സാൻ ഫ്രാൻസിസ്കോ: എൻവിഡിയയുടെ പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ബോർഡ് ഡയറക്ടർ എന്നീ പദവികളിലേക്ക് ജെൻസൻ ഹുവാംഗിനെ വീണ്ടും നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആഘോഷവും ട്രോളുകളും നിറയുന്നു. ഹുവാംഗിന്റെ തിരിച്ചുവരവിനെ പ്രശംസിച്ചും, കമ്പനി ആസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് ഭാവനയിൽ കണ്ടും നിരവധി രസകരമായ വീഡിയോകളും മീമുകളുമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.
ചൈനീസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെയും, വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ ഹുവാംഗ് നേരത്തെ രാജിവെക്കുകയും കമ്പനി അത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹുവാംഗുമായി നടത്തിയ തുടർച്ചയായ ചർച്ചകൾക്കൊടുവിൽ അദ്ദേഹത്തെ തിരിച്ചെടുക്കാൻ കമ്പനി ബോർഡ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമെടുക്കുന്നതിന് മുൻപ് മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയിരുന്നതായും എൻവിഡിയ വ്യക്തമാക്കി.
ഇലോൺ മസ്ക്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്ക് മുന്നിൽ ജെൻസൻ ഹുവാംഗ് പ്രസംഗിക്കുന്ന ഒരു എഐ നിർമിത വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "ഞാൻ എങ്ങോട്ടും പോകുന്നില്ല" എന്ന് ഹുവാംഗ് പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്, "ജെൻസൻ ഹുവാംഗ് ഔദ്യോഗികമായി തിരിച്ചെത്തിയിരിക്കുന്നു, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്" എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
ആത്മവിശ്വാസത്തോടെ എൻവിഡിയ ആസ്ഥാനത്തേക്ക് നടന്നുപോകുന്ന ഒരാളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് "ജെൻസൻ ഹുവാങ് ഇന്ന് രാവിലെ എൻവിഡിയ ആസ്ഥാനത്ത് എത്തുന്നു"എന്ന അടിക്കുറിപ്പോടെ മറ്റൊരാൾ രംഗത്തെത്തി. ഡോക്ടറുടെ യൂണിഫോം ധരിച്ച ഒരു പക്ഷി മാസ് എൻട്രി നടത്തുന്ന രസകരമായ വീഡിയോ പങ്കുവെച്ച ഒരു എക്സ് ഉപയോക്താവ്, "ജെൻസൻ ഹുവാംഗിനെ ഔദ്യോഗികമായി തിരിച്ചെടുത്തു. ഇത് വമ്പൻ തിരിച്ചുവരവാണ്" എന്ന് കുറിച്ചു.
ലോകത്തെ പ്രമുഖ എഐ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ തലപ്പത്തേക്കുള്ള ജെൻസൻ ഹുവാംഗിന്റെ അപ്രതീക്ഷിത മടങ്ങിവരവ് ടെക് ലോകത്തും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.