വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ 18 വയസിൽ താഴെയുള്ള ഓരോ കുട്ടിക്കും രണ്ടു സ്പേസ് എക്സ് ഓഹരികൾ വീതം സൗജന്യമായി നൽകുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ഏകദേശം 1,800 കോടി ഡോളർ (18 ബില്യൺ ഡോളർ) മൂല്യം വരുന്ന ഈ പദ്ധതി, തന്റെ ഉപഗ്രഹ-നിർമിത ബുദ്ധി (എഐ) സംരംഭങ്ങൾക്ക് പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള മസ്കിന്റെ തന്ത്രപരമായ നീക്കമായാണു വിലയിരുത്തപ്പെടുന്നത്.
ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി 10 ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്പേസ് എക്സിന് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷന്റെ അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഓഫർ വരുന്നത്. അമേരിക്കയിലെ 18 വയസിൽ താഴെയുള്ള ഏകദേശം 7.2 കോടി കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ലഭിക്കുന്ന രണ്ട് ഓഹരികളിൽ ഒന്ന് സ്പേസ് എക്സ് കമ്പനിയുടെ വകയായും രണ്ടാമത്തേതു മസ്കിന്റെ വ്യക്തിഗത വിഹിതത്തിൽനിന്നുമാണ് നൽകുന്നത്. സ്പേസ് എക്സ് നൽകുന്ന ഓഹരി അടുത്ത മാസം കൈമാറും. തന്റെ കൈവശമുള്ള ഓഹരികളുടെ ലോക്കപ്പ് കാലാവധി അവസാനിക്കുന്ന അടുത്ത വർഷം ജൂണിലായിരിക്കും വ്യക്തിഗത വിഹിതമായ ഓഹരി കൈമാറുകയെന്ന് മസ്ക് എക്സിലൂടെ വ്യക്തമാക്കി.
നിലവിൽ സജീവമായ ഓരോ 'ട്രംപ് അക്കൗണ്ടിലേക്കും' പുതുതായി പുറത്തിറക്കുന്ന ഒരു ക്ലാസ് എ ഓഹരി നൽകുമെന്ന് സ്പേസ് എക്സ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓഹരിവിപണിയിൽ പങ്കാളിത്തം നൽകുന്നതിനും ചെറുപ്രായത്തിൽ തന്നെ സമ്പാദ്യം വളർത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണു ട്രംപ് അക്കൗണ്ട്. ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഏകദേശം ഏഴു കോടി അക്കൗണ്ടുകൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചത്തെ വിപണി വിലയനുസരിച്ച് (127.44 ഡോളർ) ഈ വാഗ്ദാനത്തിന് ഏകദേശം 1,800 കോടി ഡോളർ മൂല്യമുണ്ട്.
വിമർശനങ്ങളെ മറികടക്കാനുള്ള തന്ത്രമോ?
ടെക്നോളജി ഭീമന്മാരുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും വമ്പൻ ഡാറ്റാ സെന്ററുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും അമേരിക്കയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ മാസം നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡാറ്റാ സെന്റർ വികസനത്തെ എതിർത്തവർ വലിയ വിജയം നേടിയിരുന്നു. കൂടാതെ, ബഹിരാകാശത്തു 10 ലക്ഷം ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള സ്പേസ് എക്സ് പദ്ധതി വാനനിരീക്ഷണത്തെയും രാത്രികാല ആകാശത്തിന്റെ സ്വാഭാവികതയെയും തകർക്കുമെന്ന് അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ തണുപ്പിക്കാനും എഐ-ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ നേട്ടങ്ങളിൽ സാധാരണക്കാരെയും പങ്കാളികളാക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുമാണ് മസ്ക് ശ്രമിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിൽ വലിയൊരു റീട്ടെയിൽ ഓഹരിയുടമ അടിത്തറ ഉണ്ടാക്കിയെടുക്കാൻ ഇത് സ്പേസ് എക്സിനെ സഹായിക്കും.
എഐ ഭീമന്മാരുടെ മത്സരം
നിർമിത ബുദ്ധി (എഐ) മേഖലയിൽനിന്നുള്ള ലാഭം പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിൽ മസ്കും എതിരാളികളായ ആന്ത്രോപിക്കും വ്യത്യസ്ത വഴികളാണു സ്വീകരിക്കുന്നത്. ഈ മാസം ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത ആന്ത്രോപിക്, തങ്ങളുടെ അഞ്ചു ശതമാനം ഓഹരികൾ (ഏകദേശം 5,400 കോടി ഡോളർ മൂല്യം) പൊതുനന്മയ്ക്കായുള്ള പ്രത്യേക ഫണ്ടിലേക്ക് മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആന്ത്രോപിക്കിന്റെ ഈ ജീവകാരുണ്യ പ്രഖ്യാപനത്തിന് മറുപടി നൽകാനും 'ട്രംപ് അക്കൗണ്ടുകൾക്ക്' കൂടുതൽ പ്രചാരം നൽകാനുമാണ് താങ്ക്സ് ഗിവിംഗ് വേളയിൽ മസ്ക് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
നിലവിൽ 82,400 കോടി ഡോളർ ആസ്തിയുള്ള മസ്കിന്റെ കൈവശം സ്പേസ് എക്സിന്റെ 642 കോടി ഓഹരികളാണുള്ളത്. നേരത്തേ സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിൻ ഷോട്ട്വെല്ലും ഭർത്താവും ചേർന്ന് 20 ലക്ഷത്തിലധികം കുട്ടികൾക്ക് ഓഹരികൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
താങ്ക്സ് ഗിവിംഗ് ഡേയിൽ നിർണായക പ്രഖ്യാപനം
അമേരിക്കയിൽ ആചരിക്കുന്ന താങ്ക്സ്ഗിവിംഗ് ദിനത്തിന് തൊട്ടുമുമ്പായിരുന്നു മസ്കിന്റെ ഈ നിർണായക പ്രഖ്യാപനം. അമേരിക്കയിൽ എല്ലാ വർഷവും നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച ആഘോഷിക്കുന്ന ദേശീയ അവധി ദിവസമാണു താങ്ക്സ് ഗിവിംഗ് ഡേ. കഴിഞ്ഞ ഒരു വർഷത്തെ വിളവെടുപ്പിനും ജീവിതത്തിലെ മറ്റ് അനുഗ്രഹങ്ങൾക്കും നന്ദി പറയാനും കുടുംബാംഗങ്ങളോടൊപ്പം ഒത്തുചേരാനുമുള്ള ദിവസമായാണ് ഇത് കണക്കാക്കപ്പെടുന്നത്.