളാണ് റിപ്പോർട്ടിലുള്ളത്.
ഉത്തരകൊറിയയിലെ കർശന നിയന്ത്രണങ്ങൾക്കിടയിൽ വിശ്വാസം രഹസ്യമായി സൂക്ഷിക്കാൻ താൻ കണ്ടെത്തിയ വഴികളെക്കുറിച്ച് 44കാരിയായ കിം ബോ ബിൻ വെളിപ്പെടുത്തി. "ഉത്തരകൊറിയയിൽ ഒരു മുറിയിൽ മൂന്നുപേരുണ്ടെങ്കിൽ നിങ്ങൾ നിരീക്ഷിക്കപ്പെടുന്നു എന്നാണ് അർഥം.
അതുകൊണ്ട് ശബ്ദമില്ലാതെ ചുണ്ടനക്കി മാത്രമേ ഞാൻ സ്തുതിഗീതങ്ങൾ പാടിയിരുന്നുള്ളൂ. കൈയടിക്കുന്നതുപോലും രണ്ടു വിരലുകൾ ഉപയോഗിച്ചായിരുന്നു. തറയിൽ കിടക്കുമ്പോൾ മാത്രമേ കണ്ണടച്ചു പ്രാർഥിക്കാൻ സാധിച്ചിരുന്നുള്ളൂ'-കിം പറയുന്നു. ഏതാനും വർഷം മുന്പ് ഉത്തരകൊറിയയിൽനിന്നു രക്ഷപ്പെട്ട കിം ഇപ്പോൾ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിനു സമീപമാണ് താമസിക്കുന്നത്.
ദൈവത്തെ അനുവദിക്കില്ല
മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദമെങ്കിലും തലസ്ഥാനമായ പോംഗ്യാംഗിലുള്ള പള്ളികൾ ഭരണകൂടത്തിന്റെ കർശന നിയന്ത്രണത്തിലുള്ള വെറും പ്രദർശന വസ്തുക്കൾ മാത്രമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. "ഉത്തരകൊറിയൻ നേതാവിന്റെ അധികാരം ദൈവത്തിനു തുല്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു മുകളിൽ അധികാരമുള്ള മറ്റൊരു ദൈവത്തെ അവർ അനുവദിക്കില്ല. മതസ്വാതന്ത്ര്യം ഭരണകൂടത്തിനുതന്നെ ഭീഷണിയാകുമെന്ന് അവർ ഭയപ്പെടുന്നു'-ഡോംഗ് എ സർവകലാശാലയിലെ പ്രഫ. കാംഗ് ഡോംഗ് വാൻ വ്യക്തമാക്കുന്നു.
യുഎൻ കണക്കുകൾ പ്രകാരം ഉത്തരകൊറിയയിൽ രണ്ടു ലക്ഷം മുതൽ നാലു ലക്ഷം വരെ ക്രൈസ്തവർ രഹസ്യമായി വിശ്വാസം പിന്തുടരുന്നുണ്ട്. 2011ൽ കിം ജോംഗ് ഉൻ അധികാരമേറ്റതോടെ നിരീക്ഷണം കൂടുതൽ കടുപ്പിച്ചു. 2020ൽ കൊണ്ടുവന്ന പുതിയ നിയമപ്രകാരം ബൈബിൾ കൈവശം വയ്ക്കുന്നതും പ്രാർഥനായോഗങ്ങൾ നടത്തുന്നതും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മതഗ്രന്ഥങ്ങളോ വീഡിയോകളോ വിതരണം ചെയ്താൽ വധശിക്ഷ വരെ ലഭിക്കാം.
ചരിത്രം മറന്നുള്ള നിയന്ത്രണം
കിന്റർഗാർട്ടൻ തലം മുതൽതന്നെ മതത്തിനെതിരായ പാഠങ്ങൾ കുട്ടികളെ പഠിപ്പിച്ചുതുടങ്ങും. ക്രിസ്തുമതത്തെയും പരമ്പരാഗത വിശ്വാസങ്ങളെയും "അന്ധവിശ്വാസങ്ങൾ' എന്നാണു സ്കൂളുകളിൽ വിശേഷിപ്പിക്കുന്നത്.
രാഷ്ട്രപിതാവ് കിം ഇൽ സുംഗ് ഒരു യാഥാസ്ഥിതിക ക്രിസ്തീയ കുടുംബത്തിലാണു ജനിച്ചതെന്നോ ഒരു കാലത്ത് രാജ്യതലസ്ഥാനമായ പോംഗ്യാംഗ് "കിഴക്കിന്റെ ജറൂസലെം' എന്നാണ് അറിയപ്പെട്ടിരുന്നതെന്നോ അധ്യാപകർ കുട്ടികളോടു പറയാറില്ല. പകരം, ഭരണകൂടത്തോടുള്ള അചഞ്ചലമായ കൂറ് പ്രഖ്യാപിക്കുന്ന പത്ത് തത്വങ്ങൾ കാണാതെ പഠിക്കാനാണു നിർദേശം.
അയൽവാസികളെ നിരീക്ഷിക്കാൻ പൊലിസും രഹസ്യാന്വേഷണ ശൃംഖലയും സജീവമാണ്. വിശ്വാസികളുടെ കുടുംബങ്ങളുടെ വിവരങ്ങൾ തലമുറകളോളം രേഖപ്പെടുത്തിവയ്ക്കുന്നതിനാൽ ഇവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും ഉന്നതവിദ്യാഭ്യാസമോ മികച്ച ജോലിയോ ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ജയിൽവാസവും പീഡനവും
1990കളിലെ കടുത്ത ക്ഷാമകാലത്താണു കിം ബോ ബിൻ ജോലി തേടി ചൈനയിലേക്കു കടന്നത്. അവിടെ വച്ച് നിർബന്ധിത വിവാഹത്തിന് ഇരയായ കിം, തന്റെ കുഞ്ഞിനായി സൗജന്യ സാധനങ്ങൾ വാങ്ങാൻ ഒരു മിഷനറി കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ആദ്യമായി ക്രിസ്തുമതത്തെക്കുറിച്ച് അറിയുന്നത്. 2007ൽ ചൈനയിൽ വച്ച് അറസ്റ്റിലായ കിമ്മിനെ ഉത്തരകൊറിയയിലേക്കു നാടുകടത്തി. ചോദ്യം ചെയ്യലിൽ കഴുത്തിൽ കുരിശ് ധരിച്ചിട്ടുണ്ടോ എന്നായിരുന്നു രഹസ്യ പൊലിസിന്റെ പ്രധാന ചോദ്യം.
ആശുപത്രി കെട്ടിടങ്ങളിൽ കാണുന്ന ചിഹ്നമായി മാത്രമേ കുരിശിനെ അറിയൂവെന്ന് നുണ പറഞ്ഞാണ് അന്നു രക്ഷപ്പെട്ടതെന്ന് കിം ഓർക്കുന്നു. എങ്കിലും 23 ദിവസത്തെ ക്രൂരമർദനത്തിനും മൂന്നു വർഷത്തെ കഠിനതടവിനും അവർ ഇരയായി.
ജയിലിൽ വച്ച് കിം പരിചയപ്പെട്ട ലീ യംഗ് ജൂവിനും സമാനമായ അനുഭവമാണുണ്ടായത്. തടവറയിൽ ആരെങ്കിലും കണ്ണടച്ചാൽ നീ പ്രാർഥിക്കുകയാണോയെന്ന് ആക്രോശിച്ചുകൊണ്ട് കാവൽക്കാർ മർദിക്കുമായിരുന്നുവെന്ന് ലീ പറയുന്നു. ക്രിസ്ത്യാനിയാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയ തടവുകാരുടെ ക്യാമ്പിലേക്ക് അയക്കപ്പെടുകയും അവിടെ വച്ച് കൊല്ലപ്പെടുകയും ചെയ്യുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജയിൽമോചിതരായ ശേഷവും ഇരുവരും രഹസ്യമായി പ്രാർഥനകൾ തുടർന്നു. 2010ൽ ലീയും മകളും 2012ൽ കിമ്മും മകളും ഉത്തരകൊറിയയിൽനിന്ന് ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടു. ഇന്ന് സിയൂളിലെ പള്ളിയിൽ ആരെയും ഭയക്കാതെ ഉറക്കെ സ്തുതിഗീതങ്ങൾ പാടിയാണ് ഇവർ തങ്ങളുടെ പ്രാർഥനകൾ നടത്തുന്നത്.