ന്യൂയോർക്ക്: ലോകമെമ്പാടുമായി മണിക്കൂറിൽ അഞ്ചു സ്ത്രീകൾ വീതം സ്വന്തം പങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ കൈകളാൽ കൊല്ലപ്പെടുന്നതായി യുഎൻ റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം ഏകദേശം 47,000 സ്ത്രീകളും പെൺകുട്ടികളുമാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ മൂന്നിലൊരാൾ എന്ന കണക്കിൽ സ്ത്രീകൾ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ നേരിടുന്നുണ്ടെങ്കിലും വെറും ഏഴു ശതമാനം പേർ മാത്രമാണു പൊലിസിൽ പരാതിപ്പെടാൻ തയാറാകുന്നതെന്നും യുഎൻ വിമൻ പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിനു മുന്നോടിയായി യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈമും യുഎൻ വിമനും സംയുക്തമായി പുറത്തിറക്കിയ ‘2026 ഫെമിസൈഡ് ബ്രീഫ്’ എന്ന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വർഷം ലോകത്താകമാനം നടന്ന 78,000 സ്ത്രീഹത്യകളിൽ 60 ശതമാനത്തിനും പിന്നിൽ ഇവരുടെ പങ്കാളികളോ അടുത്ത ബന്ധുക്കളോ ആണ്.
പങ്കാളികളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നുമുള്ള കൊലപാതകനിരക്ക് ഏറ്റവും കൂടുതൽ ആഫ്രിക്കയിലാണ്.
ശിക്ഷിക്കപ്പെടാത്ത കുറ്റവാളികൾ
54 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് യുഎൻ വിമൻ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏകദേശം 84 കോടി സ്ത്രീകളും പെൺകുട്ടികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ, ഇവരിൽ 23 ശതമാനം പേർ മാത്രമാണ് കുടുംബത്തോടോ അധികാരികളോടോ സഹായം തേടുന്നത്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 63 മുതൽ 97 ശതമാനം വരെ കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് യുഎൻ വിമൻ വിഭാഗം മേധാവി കലിയോപി മിൻഗെയ്റു വ്യക്തമാക്കി. ആവർത്തിച്ചുള്ള ചോദ്യംചെയ്യലുകളും ഭീഷണികളും കാരണം അതിജീവിതർ പിന്മാറുന്നതും അധികാരസ്ഥാനങ്ങളിലുള്ള കുറ്റവാളികൾ രക്ഷപ്പെടുന്നതും പതിവാണെന്നും അവർ പറഞ്ഞു.
ഭീഷണിയായി സൈബർ ഇടങ്ങളും എഐയും
പൊതുരംഗത്തു പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരിൽ 70 ശതമാനം സ്ത്രീകളും ഓൺലൈൻ അതിക്രമങ്ങൾ നേരിടുന്നവരാണ്.
എഐ ഉപയോഗിച്ചു നിമിഷങ്ങൾക്കകം സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങൾ നിർമിക്കാൻ സാധിക്കുന്നത് അവരുടെ ജീവിതത്തെത്തന്നെ വേട്ടയാടുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് ആരംഭിക്കുന്ന 16 ദിവസത്തെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ കാന്പയിനു മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്. അതിജീവിതരെ വിശ്വസിക്കാനും അവരുടെ പരാതികളിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സർക്കാരുകളും പൊലിസും കോടതികളും ടെക് കമ്പനികളും മുന്നോട്ടു വരണമെന്ന് യുഎൻ ആവശ്യപ്പെട്ടു.