തിരുവനന്തപുരം: കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ലഭിക്കാനുള്ള 138.42 കോടിയിലധികം രൂപയുടെ ഓഡിറ്റ് ഫീസ് കുടിശിക അടിയന്തരമായി തീർപ്പാക്കാൻ ധനകാര്യ വകുപ്പ് മുന്നറിയിപ്പ്.
വിവിധ ഭരണവകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ദേവസ്വം ബോർഡുകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് ഓഡിറ്റ് ചാർജും ഫീസും അടയ്ക്കാനുള്ളത്. അടിയന്തരമായി തീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ മറ്റു വഴികളിലൂടെ ഈടാക്കുമെന്നും ചൂണ്ടിക്കാട്ടി ധനവകുപ്പ് വകുപ്പ് മേധാവികള്‍ക്കു നിര്‍ദേശം നല്കി.
കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്റ്റ്, 1994 ന്റെ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും നിയമപരമായ ഓഡിറ്ററാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ്. തങ്ങളുടെ ഓഡിറ്റിന് വിധേയമാകുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വലിയൊരു തുക ലഭിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഓഡിറ്റ് വകുപ്പ് ധനവകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ധനവകുപ്പിന്റെ ഇടപെടല്‍.
കുടിശികയായ തുക മൂന്നു മാസത്തിനുള്ളില്‍ അടയ്ക്കണമെന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ തുക അടയ്ക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങളില്‍നിന്ന് അവര്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുകളില്‍ നിന്നോ മറ്റു ഫണ്ടുകളില്‍നിന്നോ കുടിശിക ഈടാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഗ്രാന്റിന്റെ പ്രതിമാസ ഗഡുക്കളില്‍ നിന്ന് ഈ കുടിശിക ഈടാക്കും. ഗ്രാന്റുകളില്‍ നിന്ന് തുക ഈടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയമപരമായി അനുവദനീയമായ മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പും സര്‍ക്കുലറില്‍ പറയുന്നു.
ഓഡിറ്റ് ഫീ കൃത്യമായി കുടിശിക ഇല്ലാതെ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു നിരീക്ഷണ സംവിധാനവും ധനവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സെപ്റ്റംബറിലും അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകള്‍ ധനകാര്യ വകുപ്പിന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മൊത്തം ആവശ്യപ്പെടുന്ന തുക, പിരിച്ചെടുത്ത തുക, ബാക്കി നില്ക്കുന്ന തുക, കുടിശികയുടെ കാലയളവ്, സ്വീകരിച്ച നടപടികള്‍, നിലനില്‍ക്കുന്ന തടസങ്ങള്‍, തുടര്‍നടപടികള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.
ഈ വിവരങ്ങള്‍ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന്റെ രേഖകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തണം. ഏറ്റവും പുതിയ പണമടയ്ക്കലുകളും വീണ്ടെടുക്കലുകളും ഉപയോഗിച്ച് ഓരോ സ്ഥാപനത്തിന്റെയും ഡിസിബി നില അപ്ഡേറ്റ് ചെയ്യാനും അതു ബന്ധപ്പെട്ട വകുപ്പുകളുമായും ധനകാര്യ വകുപ്പുമായും പങ്കിടാനും സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനോടും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഡിറ്റ് ഫീ കൃത്യസമയത്ത് അടയ്ക്കുന്നതിനും കുടിശിക ഒഴിവാക്കുന്നതിനും ഓരോ സ്ഥാപനത്തിന്റെയും മേധാവി ഉത്തരവാദിയായിരിക്കും.
ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഭരണവകുപ്പ് ആവശ്യപ്പെടുമ്പോള്‍ സമര്‍പ്പിക്കേണ്ടതാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ഓഡിറ്റ് ഫീ കുടിശികകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഭരണവകുപ്പുകള്‍ അവലോകനം ചെയ്യണം. കുടിശിക പിരിച്ചെടുക്കുന്നതിലെ പുരോഗതിയും കാലതാമസമുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങളും പരിശോധിക്കണമെന്നും സര്‍ക്കുലറിലുണ്ട്.