സന: ഹോർമുസ് കടലിടുക്കിൽ സ്ഥിതി കൂടുതൽ മോശമാകുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടതോടെ മേഖലയിൽ കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്.
കടലിൽ സ്ഥാപിച്ച മൈനുകളിൽ തട്ടിയാണ് കപ്പലുകൾ പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നാലുപേരെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. അമേരിക്കയുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾക്കായി എത്തിയ തീവ്രവാദ സംഘമാണിതെന്ന് റെവല്യൂഷണറി ഗാർഡ് ആരോപിച്ചു. അറസ്റ്റിലായവരിൽ നിന്ന് 52 കലാഷ്നിക്കോവ് റൈഫിളുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.