നെടുങ്കണ്ടം: ബാലഗ്രാം പനയ്ക്കൽ സിറ്റിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
സേനാപതിയോട് പനയ്ക്കൽ സിറ്റി കാട്ടുപറമ്പിൽ ജേക്കബ് മാത്യു (ജോയൻ-47) ആണ് മരിച്ചത്. എതിർദിശയിൽനിന്നെത്തിയ കാറിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്നുപേർക്കു പരിക്കേറ്റു.
പുഷ്പക്കണ്ടം കിഴക്കേടത്ത് സോണി ആഗസ്തി (32), ഭാര്യ ജയ്സിലി ജയിംസ് (20), ആറുമാസം പ്രായമുള്ള മകൾ ഐറ എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം സോണിയെയും ഭാര്യയെയും വിട്ടയച്ചു. കുഞ്ഞിനെ തുടർചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. ജോയൻ സഞ്ചരിച്ചിരുന്ന കാർ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിൽ ഇടിച്ചശേഷം എതിർദിശയിൽനിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജേക്കബ് മാത്യുവിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൂസമ്മയാണു ഭാര്യ. മക്കൾ: സോജിൻ, സോജ. നെടുങ്കണ്ടം പൊലിസ് കേസെടുത്തു.