കൊച്ചി: ബെൻസ് കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച 17കാരന്റെ പിതാവായ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരേ നിയമപരമായ നടപടി ആവശ്യപ്പെട്ട് മകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനു പരാതി നല്കി.
ഇന്നലെ അഭിഭാഷകനൊപ്പം ഹൈക്കോടതിയിലെത്തിയാണ് മകൾ പരാതി കൈമാറിയത്. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം പരാതി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ ജനറല്‍ ജി. ഗോപകുമാര്‍ അറിയിച്ചു.
സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണം, ചേരാനെല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണം, പൊലിസ് നടപടികളില്‍ അന്വേഷണം വേണം തുടങ്ങിയവയടങ്ങുന്ന പരാതി ചീഫ് ജസ്റ്റീസിനു കൈമാറണമെന്ന് മക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ തീരുമാനം അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഉണ്ടാകൂവെന്നാണ് അറിയുന്നത്.
17കാരന് കാറെടുത്തുകൊണ്ടു പോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിലടക്കം വ്യക്തത വരുത്താനായി അന്വേഷണറിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചംഗ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.