കൊച്ചി: സൈബർ തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്ന മാഫിയാ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. പള്ളുരുത്തി സ്വദേശി വിപിൻ വിൻസെന്റ്, കുമ്പളങ്ങി സ്വദേശി അജിത് വർഗീസ്, പാലക്കാട് സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി സൈബർ പൊലിസും സൈബർ ഡോമും സംയുക്തമായി നടത്തിയ സൈബർ പട്രോളിംഗിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തിയത്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതിനിടെ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് വ്യക്തമാക്കി.