ബെയ്ജിംഗ്: പാക്കിസ്ഥാന്റെ പ്രഥമ ബഹിരാകാശ സഞ്ചാരിയെന്ന ബഹുമതി വ്യോമസേനാ വിംഗ് കമാൻഡർ മുഹമ്മദ് ഷീഷാൻ അലി സ്വന്തമാക്കി.
അദ്ദേഹമടക്കം മൂന്നു ബഹിരാകാശ സഞ്ചാരികൾ ഇന്നലെ ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ സ്റ്റേഷനിലെത്തി. ചൈനീസ് ബഹിരാകാശ പേടകം സന്ദർശിക്കുന്ന ആദ്യ വിദേശികൂടിയായി അലി.
ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് കേന്ദ്രത്തിൽനിന്നു ലോംഗ് മാർച്ച് റോക്കറ്റിൽ ഘടിപ്പിച്ച ഷെൻഷൗ പേടകത്തിൽ കയറിയ മൂന്നു ബഹിരാകാശ സഞ്ചാരികളും ആറു മണിക്കൂർ യാത്രയ്ക്കുശേഷം ഇന്ത്യൻ സമയം പന്ത്രണ്ടോടെ ടിയാൻഗോംഗ് ബഹിരാകാശ കേന്ദ്രത്തിലെത്തി.
ചൈനീസ് കമാൻഡർ ടാംഗ് ഹോംഗ്ബോ, ഫ്ലൈറ്റ് എൻജിനിയർ വു യി എന്നിവരായിരുന്നു മറ്റ് യാത്രക്കാർ. അലി പേലോഡ് സ്പെഷലിസ്റ്റാണ്. ടിയാൻഗോംഗിൽ താമസിക്കുന്ന മൂന്നു സഞ്ചാരികൾ ഇവരെ സ്വീകരിച്ചു.
നാല്പതുകാരനായ അലി ബഹിരാകാശ യാത്രയ്ക്കു മുന്പ് ഏഴു മാസം ബെയ്ജിംഗിൽ കഠിന പരിശീലനം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി ചൈനീസ് ഭാഷ, പാട്ട്, കവിത, കലിഗ്രഫി എന്നിവയും പഠിച്ചു. ബഹിരാകാശ പേടകത്തിലെത്തിയശേഷം ചൈനീസ് ഭാഷയിലാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്.
അദ്ദേഹത്തിന്റെ നേട്ടം പാക്കിസ്ഥാനിലുടനീളം വലിയ ആഘോഷത്തിനു കാരണമായി.