ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കരുതിയ യുദ്ധം, അഞ്ചു വർഷത്തിലേക്കെത്തുമ്പോൾ റഷ്യക്കു നൽകേണ്ടിവന്നതു കനത്ത വില! 2022-ൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട സൈനികരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. മോസ്കോയിൽനിന്നു ചോർന്ന രേഖകൾ പ്രകാരം കുറഞ്ഞത് 4,90,334 സൈനികർക്കു യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടതായാണു വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബെലാറൂസിയൻ ഹാക്കർ ഗ്രൂപ്പായ 'സൈബർ പാർട്ടിസാൻസ് ബിവൈ', യുക്രെയ്നിന്റെ 'സൈലന്റ് ക്രോ' എന്നിവരാണ്, റഷ്യൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ 'റോസ്സ്റ്റാറ്റി'ന്റെ വിവരങ്ങൾ ചോർത്തിയത്. സൈബർ ആക്രമണം നടന്നതായി ഏജൻസി സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സുരക്ഷിതമായ രേഖകളൊന്നും ചോർന്നിട്ടില്ലെന്നായിരുന്നു അവരുടെ വാദം.
2021 മുതൽ 2026 സെപ്റ്റംബർ വരെയുള്ള 1.1 കോടിയിലധികം മരണരേഖകളാണു പരിശോധിച്ചത്. റഷ്യൻ സ്വതന്ത്ര മാധ്യമമായ 'മീഡിയസോണ' ശേഖരിച്ച വിവരങ്ങളും ഏജൻസിയിൽനിന്നു ചോർത്തിയ രേഖകളും വിശകലനം ചെയ്താണു മരണസംഖ്യ കണക്കാക്കിയത്. എന്നാൽ, യഥാർഥ മരണസംഖ്യ അതിലും കൂടുതലാണെന്നാണു സൂചനകൾ. 5,27,295 മുതൽ 6,44,471 വരെയാകാമെന്നാണു റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ.
2025-ൽ റഷ്യയിൽ മരണമടഞ്ഞ 18-24 പ്രായപരിധിയിലുള്ള യുവാക്കളിൽ 65 ശതമാനവും യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. 25-34 പ്രായപരിധിയിലുള്ളവരിൽ ഇത് 59 ശതമാനമാണ്. 45-54 ഇടയിൽ പ്രായമുള്ളവരും മരിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ വർഷം കൊല്ലപ്പെട്ട സൈനികരുടെ ശരാശരി പ്രായം 34 ആയിരുന്നു. തടവുകാരെയും കരാർ സൈനികരെയും ഉൾപ്പെടുത്താൻ തുടങ്ങിയതോടെ 2025 ആയപ്പോഴേക്കും ഇത് 40 ആയി ഉയർന്നു.
ചെറിയ പ്രദേശങ്ങൾ പിടിച്ചെടുക്കാൻപോലും റഷ്യക്കു വലിയ ആൾനാശം നേരിടേണ്ടിവന്നു. 12,000 പേർ താമസിച്ചിരുന്ന പത്തോളം യുക്രെയ്ൻ ഗ്രാമങ്ങളുടെ നിയന്ത്രണത്തിനായുള്ള പോരാട്ടത്തിൽ ഏകദേശം 20,000 റഷ്യൻ സൈനികരാണു കൊല്ലപ്പെട്ടത്. റഷ്യയിലെ ഏറ്റവും ദരിദ്ര മേഖലകളായ കിഴക്കൻ സൈബീരിയയിൽ നിന്നുള്ളവരാണ് യുദ്ധത്തിൽ ഏറ്റവുമധികം കൊല്ലപ്പെട്ടത്.
മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ വൻനഗരങ്ങളിലെ താമസക്കാരേക്കാൾ 20 മുതൽ 25 മടങ്ങുവരെ കൂടുതലാണ് ടൈവ, ബുറിയാറ്റിയ, സബൈകാൽസ്കി ക്രായ് എന്നിവിടങ്ങളിലെ പുരുഷന്മാരുടെ മരണനിരക്ക്. കൂടാതെ, റഷ്യക്കുവേണ്ടി മരിച്ചവരിൽ 1,031 ഉസ്ബെക്ക് പൗരന്മാരും 720 താജിക് പൗരന്മാരും ഉൾപ്പെടെ കുറഞ്ഞത് 5,017 വിദേശികളുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. 2024-ൽ റഷ്യൻ അതിർത്തിയിലേക്കുള്ള യുക്രെയ്ൻ കടന്നുകയറ്റം തടയുന്നതിനിടെ കൊല്ലപ്പെട്ട 2,304 ഉത്തരകൊറിയൻ സൈനികരുടെ വിവരങ്ങൾ ഈ രേഖകളിലില്ലെങ്കിലും ഉപഗ്രഹ ചിത്രങ്ങളിലൂടെയും പ്യോങ്യാങ്ങിലെ പുതിയ സ്മാരകത്തിന്റെ ചിത്രങ്ങളിലൂടെയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
പേരുകൾ ഒഴിവാക്കി പ്രായം, താമസസ്ഥലം, മരിച്ച സ്ഥലം, മരണകാരണം എന്നിവയാണ് റോസ്സ്റ്റാറ്റ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യുക്രെയ്നിലും യുക്രെയ്ൻ സൈന്യം കടന്നുകയറിയ റഷ്യൻ അതിർത്തി പ്രദേശങ്ങളിലും നടന്ന മരണങ്ങളാണ് പ്രധാനമായും വിശകലനം ചെയ്തത്. യുദ്ധമുഖത്തു മരിച്ച 18-65 ഇടയിൽ പ്രായമുള്ള 4,25,174 പുരുഷന്മാരുടെ രേഖകളും, മറ്റു വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 14,093 മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആറുമാസത്തിലധികമായി യുദ്ധമുഖത്ത് കാണാതാവുകയും മൃതദേഹം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കോടതി ഉത്തരവിലൂടെ മരിച്ചതായി രേഖപ്പെടുത്തിയ 51,067 പേരും ചേർത്താണ് 4,90,334 എന്ന കണക്കിലേക്കെത്തിയത്.
2026 ജൂലൈയിലെ കണക്കനുസരിച്ച് യുക്രെയ്നിന് ഏകദേശം 50,000 സൈനികരെ നഷ്ടമായെന്നാണ് പ്രസിഡന്റ് സെലെൻസ്കി വ്യക്തമാക്കിയത്. പൊതുസ്രോതസുകളെ അടിസ്ഥാനമാക്കിയുള്ള 'യുഎ ലോസസ്' വെബ്സൈറ്റ് പ്രകാരം 1,15,952 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായാണു കണക്ക്.1989-ൽ അവസാനിച്ച പത്തുവർഷത്തോളം നീണ്ട അഫ്ഗാൻ യുദ്ധത്തിൽ ഏകദേശം 15,000 സോവിയറ്റ് സൈനികർ മാത്രം കൊല്ലപ്പെട്ട സ്ഥാനത്താണ്, നാല് വർഷവും പത്ത് മാസവും പിന്നിട്ട യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ഇത്രയധികം സൈനികരെ നഷ്ടമായിരിക്കുന്നത്.