വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, കംബോഡിയ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തായ്വാൻ, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്കാണ് പുതിയ തീരുവ ബാധകമാകുന്നത്.
ഓരോ ഉൽപ്പന്നത്തിനും ബാധകമായ കൃത്യമായ തീരുവ നിരക്കുകൾ യുഎസ് ഫെഡറൽ രജിസ്റ്റർ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം ചൈനയ്ക്കാണ് ഏറ്റവും ഉയർന്ന നികുതിഭാരം. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അമേരിക്കയുമായി വ്യാപാരക്കരാറിൽ ഒപ്പുവെക്കുകയാണെങ്കിൽ ഇന്ത്യയുടെ തീരുവ നിരക്ക് 17 ശതമാനമായി കുറയുമെന്നാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ ഓഫീസ് പുറത്തുവിട്ട പട്ടികയിൽ വ്യക്തമാക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.14 വ്യാപാര പങ്കാളികളിൽ ഏറ്റവും ഉയർന്ന തീരുവ നേരിടേണ്ടിവരുന്നത് ചൈനയ്ക്കാണ്. നേരത്തെയുണ്ടായിരുന്ന 25 ശതമാനം നികുതിക്ക് പുറമെ 20 ശതമാനം കൂടി വർധിപ്പിച്ചതോടെ ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള ആകെ തീരുവ നിരക്ക് 45 ശതമാനമായി ഉയരും. വ്യാപാര ചർച്ചകൾ പൂർത്തിയാകുന്നതുവരെ വിയറ്റ്നാമിനും ചൈനയ്ക്ക് സമാനമായി 20 ശതമാനം അധിക തീരുവ ബാധകമായിരിക്കും.
മറ്റ് വ്യാപാര പങ്കാളികൾക്ക് 10 ശതമാനം മുതൽ 18 ശതമാനം വരെയാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയുടെ പുതിയ തീരുമാനം ആഗോള വ്യാപാര രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.